
തെലുങ്ക് സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ)യുടെ അഖണ്ഡ 2 -താണ്ഡവം (Akhanda 2- Thaandavam). കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. ബാലയ്യയുടെ 65-ാം പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടീസറിലെ ബാലയ്യയുടെ ഗെറ്റപ്പും മാസ് ആക്ഷൻ രംഗങ്ങളുമൊക്കെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ടീസറിലെ ചില രംഗങ്ങൾ വൻ ട്രോളുകൾക്കും വഴിവച്ചു. കാലമിത്രയായിട്ടും ഇത്തരം കോമാളിത്തരങ്ങൾ ഇനിയും നിർത്താറായില്ലേ എന്നായിരുന്നു ബാലയ്യയ്ക്ക് നേരെ ഉയർന്ന പ്രധാന വിമർശനം. ബാലയ്യ പണ്ട് ഒഴിവാക്കിയ ഓവർ ദ് ടോപ്പ് ഫൈറ്റുകൾ അഖണ്ഡ 2 വിൽ എത്തിയതാണ് ട്രോളൻമാർ ഏറ്റെടുക്കാൻ കാരണമായി മാറിയത്.
അതേസമയം 2021ല്‍ പുറത്തിറങ്ങിയ അഖണ്ഡയുടെ തുടര്‍ച്ചയായാണ് ചിത്രം ഒരുങ്ങുന്നത്. ആന്ധ്രയിൽ നിന്ന് മാത്രം ചിത്രം 100 കോടി കളക്ട് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ അഖണ്ഡ 2 വിന്റെ ബജറ്റിനേക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 25 നാണ് റിലീസിനെത്തുക.
180- 200 കോടി ബജറ്റിലാണ് അഖണ്ഡ 2 ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബാലയ്യയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ബജറ്റിലൊരുങ്ങുന്ന ചിത്രമായി മാറിയിരിക്കുകയാണ് അഖണ്ഡ 2. 14 റീൽസ് പ്ലസിന്റെ ബാനറിൽ റാം അചന്തയും ഗോപിനാഥ് അചന്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബാലയ്യയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങും ആയിരിക്കും അഖണ്ഡ 2 എന്നാണ് പുറത്തുവരുന്ന വിവരം.
സംയുക്ത മേനോൻ, പ്രഗ്യ ജെയ്‌സ്വാൾ എന്നിവരാണ് രണ്ടാം ഭാഗത്തിൽ നായികമാരായെത്തുന്നത്. ചിത്രത്തിൽ ബാലയ്യ ഡബിൾ റോളിലാണ് എത്തുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ ഇരട്ടി മാസ് രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
എസ് തമൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. അതേസമയം പവൻ കല്യാൺ നായകനാകുന്ന ഒജിയും സെപ്റ്റംബർ അഞ്ചിനാണ് റിലീസിനെത്തുക. ദസറയ്ക്ക് തെലുങ്ക് ബോക്സോഫീസിൽ ബാലയ്യയും പവൻ കല്യാണും നേർക്കുനേർ എത്തുന്നതോടെ ആരാധകരും ആവേശത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates