'തെലുങ്ക് പ്രേക്ഷകർ അങ്ങനെയാണ്'; സിനിമകൾ സൂപ്പർ ഹിറ്റ് ആകുന്നതിന്റെ കാരണം പറഞ്ഞ് മോഹൻലാൽ‌

പണ്ട് കാലങ്ങളിൽ ഒരുപാട് തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളൊക്കെ ഡബ്ബ് ചെയ്ത് വരുമായിരുന്നു.
Mohanlal
മോഹൻലാൽ‌ (Mohanlal) വിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

മോഹൻലാൽ (Mohanlal) അതിഥി വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്‍റസി ഡ്രാമയായാണ് പ്രേക്ഷകരിലേക്കെത്തുക. യുവ താരം വിഷ്ണു മഞ്ചു നായകനാവുന്ന ചിത്രം നിര്‍മിക്കുന്നത് അദ്ദേഹത്തിന്‍റെ പിതാവും തെലുങ്കിലെ പ്രശസ്ത നടനും നിര്‍മാതാവുമായ മോഹന്‍ ബാബുവാണ്. മോഹന്‍ലാലിന് ഏറെ അടുപ്പമുള്ള കുടുംബമാണ് ഇവരുടേത്. ശനിയാഴ്ച കൊച്ചിയിൽ വച്ച് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നിരുന്നു.

ട്രെയ്‍ലർ ലോഞ്ചിനിടെ മോഹൻലാൽ കണ്ണപ്പയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. "ഇതൊരു മലയാള സിനിമ അല്ല, ഒരു തെലുങ്ക് സിനിമ തുടങ്ങിയിട്ട് അത് നമ്മുടെ കേരളത്തിലേക്ക് വരുകയാണ്. പണ്ട് കാലങ്ങളിൽ ഒരുപാട് തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളൊക്കെ ഡബ്ബ് ചെയ്ത് വരുമായിരുന്നു. ഇപ്പോൾ സിനിമയുടെ സ്ക്രീനിങ് സിസ്റ്റമെല്ലാം മാറി.

ഒരു പാൻ ഇന്ത്യൻ രീതിയിലേക്ക് സിനിമകൾ മാറി. മലയാളത്തിൽ നിന്നും അത്തരം സിനിമകളെടുക്കാൻ നമ്മൾ ശ്രമിക്കുന്നുണ്ട്. ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോളം രസകരമായ ഒരനുഭവമായിരുന്നു. ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്ന വിധം, നിങ്ങൾ കണ്ടതൊന്നുമല്ല. അതിലെ ആക്ഷൻ രം​ഗങ്ങൾ, പാട്ടുകൾ, ഡാൻസ് ഒരു കൊമേഴ്സ്യൽ ഫിലിമിലൂടെയാണ് ഈ കഥ പറഞ്ഞിരിക്കുന്നത്.

എനിക്ക് പ്രത്യേകിച്ച് പറയാൻ‌ വാക്കുകളൊന്നുമില്ല, കാര്യം എന്നെക്കുറിച്ചാണ് ഇവിടെയെല്ലാവരും സംസാരിച്ചു കൊണ്ടിരുന്നത്, കണ്ണപ്പയെ കുറിച്ചല്ല. ഒരുപാട് സന്തോഷം, ഒരു ഇൻഡസ്ട്രി ഒരു കുടുംബം പോലെ പോകുമ്പോഴാണ് അതിന് ഒരുപാട് നന്മകൾ ഉണ്ടാകുന്നത്. ഒരു പാൻ ഇന്ത്യൻ ഫിലിം എന്ന് പറയുന്നത് ഇങ്ങനെയാണ്. നമ്മുടെ നാട്ടിലുള്ള, അല്ലെങ്കിൽ എല്ലാ ഭാഷകളിലുമുള്ള അഭിനേതാക്കളെല്ലാം ഒരുമിച്ച് ഒരു വലിയ സിനിമ ചെയ്യുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചതിനും ഇത്തരമൊരു റോൾ തന്നതിനും മോഹൻബാബു സാറിന് നന്ദി. എല്ലാവർക്കും നന്ദി. കണ്ണപ്പ എന്ന് പറയുന്നത് ഒരു ശിവ ഭക്തന്റെ കഥയാണ്. എന്നെ സംബന്ധിച്ചിടത്തോളം അവിടെപ്പോയി ഷൂട്ട് ചെയ്യുക, ഇതുപോലെ പ്രസിദ്ധമായ സിനിമയിൽ അഭിനയിക്കുക എന്നത് ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്കൊരു അം​ഗീകാരമാണ്. എനിക്കേറ്റവും ബഹുമാനവും സ്നേഹവുമുള്ളൊരു കുടുംബമാണ് മോഹൻ ബാബുവിന്റേത്. അവരുടെ സ്നേഹവും ബഹുമാനവുമൊക്കെ അനുഭവിച്ചറിഞ്ഞയാളാണ് ഞാൻ.

സിനിമയെന്നതിലുപരി ഒരു കുടുംബമായാണ് ഞങ്ങൾ ജീവിക്കുന്നത്, കാണുന്നത്, സംസാരിക്കുന്നത്. എന്തായാലും കണ്ണപ്പ മികച്ചൊരു അനുഭവമാകട്ടെ, ഒരു വിഷ്വൽ എക്സ്പീരിയൻസ് ആകട്ടെ. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയാണ് തെലുങ്ക് ഇൻഡസ്ട്രി. ഏറ്റവും കൂടുതൽ സിനിമയെ സ്നേഹിക്കുന്ന ആൾക്കാരാണ്. അവിടുത്തെ സിനിമകൾ 99 ശതമാനവും പരാജയപ്പെടാറില്ല. കാരണം അവിടുത്തെ പ്രേക്ഷകർ സിനിമയെ അത്രയധികം ബ​ഹുമാനിക്കുന്നു, അവർ എങ്ങനെയെങ്കിലും ആ സിനിമയെ വിജയത്തിലെത്തിക്കാനായി ശ്രമിക്കുന്നു.

അങ്ങനെയൊരു ഇൻഡസ്ട്രിയിൽ നിന്ന് അവർ ഒരു വലിയ സിനിമയെടുത്തു. ഒരുപാട് വർഷത്തെ പ്ലാനിങ് ആണ് ഈ സിനിമ. ന്യൂസിലാൻഡിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇത്രയധികം ആളുകളുമായി രണ്ടും മൂന്നും പ്രാവശ്യം അവിടെപ്പോയാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. അപ്പോൾ അത്ര കഷ്ടപ്പെട്ട് ഒരു സിനിമ ചെയ്ത് അത് മൊഴിമാറ്റം ചെയ്ത് തെലുങ്ക് പ്രേക്ഷകർ കാണുന്നതു പോലെ ഇന്ത്യയിലെ മറ്റ് ഭാഷകളിലുള്ളവർ കാണണമെന്ന സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുറത്തുകൊണ്ടുവന്ന സിനിമയാണ്.

അത് മൊഴിമാറ്റം ചെയ്ത് മലയാളത്തിലേക്ക് വരുകയാണ്. ഒരു സിനിമയെ വിജയിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്. അങ്ങനെ സംഭവിക്കട്ടെ, ഈശ്വരന്റെ അനു​ഗ്രഹം കണ്ണപ്പയ്ക്ക് ഉണ്ടാകട്ടെ. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി".- മോഹൻലാൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com