
കോളിവുഡിൽ ഇപ്പോൾ ഏറ്റവും ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് രജനികാന്തിന്റെ കൂലി (Coolie). ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രം റിലീസാകാൻ ഇനിയും ഒരു മാസത്തിന് മുകളിൽ സമയമിരിക്കെ കൂലിയുടെ ഓവർസീസ് വിതരണവാകാശം വിറ്റിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏകദേശം 81 കോടി രൂപക്കാണ് കൂലി ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ.
പ്രമുഖ ട്രാക്കർമാരെല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി താൻ എത്തുന്നുണ്ടെന്ന് ബോളിവുഡ് താരം ആമിർ ഖാൻ വെളിപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററിൽ എത്തുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. കൂലിയിൽ വില്ലനായാണ് താൻ എത്തുന്നതെന്ന് കഴിഞ്ഞ ദിവസം നാഗാർജുനയും വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates