വിജയ് എന്ന ഒരൊറ്റ പേര് മതി തമിഴ്നാട്ടിലും കേരളത്തിലും തിയറ്ററുകൾ നിറയാൻ. അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നുവെന്ന വിജയ്‌യുടെ ആ പ്രഖ്യാപനം തെല്ലെന്നുമല്ല തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ നിരാശയിലാഴ്ത്തിയത്. സിനിമ എത്രയൊക്കെ മോശമാണെങ്കിലും വിജയ്‌യുടെ സ്ക്രീൻ പ്രെസൻസിന് പകരം വയ്ക്കാൻ മറ്റൊരു നടനുമില്ല എന്നത് വാസ്തവമാണ്. അത്രത്തോളം ദളപതി വിജയ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്.
വിജയ്‌യുടെ അഭിനയത്തേക്കാൾ ആദ്യം പ്രേക്ഷകർ ഇഷ്ടപ്പെട്ടതും ശ്രദ്ധിച്ചതും അദ്ദേഹത്തിന്റെ ചടുലമാർന്ന നൃത്തച്ചുവടുകളായിരുന്നു. പ്രായഭേദമന്യേ കോടിക്കണക്കിന് ആരാധകരെ അദ്ദേഹം തന്റെ നൃത്തച്ചുവടുകളിലൂടെ നേടിയിട്ടുണ്ട്. ചില ഐക്കോണിക് സ്റ്റെപ്പുകളും വിജയ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
ശരിക്കു പറഞ്ഞാൽ സിനിമാ ജീവിതം അവസാനിപ്പിച്ച് വിജയ് മാറി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ആ കിടിലൻ ഡാൻസ് പെർഫോമൻസുകൾ കൂടി നമ്മൾ പ്രേക്ഷകർ മിസ് ചെയ്യും. കാരണം ദളപതി വിജയ്... അയാൾ ഒരു വികാരമാണ്. വിജയ്‌യുടെ ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തോടൊപ്പം നമ്മളും അറിഞ്ഞാടിയ ചില ഡാൻസ് പെർഫോമൻസുകളിലൂടെ.
ഭരതൻ സംവിധാനം ചെയ്ത് 2007 ൽ പുറത്തുവന്ന ചിത്രമാണ് അഴകിയ തമിഴ് മകൻ. സ്വർഗചിത്ര അപ്പച്ചൻ ആയിരുന്നു ചിത്രത്തിന്റെ നിർമാണം. 'എന്നെ റഹ്മാന്‍ സോങ്‌ക്ക് ആട വെക്കലാമാ സാര്‍'- സ്വർഗചിത്ര അപ്പച്ചനോട് വിജയ് ചോദിച്ച ഒറ്റ ചോദ്യത്തിൽ നിന്ന് പിറന്ന പാട്ടായിരുന്നു ഇത്. ഉടൻ തന്നെ സ്വർഗചിത്ര അപ്പച്ചൻ എആർ റഹ്മാനെയും ഗാനരചയിതാവ് വാലിയെയും സമീപിച്ചു. എല്ലാ പുകഴും ഒരുവൻ ഒരുവനക്ക്... എന്ന ഗാനത്തിന്റെ പിറവി ഇങ്ങനെയാണ്. അന്നും ഇന്നും എന്നും റഹ്മാനും വിജയ്ക്കും സിനിമാ പ്രേക്ഷകർക്കും പ്രിയപ്പെട്ട ഗാനമായി ഇത് മാറി. ശ്രിയ ശരൺ ആണ് ചിത്രത്തിൽ നായികയായെത്തിയത്.
വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ നാൻ അടിച്ചാ...എന്ന പാട്ടിലെ വിജയ്‌യുടെ പെർഫോമൻസ് ആരെയും അതിശയിപ്പിക്കുന്നതാണ്. ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കപിലന്റെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് വിജയ് ആന്റണിയാണ്. കേരളത്തിലെ വിജയ് ഫാൻസിന്റെ എണ്ണം കൂട്ടിയ പാട്ടുകളിൽ ഒന്ന് കൂടിയായിരുന്നു ഇത്. തുള്ളാത്ത മനവും ഒന്ന് തുള്ളി പോകുന്ന വിജയ്‌യുടെ പെർഫോമൻസ് ആണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വിജയ്‌യുടെ മകൻ ജെയ്സൺ സഞ്ജയും പാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇന്ത്യ മുഴുവൻ വിജയ്ക്ക് ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഗില്ലി. റീ റിലീസ് ചെയ്തപ്പോൾ പോലും പലയിടങ്ങളിലും തിയറ്ററുകൾ ഹൗസ്ഫുള്ളായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ധരണിയായിരുന്നു. ചിത്രത്തിലെ അപ്പടി പോട്... എന്ന ഗാനത്തിന് ഇന്നും ആരാധകരേറെയാണ്. പി വിജയ്‌യുടെ വരികൾക്ക് വിദ്യാസാഗറായിരുന്നു സംഗീതം നൽകിയത്. കെകെ, അനുരാധ ശ്രീറാം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അറ്റ്‌ലി സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് മെർസൽ. ചിത്രത്തിലെ ആളപോരൻ തമിഴൻ... എന്ന പാട്ടും സിനിമാ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ഓളം ചെറുതല്ല. എആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. കൈലാഷ് ഖേർ, സത്യ പ്രകാശ്, ദീപക്, പൂജ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഡാൻസ് ഇഷ്ടപ്പെടുന്ന എല്ലാവരും വൈബ് ആയി അടിച്ചു പൊളിച്ച പാട്ടായിരുന്നു മാസ്റ്ററിലെ വാത്തി കമിങ്. ഗണ ബാലചന്ദർ ആണ് പാട്ടിന് വരികളൊരുക്കിയത്. അനിരുദ്ധ് രവിചന്ദറിന്റേതായിരുന്നു വരികൾ. അനിരുദ്ധും ഗണ ബാലചന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ പാട്ടിലെ വിജയ്‌യുടെ സ്റ്റെപ്പുകളൊക്കെയും സോഷ്യൽ മീഡിയയിൽ വൻ തരംഗം തീർത്തിരുന്നു.
Tamil Actor Vijay 5 iconic dance performances.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates