"കഥാന്ത്യത്തിൽ കലങ്ങിത്തെളിയണം. നായകൻ വില്ലൊടിക്കണം. കണ്ണീരു നീങ്ങി കളി ചിരിയിലാകണം ശുഭം. കൈയടി പുറകേ വരണം. എന്തിനാണ് ഹേ, ഒരു ചോദ്യമോ ദുഃഖമോ ബാക്കി വയ്ക്കുന്നത്. തിരശീലയിൽ നമുക്കീ, കൺകെട്ടും കാർണിവലും മതി".- തന്റെ സിനിമ എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ധാരണയുള്ള കലാകാരനായിരുന്നു സച്ചി (Sachy) യെന്ന് അദ്ദേഹത്തിന്റെ ഈ വരികളിൽ തന്നെ വ്യക്തമാണ്.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടം തന്നെയാണ് സച്ചിയെന്ന മനുഷ്യന്റെ, സംവിധായകന്റെ, എഴുത്തുകാരന്റെ അപ്രതീക്ഷിതമായ വിയോഗം. മലയാളികളുടെ പ്രിയപ്പെട്ട സച്ചി വിടപറഞ്ഞിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുകയാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായിരുന്നു സച്ചിയെന്ന് നിസംശയം പറയാം.
2007 ൽ സേതുവിനൊപ്പം ചേർന്ന് തിരക്കഥാകൃത്തായിട്ടായിരുന്നു മലയാള സിനിമയിലേക്കുള്ള സച്ചിയുടെ വരവ്. അതുവരെ മലയാള സിനിമയിലെ കൊമേഴ്സ്യൽ സിനിമാ പാരമ്പര്യ രീതികളെ പിന്തുടരാതെ തന്റേതായ ശൈലിയിൽ സിനിമകളൊരുക്കുകയാണ് സച്ചി ചെയ്തത്. സിനിമയിൽ പ്രവർത്തിച്ച കാലത്തിനോ, സിനിമകളുടെ എണ്ണത്തിലോ അല്ല കാര്യമെന്ന് ഓർമിപ്പിച്ചൊരു ജീവിതം കൂടിയാണ് സച്ചിയുടേത്.
മൂന്ന് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള സിനിമകൾ പോലും പ്രേക്ഷകരെ ഒരുതരി പോലും ബോറടിപ്പിക്കാതെ ഇരുത്തും സച്ചിയുടെ സ്ക്രിപ്റ്റ്. അതായിരുന്നു സച്ചിയുടെ ഏറ്റവും വലിയ ശക്തി.
പൃഥ്വിരാജ് എന്ന നടന് എന്നും മികച്ച സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനും കൂടിയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് 2020 ജൂൺ 18 നാണ് സച്ചി ഓർമയുടെ ഏടുകളിലേക്ക് ചേക്കേറിയത്. അന്ന് അദ്ദേഹത്തിന് വെറും 48 വയസ് മാത്രമായിരുന്നു പ്രായം. ഇനിയുമേറെ കഥാപാത്രങ്ങളെ മലയാളികൾക്ക് മുൻപിലേക്ക് തുറന്നുവിടുന്നത് മുൻപേ സച്ചിയെന്ന അത്ഭുതവിളക്ക് അണഞ്ഞു പോയി.
വെറും രണ്ട് സിനിമകളാണ് സച്ചിയുടെ സംവിധാനത്തിൽ പുറത്തുവന്നത്. സച്ചിയെന്ന സംവിധായകൻ പിറന്ന ചിത്രമായിരുന്നു അനാർക്കലി. മലയാള സിനിമയിൽ അക്കാലത്ത് വലിയ ചർച്ചയായ ചിത്രമായിരുന്നു അനാർക്കലി. ഇന്നും അനാർക്കലി മലയാളികൾക്കൊരു വികാരമായി തന്നെ നിൽക്കുന്നു. പൃഥ്വിരാജ് - ബിജു മേനോൻ കൂട്ടുകെട്ട് അസാധാരണമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തു. മനോഹരമായൊരു പ്രണയകഥ ഒരു ദ്വീപിന്റെ പശ്ചാത്തലത്തിൽ പറഞ്ഞപ്പോൾ മലയാളികൾ തിയറ്ററുകളിലേക്ക് ഇരച്ചെത്തി. മലയാളി സിനിമയിലെ മറ്റൊരു തുടക്കം കൂടിയായിരുന്നു അനാർക്കലി എന്ന് വേണമെങ്കിൽ പറയാം.
അടുത്ത കാലത്തിറങ്ങിയതിൽ ഇഷ്ടപ്പെട്ട സിനിമകളിൽ ഒരെണ്ണം ഏതായിരുന്നു എന്ന് ചോദിച്ചാൽ പലരുടേയും ഉത്തരങ്ങളിൽ ഒന്ന് അയ്യപ്പനും കോശിയുമായിരിക്കും. ബിജു മേനോനും പൃഥ്വിരാജും അയ്യപ്പനായും കോശിയായും അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന് മലയാള ചലച്ചിത്ര ലോകം വിലയിരുത്തി സിനിമ കൂടിയാണിത്. അയ്യപ്പൻ നായരും കോശി കുര്യനും തമ്മിൽ കൊമ്പു കോർത്തപ്പോൾ മലയാളക്കര പക്ഷ ഭേദമില്ലാതെ സച്ചിക്കൊപ്പം ചേർന്നു. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചി കേരളത്തിലെത്തിച്ചു. പക്ഷേ അത് നേരിട്ട് വാങ്ങാൻ സച്ചിയില്ലായിരുന്നു.
ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങി നിരവധി സിനിമകളാ സച്ചി- സേതു കൂട്ടുകെട്ടിൽ മലയാളത്തിലെത്തിയത്. എന്നാൽ സിനിമയിലെ കലയും വ്യവസായവും ചേർന്നുള്ള സങ്കല്പങ്ങൾ തങ്ങൾക്ക് ഇരുവർക്കും രണ്ടാണെന്ന് തിരിച്ചറിഞ്ഞതോടെ വെള്ളിത്തരയിലെ സച്ചി- സേതു കൂട്ടുകെട്ട് അവസാനിച്ചു. പിന്നീട് ചാനൽ ജീവിതത്തിന്റെ പിന്നാമ്പുറ കഥ പറഞ്ഞ റൺ ബേബി റണ്ണിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി. ജോഷി സംവിധാനം ചെയ്ത ചിത്രം 2012 ൽ ആണ് പുറത്തിറങ്ങിയത്. മോഹൻലാൽ, അമല പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്.
സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയതിന് പിന്നാലെ നിർമാതാവിന്റെ റോളിലും സച്ചിയെത്തി. ചേട്ടായീസ് എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു സച്ചി നിർമാതാവിന്റെ കുപ്പായം കൂടി അണിഞ്ഞത്. സച്ചിയുടെ തിരക്കഥയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത് 2012 ൽ ആണ് പുറത്തിറങ്ങിയത്. ലാൽ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, പി സുകുമാർ, സുനിൽ ബാബു, മിയ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
പതിമൂന്ന് വർഷം നീണ്ട സിനിമാ ജീവിതത്തിൽ മലയാളികൾ ഓർത്തുവയ്ക്കുന്ന ഒരുപിടി സിനിമകളും സച്ചി സമ്മാനിച്ചു. ചോക്ലേറ്റ് (2007), റോബിൻഹുഡ് (2009), മേക്കപ്പ് മാൻ (2011), സീനിയേഴ്സ് (2011), ഡബിൾസ് (2011) എന്നീ ചിത്രങ്ങളായിരുന്നു സച്ചി- സേതു കൂട്ടുകെട്ടിലെത്തിയ ചിത്രങ്ങൾ. റൺ ബേബി റൺ, ചേട്ടായീസ്, അനാർക്കലി, രാമലീല, ഷെർലോക് ടോംസ്, ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നിവയാണ് സച്ചിയുടെ മറ്റു ചിത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates