
സൈജു കുറുപ്പ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. വെള്ളിയാഴ്ച സൈന പ്ലെയ്‌ലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് തലേന്ന് സംവിധായകൻ വിനേഷ് വിശ്വനാഥ് പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ആദ്യ സിനിമ എന്റെ ഒരു അഡ്രസ് ആകുമെന്ന് കരുതി, ആയില്ല. മുറിക്കുള്ളിൽ ഇരിപ്പായിട്ട് ആറ് മാസമാകുന്നു. എല്ലാവർക്കും അറിയുന്ന ഒരു പൊട്ടിയ പടത്തിന്റെ ഡയറക്ടർ എന്ന ടാഗിന് അൺഡർ റെക്കഗന്സൈഡ് പടത്തിന്റെ ഡയറക്ടർ എന്ന ടാഗിനേക്കാൾ വിലയുണ്ട് എന്ന് മനസിലായി എന്നാണ് വിനേഷ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തിയറ്റർ റിലീസിന് ശേഷം 'സ്താനാർത്തി ശ്രീക്കുട്ടന്' സംഭവിച്ച ചില കാര്യങ്ങൾ പറയാം. ഈ സിനിമ അങ്ങനെ വിട്ടുകളയാൻ പറ്റില്ല. എന്റെ 5 വർഷത്തെ ഇൻവെസ്റ്റ്മെന്റ് ആണ്. ആദ്യ ദിവസം ക്രൂ ഷോ, അതിൽ പൊസിറ്റിവ് അഭിപ്രായങ്ങൾ തന്നെയേ വരുള്ളൂ അത് കേട്ട് ഒരു ജഡ്ജമെന്റിൽ എത്തണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ഞെട്ടിച്ചത് സംവിധായകൻ കൃഷാന്ദ് സിനിമയെപ്പറ്റി തന്ന റെസ്പോൻസിൽ ആണ്. വീഡിയോ കമന്റിൽ ഇടാം.
അവിടെ ഒരു പ്രതീക്ഷ തോന്നി. നേരെ പദ്മ തിയറ്ററിൽ ചെന്നപ്പോ ആള് കുറവാണ്. കണ്മുന്നിൽ വെച്ച് നമ്മുടെ വൈകിട്ടത്തെ ഷോ പോസ്റ്റർ മാറ്റി മറ്റൊരു പടം കയറുന്നു. കൂടെ നിന്ന ആനന്ദ് മന്മഥന് വലിയ വിഷമമായി. എനിക്കൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ.
സോഷ്യൽ മീഡിയയിൽ നല്ല reviews വരാൻ തുടങ്ങി. അപ്പോഴും എനിക്ക് നിർവികാരത തന്നെയാണ്. അശ്വന്ത് കോക്ക് തിരുവനന്തപുരത്ത് നിന്ന് ആദ്യ ഷോ കണ്ടു പുള്ളി എൻജോയ് ചെയ്യുന്നുണ്ടായിരുന്നു എന്നൊരു ന്യൂസ് കിട്ടി. ആളെ ഫോളോ ചെയ്യുന്ന കുറേപ്പേരിലേക്ക് പുള്ളിയുടെ പറച്ചിൽ എത്തും എന്ന് തോന്നി. ഇനി ഇഷ്ടപ്പെട്ടില്ലെങ്കിലും പറഞ്ഞാൽ അതിലൂടെയാവും ഈ പടത്തിനെപ്പറ്റി കൂടുതൽ പേര് അറിയാൻ പോകുന്നത്.
അത് വന്നു. പൊസിറ്റിവ് ആണ്. ഉണ്ണി വ്ലോഗ്സ് റിവ്യൂ വന്നു. വളരെ പേഴ്‌സണൽ ആയി, വൈകാരികമായി അദ്ദേഹം തന്ന പൊസിറ്റിവ് റിവ്യൂ. ഇതൊക്കെ കാരണം പടം കുറച്ച് ദിവസം കൂടി തിയറ്ററിൽ കിടക്കും എന്ന് തോന്നി. ഭരദ്വാജ് രംഗന് പടം കാനാണമെങ്കില് outside റിലീസ് ഇല്ലാത്തതിനാൽ വിമിയോ ലിങ്ക് കൊടുക്കാതെ വഴിയില്ല. പുള്ളി ഒരു ഇന്റർയൂവിൽ പറഞ്ഞ് കേട്ടിട്ടുണ്ട് ആൾക്ക് underdog stories വലിയ താൽപര്യമില്ല എന്ന്.
നമ്മുടെ ആദ്യത്തെ നെഗറ്റീവ് റിവ്യൂ വരാൻ പോകുന്നു എന്ന് ഉറപ്പിച്ചിരുന്നപ്പോൾ പുള്ളിയുടെ ബ്ലോഗിൽ റിവ്യൂ വന്നു. പോസിറ്റിവ് ആണ്. അപ്പൊ ഇറങ്ങി കുറച്ച് ദിവസം കഴിഞ്ഞിരുന്നു. അദ്ദേഹം ആദ്യമായി ബ്ലോഗിലൂടെ മാത്രം വിടുന്ന റിവ്യൂയായി ഇത് മാറി. പുള്ളി വീഡിയോ ആയി ചെയ്യാൻ തയാറായില്ല. കാരണമറിയില്ല. ചെയ്തിരുന്നെങ്കിൽ ഒരുപാട് വലിയ ഹെല്പ് ആയേനെ.
വേറെയും കുറെ റിവ്യൂസ് വന്നു. പോസിറ്റീവ് ആണ്.
എന്നും എല്ലാ ഷോയും കഴിയുന്ന ടൈമിൽ തിരുവനന്തപുരം കൈരളി തിയറ്ററിന്റെ മുന്നിൽ നിൽപ്പാണ്. പ്രൊജക്ഷനിസ്റ്റ്റ് അനീഷണ്ണൻ എന്നും എത്രപേരുണ്ട് കാണാൻ എന്ന് പറയും.
നല്ല റിവ്യൂസ് അപ്പോഴും വരുന്നുണ്ട്. ഹിറ്റടിക്കും , അടുത്ത പടം നീ ഉടനെ സൈൻ ചെയ്യും എന്നൊക്കെ വിളിക്കുന്നവർ പറയുന്നുണ്ട്. ഒരു പടം ഇറങ്ങിയാൽ ഇൻഡസ്ട്രിയിൽ നിന്ന് കോളുകൾ വരും എന്ന് കേട്ടിട്ടുണ്ട്. അങ്ങനത്തെ കോളുകൾക്ക് ഞാനും നോക്കി. ഇൻഡസ്ട്രിയിൽ നിന്ന് എന്നെ മുൻപരിചയമില്ലാത്ത ഒരേയൊരു വിളി വന്നത് മാലാ പാർവതി ചേച്ചിയിൽ നിന്നാണ്. അല്ലാതെ നമ്പർ തപ്പി പിടിച്ചും മറ്റും പല വിളികൾ വന്നു. ഒക്കെയും സ്നേഹം നിറച്ചത്.
ഒരുപാട് പേർക്ക് ഷോ ഇടാത്തതിനാൽ പടം കാണാൻ പറ്റിയില്ല എന്ന് വിളികൾ വരാൻ തുടങ്ങി. ആറ്റിങ്ങലിൽ ഒരു തിയറ്ററിൽ ഒരു റ്റ്യൂഷൻ സെന്ററിലെ 50 + കുട്ടികൾ പോയിട്ടും, അല്ലാതെ പടം കാണാൻ 10 പേരുണ്ടായിട്ടും അവർ ഷോ ഇട്ടില്ല എന്ന് വൈകി അറിഞ്ഞു, നാട്ടിലെ ചില കൂട്ടുകാർ അതെ തിയറ്ററിൽ ആളെ കൂട്ടി ഷോ ഇടീച്ചു.പലയിടത്തും ഷോ വരുന്നവരെ പറഞ്ഞുവിട്ട കാൻസൽ ചെയ്യുന്നു എന്നറിഞ്ഞു.
പുഷ്പ 2 കൂടി വന്നതോടെ പൂർണം. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി മാറി രണ്ടാം ആഴ്ചയിൽ. അപ്പോഴും നമുക്ക് പോസിറ്റിവ് റിവ്യൂസ് മാത്രമാണ് വരുന്നത്. ഒന്നിനുപോലും പൈസ കൊടുത്തിട്ടില്ല. ആ കാശുണ്ടായിരുന്നെങ്കിൽ കുറേകൂടി പോസ്റ്റർ ഒട്ടിച്ചേനെ. വനിതാ തിയറ്ററിന്റെയും തിരുവനന്തപുരം കൈരളിയുടെയും മാനേജ്‌മെന്റിന് നന്ദി.
തിയറ്റർ വിട്ടു. OTT യ്ക്കുള്ള കാത്തിരിപ്പായി. ആദ്യ സിനിമ എന്റെ ഒരു അഡ്രസ് ആകുമെന്ന് കരുതി. ആയില്ല. മുറിക്കുള്ളിൽ ഇരിപ്പായിട്ട് 6 മാസമാകുന്നു. ഒരു എല്ലാര്ക്കും അറിയുന്ന ഒരു പൊട്ടിയ പടത്തിന്റെ ഡയറക്ടർ എന്ന ടാഗിന് underrecognized പടത്തിന്റെ ഡയറക്ടർ എന്ന ടാഗിനേക്കാൾ വിലയുണ്ട് എന്ന് മനസിലായി.
ഇടയ്ക്ക് കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ്‌സിൽ മികച്ച കുട്ടികളുടെ ചിത്രമായി. സൈജു ചേട്ടന് നമ്മുടെ പടത്തിനും ചേർത്ത് മികച്ച സഹനടനുള്ള അവാർഡ് കിട്ടി. അപ്പോഴും വരുന്ന OTT അന്വേഷണങ്ങൾക്ക് ഉത്തരം അറിയാതെ വീർപ്പുമുട്ടി. ഒരു കാര്യം തുടങ്ങിവെച്ചാൽ ഒരു ക്ളോഷർ കിട്ടണം. അത് കിട്ടാതെ നീണ്ടുപോവുക എന്നത് വലിയ വേദനിപ്പിക്കുന്ന കാര്യമാണ്. നാളെ സൈന പ്ളേയിൽ പടം വരും.
കണ്ടിട്ട് നിങ്ങൾക്ക് തോന്നിയത് പറയൂ. കൊള്ളില്ലെങ്കിൽ അങ്ങനെ തന്നെ. അവിടെ കൂടുതൽ പേരിലേക്ക് ഞങ്ങളുടെ പടം എത്തി എന്ന കാര്യം അറിഞ്ഞാൽ അതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസം. നേരത്തെ പറഞ്ഞ ക്ളോഷർ.
കാണണം. അടുത്ത പടം സൈൻ ചെയ്തിട്ടില്ല. ശ്രീക്കുട്ടൻ ഹിറ്റും ആയില്ല. പക്ഷെ വിട്ടിട്ടില്ല. ചിലപ്പോൾ ഒരു തോൽവി ആയിട്ടാണെങ്കിലും ഞാൻ ഇവിടെത്തന്നെ തുടരും.
Sthanarthi Sreekuttan OTT release date out. Director Vinesh Viswanath heart touching facebook post about movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates