ഇന്നേക്ക് 50 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1975 ജൂൺ 25. ആകാശവാണിയിലൂടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്തു. "രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിൽ ആകുലപ്പെടേണ്ടതൊന്നുമില്ല" -എന്നായിരുന്നു ഇന്ദിര ഗാന്ധിയുടെ വാക്കുകൾ. പക്ഷേ പിന്നീട് സംഭവിച്ച കാര്യങ്ങൾ അങ്ങനെയായിരുന്നില്ല.
21 മാസത്തോളം രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. ഭരണഘടനാപരമായ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അറിയാനും പറയാനുമുള്ള അവകാശങ്ങൾ സർക്കാർ റദ്ദാക്കിയെന്നതാണ് അതിൽ ഏറ്റവും പ്രധാനം. ആശയ പ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു.
രാജ്യത്തെ എല്ലാ മേഖലകളെയും ഭരണകൂടം നിയന്ത്രിച്ച് കാൽചുവട്ടിലാക്കിയപ്പോൾ സിനിമാ മേഖലയ്ക്ക് മാത്രമായി പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ല. സിനിമയുടെ സെൻഷർഷിപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ അടിയന്തരാവസ്ഥ കാലത്ത് കൂടുതൽ ശക്തമാക്കപ്പെട്ടു.
സിനിമകളിൽ മദ്യക്കുപ്പികളും രക്തച്ചൊരിച്ചിലും കാണിക്കാൻ പാടില്ലെന്ന് നിയമം വന്നു. സംഘട്ടന രംഗങ്ങൾ ഉൾപ്പെടുത്തുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമകൾ ശക്തമായ ഔദ്യോഗിക നിയന്ത്രണങ്ങൾക്ക് കീഴിലാണ് സെൻസർ ചെയ്യപ്പെട്ടത്.
ഇന്ദിര ഗാന്ധിയുമായി ബന്ധപ്പെട്ട സിനിമകൾ ആദ്യമായി വിവാദങ്ങളിൽ പെടുന്നതും അടിയന്തരാവസ്ഥ കാലത്താണ്. അടിയന്തരാവസ്ഥയുടെ ഭീകരതയും അത് ജനങ്ങളിൽ ഉണ്ടാക്കിയ തീവ്രതയും തുറന്നു കാണിക്കുന്ന നിരവധി സിനിമകൾ ബോളിവുഡിൽ പിറന്നിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടം എന്ന് വിളിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് ഇരയാക്കപ്പെട്ട സിനിമകളും അക്കൂട്ടത്തിലുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 50 വർഷമാകുമ്പോൾ ആ സിനിമകളെ കൂടി നമുക്ക് ഓർത്തെടുക്കാം.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആന്ധി. 1975 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഗുൽസാർ ആയിരുന്നു. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തിയ ചിത്രം റിലീസ് ചെയ്ത് നാലാമത്തെ മാസമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നീട് ഈ സിനിമ നിരോധിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ചിത്രം നിരോധിച്ചത്. സഞ്ജീവ് കുമാറും സുചിത്ര സെന്നും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 1977 ൽ എൽകെ അദ്വാനി 'ആന്ധി' ദൂരദർശനിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകി.
സഞ്ജയ് ഗാന്ധിയുടെ ഓട്ടോ മൊബൈല്‍ നിര്‍മാണ പദ്ധതികളെ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിച്ച പൊളിറ്റിക്കല്‍ മൂവിയായിരുന്നു കിസ്സ കുര്‍സി കാ. ചിത്രത്തിന്റെ മാസ്റ്റര്‍ പ്രിന്റുകള്‍ ഉള്‍പ്പടെ എല്ലാ കോപ്പികളും അന്നത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന വിദ്യാ ചരൺ ശുക്ലയും ഇന്ദിരയുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധിയും ചേർന്ന് കത്തിച്ചു. ഷബാന ആസ്മി, രാജ് ബബ്ബർ, മനോഹർ സിങ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. അമിത് നഹതയായിരുന്നു 'കിസ്സ കുർസി കാ' സംവിധാനം ചെയ്തത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം അമിത് ജനതാ പാർട്ടിയിൽ ചേരുകയും 'കിസ്സ കുർസി കാ' റീമേക്ക് ചെയ്യുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് നിരവധി പേരെയാണ് നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഇടയാക്കിയത്. ഇത് പ്രമേയമായി പുറത്തുവന്ന ചിത്രമാണ് നസ്ബന്ദി. 1978ലാണ് ചിത്രം പുറത്തുവന്നത്. ഐ എസ് ജോഹറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സിനിമ റിലീസ് അനുവദിക്കുകയായിരുന്നു. നസ്ബന്ദിയിൽ കിഷോർ കുമാർ ആലപിച്ച ഒരു ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
ആനന്ദ് പട്‌വർദ്ധൻ്റെ 'ക്രാന്തി കി തരംഗ്' എന്ന ഡോക്യുമെൻ്റി 1974- 75 കാലഘട്ടത്തിൽ ബീഹാറിൽ ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധങ്ങളെയാണ് പകർത്തിയത്. 1975 ൽ രഹസ്യമായാണ് ഈ ഡോക്യുമെന്ററി പൂർത്തിയാക്കിയത്. അതേവർഷം രഹസ്യമായി തന്നെയായിരുന്നു ഈ ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടന്നത്.
അടിയന്തരാവസ്ഥ പ്രമേയമാക്കി ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയവും ജീവിതവും പറയുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഇന്ദു സര്‍ക്കാര്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുപ്രിയ വിനോദ് ആണ് ഇന്ദിര ഗാന്ധിയുടെ റോളിലെത്തിയത്. 14 കട്ടുകളാണ് ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. ചിത്രത്തിലെ ചില ഡയലോഗുകൾ നീക്കം ചെയ്യാനും സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
ദീപ മേത്തയുടെ മിഡ്നൈറ്റ്സ് ചിൽഡ്രനും അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശിച്ച ചിത്രമായിരുന്നു. സൽമാൻ റുഷ്ദിയുടെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ഈ സിനിമയിൽ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്ന ഭാഗത്തെ ഒരു വോയ്സ് ഓവറാണ് വിവാദമായത്. ‘ഇന്ദിര ഗാന്ധി ഒരു ദേവതയായി പരിഗണിക്കപ്പെടാൻ ആഗ്രഹിച്ചു’ എന്ന സൽമാൻ റുഷ്ദിയുടെ വോയ്സ് ഓവർ നീക്കം ചെയ്യാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് നടി സരിത ചൗധരിയാണ് ഇന്ദിര ഗാന്ധിയെ അവതരിപ്പിച്ചിരിക്കുന്നത്. രജത് കപൂർ, രാഹുൽ ബോസ്, ഷഹാന ഗോസ്വാമി, റോണിത് റോയ്, കുൽഭൂഷൺ ഖർബന്ദ, ഷബാന ആസ്മി, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍, ജീവിതം മാറ്റി മറിച്ച മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഹസാരോം ഖ്വാഹിശോം. സുധീര്‍ കുമാര്‍ മിശ്രയാണ് ചിത്രം സംവിധാനം ചെയ്തത്. കെകെ മേനോന്‍, ചിത്രാംഗദ സിങ്, ഷൈനി അഹൂജ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അടിയന്തരാവസ്ഥ പ്രമേയമാക്കി 2017ല്‍ പുറത്തുവന്ന ചിത്രമാണ് ബാദ്ഷാഹോ. അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹാഷ്മി, വിദ്യുത് ജംവാള്‍, ഇഷ ഗുപ്ത, ഇലിയാന ഡിക്രൂസ്, സഞ്ജയ് മിശ്ര എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.
കങ്കണ റണാവത്ത് സംവിധാനം ചെയ്ത ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ റോളിലാണ് നടി എത്തിയത്. മലയാളി നടൻ വിശാഖ് നായർ ആണ് സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു.സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായി.
50 years of Emergency, Bollywood Movies based on the Dark Phase in Indian Politics.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates