
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ഗ്രേസ് ആന്റണി (Grace Antony). കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, അപ്പൻ, നുണക്കുഴി തുടങ്ങിയ ചിത്രങ്ങളിലെ ഗ്രേസിന്റെ പെർഫോമൻസ് നിരവധി ആരാധകരെയാണ് നടിക്ക് നേടിക്കൊടുത്തത്. അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് ഗ്രേസ്. കോമഡി വേഷങ്ങളും കാരക്ടർ റോളുകളും ചെയ്യാനാണ് തനിക്ക് കൂടുതൽ താല്പര്യമെന്ന് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഗ്രേസ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ 'പറന്ത് പോ' എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗ്രേസ്. റാം സംവിധാനം ചെയ്യുന്ന ചിത്രം ഒരു റോഡ് മ്യൂസിക്കൽ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്. തമിഴിൽ ആദ്യ ചിത്രമാണെങ്കിലും ഭാഷ തനിക്കൊരു പ്രശ്നമല്ലായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് ഗ്രേസ് പറഞ്ഞു. കുട്ടിക്കാലം മുതൽക്കേ തമിഴ് സിനിമകളുടെ കടുത്ത ആരാധികയായിരുന്നു താനെന്നും ഗ്രേസ് വ്യക്തമാക്കി.
"ഞാൻ തമിഴ് സിനിമകൾ കണ്ടാണ് വളർന്നത്. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ വിജയ് സാറിന്റെ ഫാൻ ആണ്. അതുകൊണ്ട് തന്നെ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് ഒരു സാംസ്കാരിക ആഘാതമായിരുന്നില്ല. എന്നാലും രണ്ട് ഇൻഡസ്ട്രികളിലും ഷൂട്ടിങ്ങിന്റെ ഷെഡ്യൂളൊക്കെ വ്യത്യാസമുണ്ട്. കേരളത്തിലാണെങ്കിൽ മുപ്പത് ദിവസത്തെ ഷൂട്ട് ആണ് പറഞ്ഞിരിക്കുന്നതെങ്കിൽ അത് 28 ദിവസം കൊണ്ട് തീരും.
പക്ഷേ തമിഴിൽ അങ്ങനെയല്ല, നീണ്ടു പോകും. ഇത് ഞാനൊരു പരാതിയായി പറയുന്നതല്ല. പറന്ത് പോ എന്റെ ആദ്യത്തെ തമിഴ് ചിത്രമായതിനാൽ എനിക്കൊരല്പം വിചിത്രമായി തോന്നി. പക്ഷേ ഷൂട്ടിങ്ങൊക്കെ വളരെ രസകരമായിരുന്നു".- ഗ്രേസ് ആന്റണി പറഞ്ഞു. റാം സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് പറന്ത് പോ.
ഗ്രേസ് ആന്റണിക്കൊപ്പം അഞ്ജലി, വിജയ് യേശുദാസ്, അജു വർഗീസ്, ബാലാജി ശക്തിവേൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ വർഷം 54-ാമാത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തുക.
Film actress Grace Antony talks about her debut tamil movie Paranthu Po. She also spoke about her love for Tamil cinema.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates