'ഗൈഡ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ ഉപകാരമായേനേ'; സെൻസർ ബോർഡ് നടപടിയിൽ ബി ഉണ്ണികൃഷ്ണൻ

സെൻസർ ബോർഡിൽ നിന്ന് രേഖാമൂലം നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല.
B Unnikrishnan
ബി ഉണ്ണികൃഷ്ണൻ (JSK)വിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

കൊച്ചി: സുരേഷ് ​ഗോപി ചിത്രം ജെഎസ്കെയുടെ പ്രദ​ർശനം തടഞ്ഞ സെൻസർ ബോർഡ് നടപടിയിൽ പ്രത്യക്ഷ സമരത്തിന് മടിക്കില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ചിത്രത്തിന്റെ സംവിധായകനുമായി സംസാരിച്ചുവെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്ന് രേഖാമൂലം അവര്‍ക്ക് ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാരണം കാണിക്കല്‍ നോട്ടീസ് നാളെ കിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നേരത്തെ സംവിധായകൻ പത്മകുമാറിന്റെ സിനിമയ്ക്കും ഇതേ പ്രശ്നം ഉണ്ടായെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

"ജെഎസ്കെയുടെ സംവിധായകൻ പ്രവീൺ നാരായണനുമായി ഞാൻ സംസാരിച്ചു. സെൻസർ ബോർഡിൽ നിന്ന് രേഖാമൂലം നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. പക്ഷേ അവരെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നാണ് പറയുന്നത്. വിചിത്രമായ കാര്യമാണത്. പത്മകുമാർ സംവിധാനം ചെയ്ത സിനിമയ്ക്കും ഇതേ പ്രശ്നം നേരിട്ടു. അതിലെ കഥാപാത്രവും ജാനകിയാണ്. ജാനകിയും എബ്രഹാമും തമ്മിലുള്ള ബന്ധമാണ് കഥ.

എബ്രഹാമിനെ രാഘവനോ കൃഷ്ണനോ ആക്കുക, അല്ലെങ്കിൽ ജാനകിയെന്ന പേര് മാറ്റുക എന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പകരം ചില പേരുകൾ അവർ സംവിധായകനോട് നിർദേശിച്ചു. മതസ്പർദ്ദ ഉണ്ടാക്കുവാനോ, മറ്റേതെങ്കിലും സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കാനോ ആഗ്രഹിക്കാത്തതിനാൽ ആ പേര് ഞാൻ ഇവിടെ പറയുന്നില്ല. അദ്ദേഹം ജാനകിയെ ജയന്തി ആക്കിയ ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്.

സെൻസർ ബോർഡിന്റെ ഗൈഡ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ അത് ഉപകാരമായേനേ. ഹിന്ദു കഥാപാത്രത്തിന് എന്ത് പേരിട്ടാലും അത് ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ പേര് ആകും. നാളെ എന്റെ പേര് വിഷയമാകുമോ എന്ന് പേടിയുണ്ട്. കഥ, തിരക്കഥ, സംവിധാനം ഉണ്ണികൃഷ്ണൻ എന്ന് വയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞാലോ?

ജാനകിയെന്ന് പേരിട്ട് ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് ഞാനെഴുതി സംവിധാനം ചെയ്ത ടെലിഫിലിമിന് ആറ് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴാണെങ്കിലോ?. എന്ത് തന്നെയായാലും രേഖാമൂലമുള്ള നോട്ടീസിനായുള്ള കാത്തിരിപ്പിലാണ്. സംവിധായകനോട് നിയമപരമായി നീങ്ങാൻ പറഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രത്യക്ഷമായ പ്രതിഷേധം ഉണ്ടാകും. ഗൈഡ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ ഞങ്ങൾ അതനുസരിച്ച് സിനിമയെടുക്കാം. എങ്ങോട്ടാണ് നമ്മളീ പോകുന്നത്". - ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലറാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് ഇപ്പോൾ സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്.

ജൂൺ 27-ന് ആഗോള റിലീസായി തിയറ്ററുകളിൽ സിനിമ എത്താനിരിക്കുന്ന അവസാന നിമിഷത്തിലാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്.

Summary

B Unnikrishnan on JSK movie Censorship issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com