ജന്മം നല്‍കിയല്ല, കര്‍മ്മം കൊണ്ട് അച്ഛനായവര്‍; ഫാദേഴ്‌സ് ഡേയില്‍ 'നല്ലച്ഛന്മാരുടെ' സിനിമകള്‍

കര്‍മ്മം കൊണ്ട് നല്ലച്ഛന്മാരായവരുടെ കഥ പറയുന്ന സിനിമകളിലൂടെ
Gifted
Father's Day Moviesഇന്‍സ്റ്റഗ്രാം

എന്താണ് ഒരാളെ അച്ഛനാക്കുന്നത്? ജന്മം നല്‍കിയതു കൊണ്ട് മാത്രം അച്ഛനാകുമോ? ബയോളജിക്കല്‍ ഫാദര്‍ ആകുന്നതു കൊണ്ട് മാത്രം ഒരു കുഞ്ഞിന്റെ അച്ഛനാകുന്നില്ല. കര്‍മ്മം കൊണ്ടു കൂടി അച്ഛനാകണം. മക്കള്‍ക്ക് താങ്ങും തണലുമാകുന്നതിനൊപ്പം അവര്‍ക്ക് സ്വപ്‌നങ്ങള്‍ നട്ടുവളര്‍ത്താനുള്ള നിലവും പറയുന്നുയരാനുള്ള ചിറകുമാകണം. അതിന് പലപ്പോഴും ജന്മം നല്‍കണമെന്നില്ലെന്ന് കാണിച്ചു തരുന്ന ചില സിനിമകളുണ്ട്.

മക്കളോടുണ്ടാകേണ്ട കരുതല്‍, വൈകാരികമായ അടുപ്പം, വിധിക്കലുകളെ ഭയക്കാതെ മനസ് തുറക്കാനുള്ള ഇടമൊരുക്കേണ്ടതിന്റെ ആവശ്യകത, കുട്ടികളെങ്കിലും അവരിലെ വ്യക്തിത്വത്തെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ഒക്കെ മനോഹരമായി അവതരിപ്പിക്കാന്‍ സാധിച്ച സിനിമകളുണ്ട്. ജന്മം കൊണ്ടല്ലാതെ, കര്‍മ്മം കൊണ്ട് നല്ലച്ഛന്മാരായവരുടെ കഥ പറയുന്നവ. ഈ ഫാദേഴ്‌സ് ഡേയില്‍ (Father's Day) അങ്ങനെ ചില സിനിമകളിലൂടെ.

1. ഗിഫ്റ്റഡ്

Gifted
Gifted ഇന്‍സ്റ്റഗ്രാം

2017 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഗിഫ്റ്റഡ്. ക്യാപ്റ്റന്‍ അമേരിക്കയായി ആരാധകരുടെ മനസില്‍ ഇടം നേടിയിട്ടുള്ള ക്രിസ് എവന്‍സും മക്കെന്ന ഗ്രേസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. മാര്‍ക്ക് വെബ്ബ് ഒരുക്കിയ സിനിമ സംസാരിക്കുന്നത് മാമനും അനന്തിരവളും തമ്മിലുള്ള അടുപ്പത്തിന്റെ കഥയാണ്. ജനിച്ചപ്പോഴെ അമ്മയെ നഷ്ടപ്പെട്ട മേരിയെ തന്റെ മകളായി വളര്‍ത്തുകയാണ് ഫ്രാങ്ക്. തന്റെ കരിയറും വ്യക്തി ജീവിതവുമെല്ലാം അതിനായി അയാള്‍ മാറ്റി വച്ചു. ക്രിസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട സിനിമ. കുഞ്ഞുമേരിയായുള്ള മക്കെന്നയുടെ പ്രകടനം അതിമനോഹരവും പക്വതയുള്ളതുമാണ്. സന്തോഷത്താല്‍ കണ്ണുനിറയ്ക്കുന്ന സിനിമ ഒരിക്കല്‍ കണ്ടാല്‍ മനസില്‍ നിന്നിറങ്ങില്ല. കുഞ്ഞുങ്ങളിലെ വ്യക്തിത്വത്തെ അംഗീകരിക്കേണ്ടതിനെക്കുറിച്ചും അവരുമായുള്ള കമ്യൂണിക്കേഷന്‍ എത്തരത്തിലായിരിക്കണമെന്നുമൊക്കെ ചിത്രം കാണിച്ചു തരുന്നു.

