റീമേക്കുകള്‍ സിനിമാ ലോകത്ത് പതിവാണ്. ഔദ്യോഗികമായും അല്ലാതയുമൊക്കെ പല സിനിമകളും ഭാഷ മാറി പുനര്‍ജനിച്ചിട്ടുണ്ട്. സിനിമകള്‍ കണ്ടെത്തി, അതിനെ തങ്ങളുടെ രീതിയിലേക്ക് മാറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്നത് പല റീമേക്കുകളുടേയും ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ കാണിച്ചു തരുന്നുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ കണ്‍സിസ്റ്റന്‍സി പുലര്‍ത്തുന്ന താരമാണ് വിജയ്.
തമിഴ് സിനിമയുടെ തലപ്പത്തേക്കുള്ള വിജയ് എന്ന നടന്റെ യാത്രയില്‍ റീമേക്കുകള്‍ക്ക് നിര്‍ണ്ണായക പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറില്‍ പതിനഞ്ചോളം റീമേക്ക് ചിത്രങ്ങളില്‍ വിജയ് അഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്കതും വലിയ വിജയങ്ങളായി. വിജയ് എന്ന താരത്തിന്റെ കരിയര്‍ മാറ്റി മറിക്കുക പോലും ചെയ്തിട്ടുണ്ട് ചില റീമേക്കുകള്‍. ഇതില്‍ മിക്ക റീമേക്കുകളും ഇന്ന് ഒറിജിനലുകളേക്കാള്‍ പ്രശസ്തമാണ്. പലതും അറിയപ്പെടുന്നത് വിജയ് ചിത്രമെന്ന നിലയില്‍ മാത്രമാണ്.
നാളെ ജന്മദിനം ആഘോഷിക്കാനിരിക്കെ വിജയ് അഭിനയിച്ച, അദ്ദേഹത്തിന്റെ കരിയര്‍ മാറ്റി മറിച്ച ചില റീമേക്ക് ചിത്രങ്ങള്‍ പരിചയപ്പെടാം.
കുഞ്ചാക്കോ ബോബനേയും ശാലിനിയേയും നായകനും നായികയുമാക്കി ഫാസില്‍ ഒരുക്കിയ ചിത്രമാണ് അനിയത്തി പ്രാവ്. 1997 ല്‍ പുറത്തിറങ്ങിയ സിനിമ അതേ വര്‍ഷം തന്നെ വിജയിയെ നായകനാക്കി ഫാസില്‍ കാതലുക്കു മര്യാദൈ എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു. തമിഴിലും ശാലിനി തന്നെയായിരുന്നു നായിക. അബ്ബാസിനെ വച്ച് പ്ലാന്‍ ചെയ്തിരുന്ന സിനിമ വിജയിയിലേക്ക് എത്തുകയും അദ്ദേഹത്തിന്റെ കരിയറിലൊരു ടേണിംഗ് പോയന്റ് ആയി മാറുകയും ചെയ്തു.
2000 ല്‍ പുറത്തിറങ്ങിയ പ്രിയമാനവളെയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചത് സിമ്രന്‍ ആണ്. കെ സെല്‍വ ഭാരതി ഒരുക്കിയ സിനിമ 1996 ല്‍ പുറത്തിങ്ങിയ തെലുങ്ക് ചിത്രം പവിത്ര ബന്ധത്തിന്റെ റീമേക്കാണ്. എസ്പിബിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തി. ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ വിജയമായി. വിജയ്-സിമ്രന്‍ ജോഡിയുടെ പ്രകടനവും കയ്യടി നേടി. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു.
ജയറാം-മുകേഷ്-ശ്രീനിവാസന്‍ കോമ്പോയില്‍ പുറത്തിറങ്ങിയ മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയാണ് ഫ്രണ്ട്‌സ്. 1999 ല്‍ പുറത്തിറങ്ങിയ സിനിമ 2001 ലാണ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. തമിഴില്‍ വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. തമിഴും സംവിധാനം ചെയ്തത് സിദ്ധീഖ് ആയിരുന്നു. വിജയിയും സൂര്യയും ഒരുമിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ഫ്രണ്ട്‌സ്. തമിഴിലും ചിത്രം വലിയ വിജയമായിരുന്നു.
