'കാമറയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല'; 27 വർഷത്തിനു ശേഷം അർബാസ് ഖാനൊപ്പം വൻ തിരിച്ചുവരവിനൊരുങ്ങി ധർമേന്ദ്ര

നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
Dharmendra
ധർമേന്ദ്ര, അർബാസ് ഖാൻ (Dharmendra)ഇൻസ്റ്റ​ഗ്രാം
Updated on
2 min read

1960 ൽ പുറത്തിറങ്ങിയ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെ ബോളിവുഡിന് ഒരു പുതിയ നായകനെ ലഭിച്ചു. ആ നായകന്റെ പേരാണ് ധർമേന്ദ്ര (Dharmendra). അധികം വൈകാതെ തന്നെ വൈവിധ്യമാർന്ന ഒട്ടേറെ വേഷങ്ങളിലൂടെ അ​ദ്ദേഹം സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ഇപ്പോഴിതാ 'മേനേ പ്യാർ കിയ ഫിർ സേ' എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് തിരികെയെത്തിയിരിക്കുകയാണ് ധർമേന്ദ്ര.

നടൻ അർബാസ് ഖാനൊപ്പമാണ് ധർമേന്ദ്രയുടെ തിരിച്ചുവരവ്. നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 1998 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'പ്യാർ കിയാ തോ ഡർണാ ക്യാ' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. കാമറയില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിനേക്കുറിച്ച് ധർമേന്ദ്ര പറയുന്നത്. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഈ ഊർജ്ജം, അതിപ്പോൾ സിനിമ അല്ലെങ്കിൽ കാമറ എന്ന പേര് വരുമ്പോൾ, ഞാൻ ഒരു സിംഹമായി മാറും. കാമറ എന്നെ സ്നേഹിക്കുന്നു, ഞാൻ കാമറയെ സ്നേഹിക്കുന്നു. സത്യം പറഞ്ഞാൽ, എനിക്ക് കാമറയില്ലാതെ ജീവിക്കാൻ കഴിയില്ല".- ധർമേന്ദ്ര പറഞ്ഞു.

"അർബാസ് നല്ലൊരു വ്യക്തിയാണ്, മനോഹരമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതുപോലെ വളരെ നല്ലൊരു കലാകാരനാണ്. വർഷങ്ങൾക്ക് മുൻപ് ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. 'പ്യാർ കിയാ തോ ഡർണാ ക്യാ' എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു... 'മേനേ പ്യാർ കിയാ ഫിർ സേ'യുടെ കഥയും വളരെ മികച്ചതാണ്.

എനിക്ക് നല്ലൊരു കഥ കിട്ടി, അതിൽ അർബാസുമുണ്ട്, ഞാനുമുണ്ട്. പിന്നെ ഞങ്ങളുടെ കുറേ പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരവും ലഭിക്കും". ധർമ്മേന്ദ്ര പറഞ്ഞു. ചിത്രത്തിലെ താൻ അവതരിപ്പിക്കുന്ന കേണൽ അജയ് സിങ് എന്ന കഥാപാത്രത്തെക്കുറിച്ചും ധർമേ​ന്ദ്ര പങ്കുവച്ചു.

"ഇന്ത്യയെ നമ്മൾ അമ്മയെന്നാണ് വിളിക്കുന്നത്. എന്നാൽ നമ്മൾ ഒരു അമ്മയായി പലപ്പോഴും കണക്കാക്കാറില്ല. പക്ഷേ ഞാൻ ഇന്ത്യയെ ഒരു അമ്മയായി കരുതുന്നു. ആ വികാരം സ്വയം ഉള്ളിൽ നിന്ന് ഉണ്ടാകുന്നതാണ്, അത് നമ്മുടെ അമ്മയാണ്. ഈ അമ്മയെ സംരക്ഷിക്കുക, സന്തോഷിപ്പിക്കുക ഇവിടെ എല്ലായിടത്തും സ്നേഹമുണ്ട്.

ഞാനൊരു നടനാണ്, പക്ഷേ അതിനേക്കാളുപരി ഞാനൊരു മനുഷ്യനാണ്. എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത് എന്താണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. എന്നാൽ ഇന്ന് ഞാൻ എന്തായിരുന്നാലും അതവരുടെ സമ്മാനമാണ്".- ധർമേന്ദ്ര പറഞ്ഞു.

മേനേ പ്യാർ കിയ ഫിർ സേ ഒരു ഫാമിലി ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തുക. സബിർ ഷെയ്ഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി റോഡ്രിഗസാണ് ചിത്രം നിർമിക്കുന്നത്. അടുത്തിടെ മുംബൈയിൽ വച്ച് ചിത്രത്തിന്റെ ലോ‍ഞ്ച് നടന്നിരുന്നു.

രാജ്പാൽ യാദവ്, വിദ്യാ മലവാഡെ, ഗണേഷ് ആചാര്യ, കങ്കണ ശർമ്മ, സുധാകർ ശർമ്മ, വിജയ് മദായെ, ചീത യജ്ഞേഷ് ഷെട്ടി, ഉദിത് നാരായൺ, സോനു ബഗ്ഗദ് തുടങ്ങി നിരവധി പ്രമുഖർ സിനിമയുടെ ലോഞ്ചിങ്ങിനെത്തിയിരുന്നു. ദിലീപ് സെൻ, സമീർ സെൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ഈ വർഷം നവംബറിൽ ചിത്രം റിലീസിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com