2. ബണ്ണി ഡ്രോപ്

Bunny Drop
Bunny Dropവീഡിയോ സ്‌ക്രീന്‍ഷോട്ട്

ഉസാഗി ഡ്രോപ് എന്ന ജാപ്പനീസ് മാംഗ സീരീസിന്റെ സിനിമ പതിപ്പാണ് ബണ്ണി ഡ്രോപ്. മരിച്ചു പോയ തന്റെ മുത്തച്ഛന്റെ ആറ് വയസുള്ള മകളെ, അതായത് തന്റെ ഇളയമ്മയെ ഏറ്റെടുത്ത് വളര്‍ത്തേണ്ടി വരുന്ന ഡാക്കിച്ചിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അസാധാരണമായൊരു ബന്ധത്തിന്റെ കഥ പറയുന്ന സിനിമ ഡാക്കിച്ചിയ്ക്കും റിന്നിനുമിടയിലെ അടുപ്പം മനോഹരമായാണ് അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ ഹീറോസ് പലപ്പോഴും നിശബ്ദമായ യുദ്ധങ്ങള്‍ നയിക്കുന്നവരാകുമെന്നും അവനവനെ നവീകരിക്കുകയാണ് ഏറ്റവും വലിയ പോരാട്ടമെന്നും സിനിമ കാണിച്ചു തരുന്നു. 2011 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം സബു ആണ്.

3. ഡെഡ് പോയറ്റ്‌സ് സൊസൈറ്റി

Dead Poests Society
Dead Poests Societyഡെഡ് പോയറ്റ്‌സ് സൊസൈറ്റി

ഓ ക്യാപ്റ്റന്‍ മൈ ക്യാപ്റ്റന്‍ എന്ന് തുടങ്ങുന്ന ചിത്രത്തിലെ വാചകങ്ങള്‍ ഒരു സിനിമാ സ്‌നേഹിക്കും മറക്കാനാകില്ല. റോബിന്‍ വില്യംസ് നായകനായ ചിത്രം 1989 ലാണ് പുറത്തിറങ്ങുന്നത്. പട്ടാള ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലേക്ക് കടന്നു വരുന്ന ജോണ്‍ കീറ്റിംഗ് എന്ന അധ്യാപകന്റെ കഥയാണ് സിനിമ പറയുന്നത്. വിദ്യാര്‍ത്ഥികളെ പരീക്ഷകള്‍ക്കായി തയ്യാറാക്കുന്നതിന് പകരം അവരെ സ്വയം കണ്ടെത്താന്‍ പ്രാപ്തരാക്കുന്നതിനെക്കുറിച്ച് സിനിമ സംസാരിക്കുന്നു. അധ്യാപകന്‍-വിദ്യാര്‍ത്ഥി ബന്ധത്തിന് അപ്പുറത്തേക്ക്, വിദ്യാര്‍ത്ഥികളെ തന്റെ തന്നെ കുഞ്ഞുങ്ങളായി കാണുകയും സമീപിക്കുകയും ചെയ്യുന്നൊരു അച്ഛനെ ജോണ്‍ കീറ്റിംഗില്‍ കാണാം.

4. ഗുഡ് വില്‍ ഹണ്ടിംഗ്

Good Will Hunting
Good Will Huntingവീഡിയോ സ്‌ക്രീന്‍ഷോട്ട്

വീണ്ടുമൊരു റോബിന്‍ വില്യംസ് സിനിമ. മാറ്റ് ഡാമനും പ്രധാന വേഷത്തിലെത്തുന്നു. മാറ്റ് ഡാമനും ബെന്‍ അഫ്‌ളെക്കും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ നേടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ റോബിന്‍ വില്യംസിന് മികച്ച സഹനടനുള്ള ഓസ്‌കറും ലഭിച്ചു. എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ഗുഡ് വില്‍ ഹണ്ടിംഗ് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ചേര്‍ത്തു പിടിക്കാന്‍ തീരുമാനിക്കുന്നിടത്ത് മാറുന്ന ലോകത്തെ കാണിച്ചു തരുന്നു.

5. താരെ സമീന്‍ പര്‍

Taare Zameen Par
Taare Zameen Parഫയല്‍ ചിത്രം

ആമിര്‍ ഖാന്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമ പുറത്തിറങ്ങുന്നത് 2007 ലാണ്. ദര്‍ശല്‍ സഫാരിയും ആമിര്‍ ഖാനും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസ്‌ലെക്‌സിക് ആയ എട്ടുവയസുകാരന്‍ ഇഷാന്റേയും അവന്റെ അധ്യാപകന്‍ രാം ശങ്കര്‍ നികുംഭിന്റേയും കഥ പറഞ്ഞ സിനിമ. എല്ലാവരും പ്രശ്‌നക്കാരനെന്ന് പറഞ്ഞ് അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്ത വിദ്യാര്‍ത്ഥിയാണ് ഇഷാന്‍. ആദ്യമായി അവനെ ഒരാള്‍ കാണുന്നു, കേള്‍ക്കുന്നു. കുട്ടികളെയും അവരുടെ ലോക വീക്ഷണത്തേയും എങ്ങനെ സമീപിക്കണം മനസിലാക്കണം എന്നെല്ലാം സിനിമ കാണിച്ചു തരുന്നു. തന്റെ വിദ്യാര്‍ത്ഥിയില്‍ തന്നെ തന്നെ കാണുന്നൊരു അധ്യാപകന്‍ ഒരു പിതാവ് കൂടിയായി മാറുകയാണ് സിനിമയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com