2001 ല്‍ പുറത്തിറങ്ങിയ ബദ്രിയില്‍ വിജയ്ക്ക് ഒപ്പം ഭൂമിക, മോണല്‍, വിവേക്, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. പവന്‍ കല്യാണ്‍ നായകനായി 1999 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം തമ്മുഡുവിന്റെ റീമേക്കായിരുന്നു ബദ്രി. പ്രിയമാനവളെയ്ക്കും ഫ്രണ്ട്‌സിനും പിന്നാലെ വന്ന സിനിമ ബോക്‌സ് ഓഫീസില്‍ 100 ദിവസം പിന്നിട്ടു. കൊമേഷ്യല്‍ സ്റ്റാറിലേക്കുള്ള വിജയിയുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു തമിഴ് സിനിമ.
വിജയ് എന്ന താരത്തിന്റെ കരിയര്‍ ഗില്ലിയ്ക്ക് മുമ്പും ശേഷവും എന്ന് വിശേഷിപ്പിക്കാം. 2004 ല്‍ പുറത്തിറങ്ങിയ ഗില്ലി ഇന്നും ആരാധകരെ ആവേശം കൊള്ളിക്കുന്നു. തൃഷ നായികയായ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് പ്രകാശ് രാജാണ്. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനായി 2003 ല്‍ പുറത്തിറങ്ങിയ ഒക്കഡുവിന്റെ റീമേക്കാണ് ഗില്ലി. രണ്ട് സൂപ്പര്‍ താരങ്ങളുടേയും കരിയറിലെ വലിയ വിജയമായി ഈ ചിത്രങ്ങള്‍ മാറി.
വീണ്ടുമൊരു മഹേഷ് ബാബു ചിത്രത്തിന്റെ റീമേക്ക്. പ്രഭു ദേവ സംവിധാനം ചെയ്ത ചിത്രം 2007 ലാണ് പുറത്തിറങ്ങുന്നത്. അസിന്‍, പ്രകാശ് രാജ്, നെപ്പോളിയന്‍, നാസര്‍, മുകേഷ് തിവാരി, വടിവേലു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് പോക്കിരി. അതേ പേരില്‍ 2006 ല്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രത്തിന്റെ റീമേക്കാണ് പോക്കിരി. ചിത്രം പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി റീമേക്കായ വാണ്ടഡില്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍.
ഹിന്ദിയില്‍ നിന്നും വിജയ് തമിഴിലേക്ക് എത്തിച്ച ചിത്രമാണ് നന്‍പന്‍. 2012 ല്‍ പുറത്തിറങ്ങിയ ചിത്രം 2009 ല്‍ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്കാണ്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമയ്ക്ക് ഇന്നും ആരാധകരുണ്ട്. വിജയ്‌ക്കൊപ്പം ജീവയും ശ്രീകാന്തും ഇലിയാന ഡിക്രൂസുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. നന്‍പന്‍ ആണോ ത്രീ ഇഡിയറ്റ്‌സ് ആണോ മികച്ചതെന്ന ചര്‍ച്ച ഇന്നും വിജയ്-ആമിര്‍ ഖാന്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്.
വീണ്ടുമൊരിക്കല്‍ കൂടി മലയാളത്തില്‍ നിന്നുമൊരു സിനിമ വിജയ്ക്കായി തമിഴിലേക്ക്. സിദ്ധീഖ് തന്നെ സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിന്റെ റീമേക്കാണ് 2011 ല്‍ പുറത്തിറങ്ങിയ കാവലന്‍. അസിന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം തമിഴിലും വലിയ വിജയം നേടി. പിന്നീട് സിദ്ധീഖ് സല്‍മാന്‍ ഖാനെ നായകനാക്കി ഈ സിനിമ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു.
These super hit movies of Vijay are actually remakes.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates