
റിലീസിന് മുൻപ് തന്നെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ചിത്രമാണ് മണിരത്നം - കമൽ ഹാസൻ കൂട്ടുകെട്ടിലെത്തിയ തഗ് ലൈഫ്. കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കമൽ ഹാസന്റെ പരാമർശമാണ് വൻ വിവാദങ്ങൾക്ക് കാരണമായി മാറിയത്. ഏകദേശം 37 വർഷങ്ങൾക്ക് ശേഷമാണ് ‘തഗ് ലൈഫ്’ എന്ന പാൻ- ഇന്ത്യൻ ആക്ഷൻ ചിത്രത്തിനായി പ്രശസ്ത തമിഴ് നടൻ കമൽ ഹാസനും സംവിധായകൻ മണിരത്നവും ഒന്നിച്ചത്.
രംഗരായ ശക്തിവേൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽ ഹാസനെത്തിയത്. ഇപ്പോഴിതാ സിനിമാ പ്രേക്ഷകർ തങ്ങളിൽ അർപ്പിച്ച പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാത്തതിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്‌നം. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മണിരത്നത്തിന്റെ തുറന്നുപറച്ചിൽ.
"നായകൻ പോലുള്ള മറ്റൊരു ചിത്രം പ്രതീക്ഷിച്ചിരുന്നവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. വീണ്ടും അത്തരമൊരു സിനിമ ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. പുതിയൊരു അനുഭവം നൽകുമെന്ന് ഞങ്ങൾ കരുതി. പക്ഷേ ആരാധകർ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. അത് ഒരു തെറ്റിദ്ധാരണയായി മാറി."- മണിരത്‌നം പറഞ്ഞു.
"തികച്ചും വ്യത്യസ്തമായ ഒന്നാണ് ഞങ്ങൾ ചെയ്യാൻ ആഗ്രഹിച്ചത്. അമിത പ്രതീക്ഷ എന്നതിനേക്കാളുപരി, അത് മറ്റൊരു പ്രതീക്ഷയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ അവതരിപ്പിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചു".- മണിരത്നം വ്യക്തമാക്കി.
കമൽ ഹാസനെ കൂടാതെ ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. അമരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചിമ്പു എത്തിയത്. തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.
Director Mani Ratnam opened up about Thug Life Movie failure.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates