‘എൻ നെഞ്ചിൽ കുടിയിറ്ക്കും...’; ഹാപ്പി ബർത്ത്ഡേ ദളപതി
'ഒരു നായകനാകാനുള്ള രൂപ ഭംഗിയോ ശബ്ദമോ ഒന്നുമില്ല, അച്ഛൻ സംവിധാകനായത് കൊണ്ട് മാത്രം സിനിമയിൽ എത്തപ്പെട്ടവൻ', തമിഴ് സിനിമാ ലോകം ആ പുതുമുഖ നായകനെ വരവേറ്റത് ഇത്തരത്തിലുള്ള പരിഹാസങ്ങളാലാണ്. അത് ആ 18 വയസ്സുള്ള ചെറുപ്പക്കാരനെ വല്ലാതെ തളർത്തി എന്നാൽ അതിലെന്നും തളരാൻ തയ്യാറായിരുന്നില്ല അയാൾ, പിന്നീടങ്ങോട്ട് തെന്നിന്ത്യൻ സിനിമാ ലോകത്തെ ബോക്സ് ഓഫീസ് ഹിറ്റുകളെല്ലാം അയാൾക്ക് സ്വന്തം. വീഴ്ചകളിൽ കല്ലെറിഞ്ഞ ആളുകൾക്ക് ഹിറ്റ് സിനിമകളിലൂടെ മറുപടി നൽകി. പരിഹസിച്ചവരെല്ലാം പ്രശംസിക്കാൻ തുടങ്ങി. തമിഴ് സിനിമാ ലോകം അയാളെ ഇളയ ദളപതിയെന്ന് വിളിച്ചു. പിന്നീട് അത് ദളപതിയായി മാറി. ഈ 51ാം വയസ്സിലും ആ 18 വയസ്സുകാരന്റെ സിനിമയോടുള്ള വീറും വാശിയുമുണ്ടെന്ന് തെളിയ്ക്കുന്നതാണ് വിജയ് സിനിമകൾ ബോക്സ് ഓഫീസിന് നൽകിയ ഹിറ്റുകൾ.

ഒരു സൂപ്പർ താരത്തിനപ്പുറം മനുഷ്യത്വമുള്ളയാളിലേക്ക് അയാൾ നടന്നു നീങ്ങി... ‘എൻ നെഞ്ചിൽ കുടിയിറ്ക്കും’ എന്ന വാക്കിന് പിറകിലെ ജനകീയ വികാരം തന്നെയാണ് ഇളയ ദളപതി എന്ന പേരിന് പിറകിലെ ചരിത്രവും അടയാളപ്പെടുത്തുന്നത്. വിജയ്‌യെ അടയാളപ്പെടുത്താൻ സിനിമയേക്കാളും അഭിനയത്തെക്കാളും മികച്ച മാർഗം ആരാധകരുടെ നെഞ്ചിൽ നിന്നുയിർക്കുന്ന ശബ്ദങ്ങൾ തന്നെയാണ്.
ഒരു നടൻ എന്ന നിലയിൽ മാത്രമല്ല വിജയ്‌യെ ആഘോഷിച്ചിട്ടുള്ളത്. ഒരു ഗായകൻ എന്ന നിലയിലും വിജയ് പോപ്പുലർ ആണ്. അമ്പത്തി ഒന്നാം പിറന്നാൾ വിജയിയുടെ സിനിമാ ജീവതിത്തിലെ നിർണ്ണായക ദിവസം കൂടിയാണ്. കാരണം കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ സ്ഥാപിച്ച സ്വന്തം രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം അഥവ ടിവികെ തന്നെയാണ്.
ഇപ്പോള്‍ അഭിനയിക്കുന്ന ജന നായകനകനു ശേഷം പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് വിജയ് പ്രഖ്യാപിച്ചത്. ഇതിനകം നിരവധി ആരാധാകർ വിജയിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്തുവെന്നാണ് വിവരം. 2026 തമിഴ് നാട് തെരഞ്ഞെടുപ്പാണ് ലക്ഷ്യം എന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന ദളപതിയ്ക്ക് സിനിമയിൽ പരീക്ഷണങ്ങൾ പലവിധമായിരുന്നു. പിതാവായ എസ്എ ചന്ദ്രശേഖർ നിർമ്മിച്ച 'നാളൈയ തീർപ്പു' എന്ന ചിത്രത്തിലാണ് വിജയ് ബാലതാരമായാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് വിജയകാന്തിന്റെ കൂടെ സിന്ദൂരപാണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു. ആദ്യകാലങ്ങളിൽ പരാജയത്തിന്റെ പട്ടികയിലായിരുന്നു വിജയിയുടെ ചിത്രങ്ങളെല്ലാം.
എന്നാൽ 1996 ൽ പുറത്തിറങ്ങിയ "പൂവേ ഉനക്കാക" എന്ന ചിത്രമാണ് വിജയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം. പിന്നീട് "വൺസ് മോർ", നേര്ക്കു നേർ, കാതലുക്ക് മര്യാദൈ, തുള്ളാത്ത മനവും തുള്ളും തുടങ്ങിയ വിജയ ചിത്രങ്ങളുടെ കാലമായിരുന്നു. 'കാതലുക്ക് മര്യാദൈ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
തന്റെ സിനിമാ കരിയറിന്റെ ആദ്യ കാലങ്ങളിൽ വിജയ് ചെയ്ത ചിത്രങ്ങളെല്ലാം അധികവും കോമഡി പ്രണയ ചിത്രങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആക്ഷനും ഡാൻസ് രംഗങ്ങളും പിന്നീടാണ് തമിഴ് സിനിമയിൽ തരംഗമായത്.
2000 ന്റെ ആദ്യ പകുതി പൂർണമായും വിജയുടേതായിരുന്നു. ഖുഷി ഉൾപ്പെടെ മൂന്ന് ചിത്രങ്ങളും വൻ വിജയങ്ങളായി. 2001 ൽ മലയാളസംവിധായകൻ സിദ്ധിഖിന്റെ "ഫ്രണ്ട്‌സ്" തമിഴ് റീമേക്കിൽ സൂര്യക്കൊപ്പം അഭിനയിച്ചു. ആ വർഷം തന്നെ ബദ്രി, ഷാജഹാൻ എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു. ഷാജഹാൻ സിനിമയിലെ "സരക്ക് വെച്ചിരുക്കു" എന്ന ഗാനരംഗം തെന്നിന്ത്യ എമ്പാടും ചലനം സൃഷ്ടിച്ചു. ഈ സിനിമ കേരളത്തിലും വിജയിച്ചു.

എന്നാൽ ആ സിനിമകളുടെ വിജത്തിന് ശേഷം ഇറങ്ങിയ കുറച്ചു ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2003ൽ പുറത്തിറങ്ങിയ തിരുമലൈ ആണ് വിജയ്ക്ക് തിരുച്ചുവരവ് നൽകിയത്. തിരുമലൈയിലൂടെ നല്ല ആക്ഷൻ മാസ്സ് ഹീറോ എന്ന പരിവേഷം വിജയ്ക്ക് ആരാധകർ നൽകി. അടുത്ത വർഷം പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാചരിത്രം തിരുത്തി എഴുതി. തമിഴിൽ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്നു ഗില്ലി. രജനിക്കു പോലും അന്യമായിരുന്ന വിജയത്തോടെ വിജയ് തന്റെ സ്ഥാനം തമിഴ് സിനിമാലോകത്ത് ഉറപ്പിച്ചു.

‘എൻ നെഞ്ചിൽ കുടിയിറ്ക്കും' എന്ന അദ്ദേഹത്തിന്റെ പതിഞ്ഞ സ്വരത്തിലുള്ള വാക്കുകൾ കേൾക്കുമ്പോൾ കേൾക്കുന്ന ആരവങ്ങൾക്ക് തമിഴനെന്നോ തെലുങ്കനെന്നോ മലയാളിയെന്നോ ഇല്ല.അത് ഒരു വല്ലാത്ത അനുപൂതിയാണ് ആരാധകർക്ക് നൽകുന്നത്.അതിനാൽതന്നെയാണ് അയാളെ ദളപതിയെന്ന് വിളിക്കുന്നതും. പ്രിയപ്പെട്ട ദളപതി വിജയ്ക്ക് പുറന്തനാൾ വാഴ്ത്തുക്കൾ....
Tamil Actor Vijay celebrating 51st birthday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates