'പൂമ്പാറ്റ എന്നാണ് വിളിച്ചിരുന്നത്, അനിയത്തിയുടെ മരണം താങ്ങാനായില്ല, വിജയ് നിശബ്ദനായി'; അച്ഛനെ എതിര്‍ത്ത് വീട്‌ വിട്ട പയ്യന്‍ ദളപതിയായി

ആ വേദന എങ്ങനെ കൈ കാര്യം ചെയ്യണം എന്നറിയില്ലായിരുന്നു
Vijay
Vijayഫയല്‍
Updated on
2 min read

തമിഴ് സിനിമയുടെ ദളപതി വിജയ് തന്റെ 51 ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ബിഗ് സ്‌ക്രീനില്‍ നിന്നും രാഷ്ട്രീയത്തിന്റെ ബിഗ് സീനിലേക്കുള്ള എന്‍ട്രിയ്ക്ക് തയ്യാറെടുക്കുകയാണ് വിജയ്. 2026 ലെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകുമായി മത്സരത്തിനിറങ്ങുകയാണ് വിജയ്. സ്‌ക്രീനിലെ തീപ്പൊരി നായകന് രാഷ്ട്രീയത്തിലും ആ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

സിനിമകളില്‍ മാസ് ഡയലോഗ് അടിക്കുകയും ആടിപ്പാടുകയുമൊക്കെ ചെയ്യുമെങ്കിലും ജീവിതത്തില്‍ നാണകുണുങ്ങിയും അന്തര്‍മുഖനുമായ വ്യക്തിയാണ് വിജയ്. താരത്തിന്റെ ഈ ഭാവത്തിന് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തുണ്ടായ ഒരു സംഭവത്തിന് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. സഹോദരി വിദ്യയുടെ മരണത്തോടെയാണ് വിജയ് നിശബ്ദനാകുന്നതെന്നാണ് ഒരിക്കല്‍ അദ്ദേഹത്തിന്റെ അധ്യാപികയായ മീന ടീച്ചര്‍ പറഞ്ഞിട്ടുണ്ട്.

രണ്ട് വയസുള്ളപ്പോഴാണ് വിദ്യ മരിക്കുന്നത്. ലുക്കീമിയയെ തുടര്‍ന്നായിരുന്നു മരണം. അന്ന് വിജയ്ക്ക് പത്ത് വയസായിരുന്നു. ആ വേദന മറികടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വിജയ് ഉള്‍വലിയാന്‍ തുടങ്ങുന്നതെന്നാണ് മീന ടീച്ചര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

''അദ്ദേഹം അഞ്ചാം ക്ലാസ് മുതല്‍ ഞങ്ങളുടെ സ്‌കൂളിലാണ് പഠിച്ചത്. എല്ലാ കുട്ടികളേയും പോലെ വികൃതിയായിരുന്നില്ല. ഒരു ക്ലാസിലും സഹപാഠികളെ വേദനിപ്പിച്ചിട്ടുമില്ല. വാക്കാലും പ്രവര്‍ത്തിയാലും. അനാവശ്യമായി സംസാരിക്കുകയുമില്ല. ഗോഡ്‌ലി ചൈല്‍ഡ് എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്.'' അധ്യാപിക പറയുന്നു.

''അദ്ദേഹം അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യ എല്‍കെജിയില്‍ പഠിക്കുകയാണ്. അവള്‍ വളരെ ലൈവ്‌ലിയായിരുന്നു. ഞങ്ങള്‍ അവളെ പൂമ്പാറ്റ എന്നായിരുന്നു വിളിച്ചിരുന്നത്. വിജയ് നല്ല സ്‌നേഹമുള്ള സഹോദരനായിരുന്നു. ആ പ്രായത്തിലെ പയ്യന്മാര്‍ക്കൊന്നും അത്ര അറ്റാച്ച്‌മെന്റ് കാണില്ല. സ്‌കൂളില്‍ കൊണ്ടു വന്ന് വിടുന്നതും അവളോട് ക്ഷമയോടെ സംസാരിച്ച് സമാധാനിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് വിജയ് ആയിരുന്നു'' എന്നും അവര്‍ ഓര്‍ക്കുന്നുണ്ട്.

അന്ന് വിജയ് നന്നായി ഗിത്താര്‍ വായിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു. വിദ്യയുടെ മരണത്തോടെ പൊടുന്നനെ എല്ലാം നിര്‍ത്തി. അച്ഛനും അമ്മയും അവരവരുടേതായ സങ്കടത്തിലായിരുന്നു. എസ്എ ചന്ദ്രശേഖര്‍ തന്റെ കരിയറിന്റെ പീക്കിലായിരുന്നു. ശോഭ മാം മരണനാന്തര ചടങ്ങുകള്‍ കഴിയുന്നത് വരെ നിയന്ത്രണം പാലിച്ചുവെങ്കിലും അതിന് ശേഷം ആ വേദന പുറത്ത് വന്നിരിക്കണം. അതിനാല്‍ വിജയ്ക്ക് ആരും കൂടെ ഇല്ലായിരുന്നു. ആ വേദന എങ്ങനെ കൈ കാര്യം ചെയ്യണം എന്നറിയില്ലായിരുന്നു. അതോടെ സംസാരിക്കാതായി എന്നും മീന ടീച്ചര്‍ പറയുന്നു.

മകനെ തന്നെ പോലെ സിനിമയുടെ ഭാഗമാക്കാന്‍ വിജയിയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ ആഗ്രഹിച്ചിരുന്നില്ല. വിദ്യയുടെ മരണത്തോടെ മകനെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷെ വിജയ് നടനാകാന്‍ ആഗ്രഹിച്ചു. എന്നാല്‍ മകന്റെ ആഗ്രഹത്തെ അച്ഛന്‍ അംഗീകരിച്ചില്ല. ഇതോടെ ഒരിക്കല്‍ താന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്നാണ് വിജയ് പറഞ്ഞത്.

''ഞാന്‍ പഠിത്തത്തില്‍ വീക്കായിരുന്നു. അച്ഛനോട് എന്ന സിനിമയിലേക്ക് കൊണ്ടു വരാന്‍ പറഞ്ഞുവെങ്കിലും അദ്ദേഹം അത് സമ്മതിച്ചില്ല. ഇതോടെ ഞാന്‍ ഒരു ദിവസം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു. പോയത് ഉദയം തിയറ്ററിലേക്കാണ്. ഒരു സിനിമ കണ്ട് തിരികെ വരാമെന്ന് കരുതി. പക്ഷെ ഒരു ബില്‍ഡപ്പിന് കത്തൊക്കെ എഴുതി വച്ചാണ് പോയത്. എന്നാല്‍ ഞാന്‍ തിയറ്ററിലുണ്ടെന്ന് അച്ഛന്‍ അറിഞ്ഞു. അദ്ദേഹം വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി'' എന്നാണ് മുമ്പൊരിക്കല്‍ വിജയ് പറഞ്ഞത്.

Summary

Vijay became silent after the loss of his sister, recalls childhood teacher.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com