
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രതിസന്ധികളിലൂടെയായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ (Krishna Kumar) കുടുംബം കടന്നു പോയത്. വിഷമഘട്ടങ്ങളെയെല്ലാം കൃഷ്ണകുമാറിന്റെ കുടുംബം ഒറ്റക്കെട്ടോടെയാണ് നേരിട്ടത്. ഇപ്പോഴിതാ തന്റെ 57-ാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ.
ഈ 57-ാമത്തെ വയസിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധിയിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്ന് അദ്ദേഹം കുറിച്ചു. ഈ ഒരനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്.
അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷമായിരുന്നു അതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. തകർന്നു എന്ന് തോന്നിയിടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എല്ലാവർക്കും നന്ദിയെന്നും കൃഷ്ണകുമാർ കുറിച്ചിട്ടുണ്ട്.
കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് എനിക്ക് 57 വയസ്സ്.. ഈ പിറന്നാളിന് സുഖവും സൗന്ദര്യവും അല്പം കൂടുതലാണ്. ഒരു പുതിയ ജന്മം ആരംഭിച്ച തോന്നൽ..
ജീവിതത്തിൽ നല്ലതും അത്ര നല്ലതല്ലാത്തതുമായ ഒരുപാടു സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടിട്ടുണ്ട്. അന്ന് പ്രയം കുറവായിരുന്നു. ഇന്നത്തേതിനേക്കാൾ ആരോഗ്യമുണ്ടായിരുന്നു. അതിനാൽ അന്ന് അത് എളുപ്പം തരണം ചെയ്തു..
ഇന്ന് ഈ 57 മത്തെ വയസ്സിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പ്രതിസന്ധിയിലൂടെ ആണ് ഞാനും കുടുംബവും കടന്നുപോയത്.. FIR ൽ ഇട്ട വകുപ്പുകൾ കടുപ്പമേറിയതായിരുന്നു. 36 കൊല്ലം മുൻപ് ദൂരദർശനിലൂടെ മാധ്യമരംഗത്തുന്നു ജീവിതമാരംഭിച്ച എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിട്ടും ചില ചാനലുകൾ സത്യം എന്തെന്ന് അന്വേഷിക്കാതെ രണ്ടുമൂന്നു മണിക്കൂർ ഞങ്ങളെ പ്രതിസ്ഥാനത്തു നിർത്തി പറയാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോയി.
പ്രത്യേകിച്ച് ദിയയെ. പക്ഷേ കേരള സമൂഹം ഒന്നടങ്കം ശരിയേതെന്നു തിരിച്ചറിഞ്ഞു ഞങ്ങൾക്കനുകൂലമായി പ്രതികരിച്ചപ്പോൾ എല്ലാം മാറി മറിഞ്ഞു. ഈ ഒരു അനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു..ഞങ്ങളുടെ കുടുംബം അനുഗ്രഹീതമാണ്.
ഭൂമിയിൽ ഇന്നും ബഹുഭൂരിപക്ഷം പേരും സത്യത്തിന്റെ ഭാഗത്താണ്. ശക്തരായ സുഹൃത്തുക്കൾ എനിക്കുണ്ട്. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്. കേരള സമൂഹത്തിന്റെ പക്വത അഭിനന്ദനാർഹമാണ്. അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം.
ഇനിയും പലതും പറയാനുണ്ട്. വലിച്ചു നീട്ടുന്നില്ല. ഇത്രയും കാലം ആരോഗ്യത്തോടെ ഇവിടെ ജീവിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി. തകർന്നു എന്നു തോന്നിയിടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എന്റെ പ്രിയ സഹോദരീ സഹോദരങ്ങൾക്കും എന്റെ നന്ദി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates