കട്ട് പറഞ്ഞതും മഞ്ജു പൊട്ടിക്കരഞ്ഞു, മനോജിന്റെ മുട്ട് വിറയ്ക്കുകയാണ്; അഭിനയത്തിനപ്പുറത്തേക്ക് പോയി: സുന്ദര്‍ ദാസ്

manju warrier cried after this scene
manju warrier ഇന്‍സ്റ്റഗ്രാം
Updated on
2 min read

മലയാള സിനിമയുടെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. പതിനഞ്ച് വര്‍ഷത്തെ ഇടവേളയെടുത്തിട്ടും മഞ്ജുവിന്റെ സ്ഥാനത്ത് മലയാളി മറ്റൊരു നടിയെ പ്രതിഷ്ഠിച്ചില്ല. തന്റെ കരിയറിന്റെ ആദ്യ ഘട്ടത്തില്‍ വെറും മൂന്ന് വര്‍ഷമാത്രമാണ് മഞ്ജു സജീവമായിരുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി തന്നെ അടയാളപ്പെടുത്താനും വലിയ താരമായി മാറാനും അവര്‍ക്ക് സാധിച്ചു. ആ ഇംപാക്ടാണ് സ്‌ക്രീനില്‍ നിന്നും വിട്ടു നിന്ന 15 കൊല്ലവും അവരോടുള്ള സ്‌നേഹത്തില്‍ തരിമ്പും കുറയാതിരിക്കാന്‍ കാരണം.

സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ എന്ന നടി മലയാള സിനിമയിലേക്കുള്ള തന്റെ വരവറിയിക്കുന്നത്. ഇപ്പോഴിതാ സല്ലാപത്തിലേക്ക് മഞ്ജു എത്തിയതിനെക്കുറിച്ചും അന്ന് മഞ്ജുവിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടു പോയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ ദാസ്. പോര്‍ട്രെയ്ല്‍സ് ബൈ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സുന്ദര്‍ ദാസ്.

സല്ലാപത്തിലെ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ആനിയെയായിരുന്നു എന്നാണ് സുന്ദര്‍ ദാസ് പറയുന്നത്. ''അന്ന് ഏറ്റവും പൊമോസിംഗ് ആയിട്ടുള്ള ടീനേജ് നായിക ആനിയാണ്. ആനിയുമായി ഞാന്‍ നല്ല സൗഹൃദമാണ്. അക്ഷരം എന്ന സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോഹിയോട് ആനിയെ ആലോചിക്കാമെന്ന് പറഞ്ഞു. ആനിയന്ന് ഏറ്റവും തിരക്കുള്ള നായികയാണ്. ആനിയുടെ അങ്കിളിനെ വിളിച്ച് ലോഹി സിനിമയെക്കുറിച്ച് സംസാരിച്ചു. ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാമെന്നും പറഞ്ഞു.'' സുന്ദര്‍ ദാസ് പറയുന്നു.

പക്ഷെ ഒരു ദിവസം ആനി വളരെ തന്റേടിയായ കഥാപാത്രങ്ങള്‍ ചെയ്യുന്ന സമയമാണ്. നമുക്ക് വേണ്ടത് ഒരു പാവം കുട്ടിയെയാണ് എന്ന് ലോഹി പറഞ്ഞു, അങ്ങനെയാണ് മഞ്ജുവിലേക്ക് എത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രീകരണത്തിനിടെ തന്നെ മഞ്ജുവിലെ അതുല്യ പ്രതിഭ തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒന്നോ രണ്ടോ റിഹേഴ്‌സല്‍ കഴിഞ്ഞാല്‍ അടുത്തത് ടേക്ക് പോകും. അന്ന് ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളാണ്. ഡബ് ചെയ്യാനിടുന്ന സ്‌പേസില്ല. ഡയലോഗ് പറഞ്ഞ ഉടനെ റിയാക്ട് ചെയ്യുകയാണ്. ശ്രീജ രവിയായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. ഇതെന്തൊരു കുട്ടിയാണ്, ഭയങ്കരമായി റിയാക്ട് ചെയ്യുന്നുണ്ടല്ലോ എന്ന് ശ്രീജ പറയും. പെര്‍ഫോം ചെയ്യുന്ന സമയത്ത് ക്യാമറാമാനോട് പറഞ്ഞിട്ടുണ്ട്, പടം വിജയിച്ചാല്‍ ഇവള്‍ സംഭവമാകുമെന്ന് എന്നും അദ്ദേഹം പറയുന്നു.

''ക്ലൈമാക്‌സ് ചിത്രീകരണം നടക്കുന്നത് ഷൊര്‍ണ്ണൂരിലാണ്. മഞ്ജു ട്രെയ്‌നിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിക്കുന്നതും മനോജ് കെ ജയന്‍ വന്ന് പിടിക്കുന്നതുമാണ് രംഗം. ട്രെയ്ന്‍ പാസ് ചെയ്ത് കഴിഞ്ഞാല്‍ ഉടനെ ചെകിട്ടത്ത് അടിക്കുകയും വേണം. കട്ട് പറഞ്ഞതും ഇവള്‍ ഒരൊറ്റ കരച്ചിലാണ്. മനോജിന്റെ മുട്ട് വിറക്കുകയാണ്. എന്ത് പറ്റി മനോജ് എന്ന് ചോദിച്ചു. ഇവളെ പിടിച്ചാല് കിട്ടണ്ടേ എന്ന് അദ്ദേഹം പറഞ്ഞു. അഭിനയത്തിന് അപ്പുറത്തുള്ളൊന്നായിരുന്നു അത്. ശരിക്കും മരിക്കാന്‍ പോയത് പോലെ പോയി. അവന് പിടിച്ചിട്ട് കിട്ടിയില്ല. ശരിക്കും സ്ട്രഗിളായി.'' സുന്ദര്‍ ദാസ് പറയുന്നു.

മഞ്ജു കരച്ചിലായി. ഞാനും ലോഹിയും ഉണ്ണിയേട്ടനും പോയി അടുത്തിരുന്ന് ആശ്വസിപ്പിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ ഞങ്ങളും ഇമോഷണലായി. ഇത്രയും ഉള്ളിലേക്ക് പോകാന്‍ പാടില്ലെന്ന് ലോഹി മഞ്ജുവിന് പറഞ്ഞു കൊടുത്തു. അത്രയും ഡെഡിക്കേറ്റഡ് ആയിരുന്നു മഞ്ജു. ഇത് വിജയിച്ചാല്‍ മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നായികയായി മഞ്ജു മാറുമെന്ന് ലോഹി പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

Manju Warrier got carried away and cried during a scene in Sallapam, recalls director Sundar Das.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com