ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന വേള; നല്ലച്ഛനില്‍ നിന്നും വിദ്യാര്‍ത്ഥിയിലേക്ക് തിരികെ നടക്കുന്ന ആമിര്‍ ഖാന്‍ | Sitaare Zameen Par Review
ഫില്‍ ഗുഡ് സിനിമകളിലേക്കുള്ള തിരിച്ചു നടത്തം(3 / 5)
ബോളിവുഡിന് ആമിര്‍ ഖാന്‍ വെറുമൊരു സൂപ്പര്‍ താരമല്ല. ബോളിവുഡിന്റെ ഐഡിയില്‍ ഫാദര്‍ ഫിഗര്‍ ആണ് ആമിര്‍ ഖാന്‍. തമാശയോ പരിഹാസമോ അല്ല, ആമിര്‍ ഖാന്റെ ഫിലിമോഗ്രഫി നോക്കിയാലത് കാണാം. കുറഞ്ഞപക്ഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായെങ്കിലും. കഥാപാത്രവും കഥാ പരിസരവും മാറി വരുമ്പോഴും ആമിര്‍ ഖാന്‍ ആയിരിക്കും ആ സിനിമയിലെ ഏറ്റവും ഐഡിയല്‍ ആയ വ്യക്തി. അദ്ദേഹം നയിക്കുന്ന പാതയിലൂടെ സഞ്ചരിച്ചാകും ചുറ്റുമുള്ളവരും സിനിമയും കാഴ്ചക്കാരും ശുദ്ധീകരിക്കപ്പെടുക.
ലഗാനും താരെ സമീന്‍ പറും മുതല്‍ ദംഗലും ഒടുവിലിറങ്ങിയ ലാല്‍ സിങ് ഛദ്ദയിലും ഇങ്ങനെ മറ്റുള്ളവരെ ജീവിത മൂല്യം പഠിപ്പിക്കുന്ന ആമിറിനെ കാണാം. ആമിറിലൂടെ തുടങ്ങി മറ്റുള്ളവരിലൂടെ സഞ്ചരിച്ച് ആമിറില്‍ വന്ന് അവസാനിക്കുന്ന നരേറ്റീവുകളാണ് ആമിര്‍ സിനിമകളില്‍ മിക്കതും. ഓഫ് സ്‌ക്രീനിലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തുടര്‍ച്ച.
താരെ സമീനിന്റെ സ്പിരിച്വല്‍ സീക്വല്‍ എന്ന അവകാശവാദവുമായി വരുന്ന സിത്താരെ സമീന്‍ പറും അത്തരത്തിലൊരു 'പഠിപ്പിക്കല്‍' ആയി മാറുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ ആമിര്‍ മറ്റൊരു വഴി സ്വീകരിച്ചിരിക്കുകയാണ്. മോറലി റൈറ്റ് അല്ലാത്ത, ഐഡിയല്‍ അല്ലാത്ത കഥാപാത്രമായി തന്റെ തന്നെ വള്‍നറബിലിറ്റികളെ നേരിടാന്‍ ആമിര്‍ ഖാന്‍ തയ്യാറാവുകയാണ് സിത്താരെ സമീന്‍ പറില്‍.
ഇത്തവണ ആമിര്‍ ഖാന്‍ അല്ല പഠിപ്പിക്കുന്നത്. മറിച്ച് തനിക്ക് ചുറ്റുമുള്ളവരില്‍ നിന്നും ജീവിതം പഠിക്കുകയാണ്. ചിത്രത്തിലൊരു ഘട്ടത്തില്‍ ഹര്‍ഗോവിന്ദ് ഗുല്‍ഷനെക്കുറിച്ച് പറയുന്നുണ്ട്, 'അയാളുടെ തലയ്ക്ക് അകത്ത് കാര്യമായൊന്നുമില്ല. പക്ഷെ ജീവിച്ചോളും, ഞങ്ങള്‍ അവനെ ജീവിതം പഠിപ്പിക്കുന്നുണ്ട്'.
സ്പാനിഷ് ചിത്രത്തിന്റെ റീമേക്കായ സിത്താരെ സമീന്‍ പര്‍ എല്ലാം തികഞ്ഞൊരു സിനിമയല്ല. ബോളിവുഡിന്റെ സാനിറ്റൈസേഷന്‍ മേക്കിംഗിലും ലുക്കിലുമെല്ലാം കാണാം. ആമിറിന്റെ പ്രകടനവും കരിയറിലെ എണ്ണം പറഞ്ഞ ഒന്നല്ല. പക്ഷെ സിത്താരെ സമീന്‍ പര്‍ സംസാരിക്കുന്നത് ഹൃദയത്തോടാണ്. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന വേളയില്‍ മറ്റെല്ലാം മറക്കും.
നല്ല ബാസ്‌ക്കറ്റ് ബോള്‍ കോച്ചാണെങ്കിലും ഈഗോയിസ്റ്റായ ഗുല്‍ഷന്‍ അറോറയാണ് ആമിറിന്റെ കഥാപാത്രം. ഒരുനാള്‍ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് അയാള്‍ ഭിന്നശേഷിക്കാരുടെ ടീമിന്റെ കോച്ചായി എത്തുന്നു. അവിടെ നിന്നുമുള്ള ഗുല്‍ഷന്റെ യാത്രയാണ് സിനിമ പറയുന്നത്. വലിയ മെലോഡ്രാമയ്‌ക്കൊന്നും നില്‍ക്കാതെ തമാശയെ കൂട്ടുപിടിച്ചാണ് സിത്താരെ സമീന്‍ പര്‍ കഥ പറയുന്നത്.
ഭിന്നശേഷിക്കാരെ പൊതുവെ ബോളിവുഡും മുഖ്യധാര സിനിമകളും അവതരിപ്പിക്കുന്നതിലും വ്യത്യസ്തമായി, കുറേക്കൂടി സെന്‍സിറ്റിവിറ്റിയോടെ അവതരിപ്പിക്കാന്‍ സിത്താരെ സമീര്‍ പര്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യന്റെ 'കുറവുകളെ' പഞ്ചിങ് ബാഗാക്കുക എന്ന എളുപ്പവഴി സിത്താരെ സമീന്‍ പര്‍ തിരഞ്ഞെടുക്കുന്നില്ല. മറിച്ച് മനുഷ്യരെ തുല്യരായി കാണാത്ത, എല്ലാവര്‍ക്കും അവരവരുടെ നോര്‍മല്‍ ഉണ്ടെന്ന് അംഗീകരിക്കാന്‍ സാധിക്കാത്തവരാണ് സിനിമയുടെ തമാശ. അതിനുള്ള പഞ്ചിംഗ് ബാഗായി ആമിര്‍ ഖാന്‍ മാറുന്നു.
സര്‍പ്രൈസുകളൊന്നുമില്ല സിത്താരെ സമീന്‍ പറിന്റെ കഥാഗതിയില്‍. എങ്കിലും അവസാനം വരെ സിനിമയില്‍ ലോക്ക് ആക്കി നിര്‍ത്താന്‍ സംവിധായകന്‍ ആര്‍എസ് പ്രസന്നയ്ക്ക് സാധിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ പ്രസംഗം ആയി മാറുന്നുണ്ടെങ്കിലും മറ്റ് ചിലപ്പോള്‍ നിശബ്ദതമായി തന്നെ ഇംപാക്ട് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ തുടക്കത്തില്‍ ഷൂസ് ഇടാന്‍ നേരം ഏത് കാലിലാണ് ഇടേണ്ടത് എന്ന് ആശങ്കപ്പെട്ടിരിക്കുന്ന സുനിലിനെ ഒരു അത്ഭുതക്കാഴ്ച പോലെ ഗുല്‍ഷന്‍ നോക്കി നില്‍ക്കുന്നുണ്ട്. കുറച്ച് സീനുകള്‍ക്ക് അപ്പുറം സുനിലിന്റെ ഷൂ ലെയ്‌സ് അഴിഞ്ഞു കിടക്കുന്നത് കാണുമ്പോള്‍ ശ്വാസമെടുക്കുന്നത് പോലെ സ്വാഭാവികമായി അത് കെട്ടി കൊടുക്കുന്ന ഗുല്‍ഷനെയാണ് കാണുന്നത്. രണ്ട് സീനുകള്‍ക്കിടയില്‍ ഗുല്‍ഷന്‍ വളരുന്നു. അപ്പോഴും താരെ സമീന്‍ പറിലെ നികുമ്പ് ആകുന്നില്ല ആമിര്‍. ഇനിയും വളരാനുള്ള സാധാരണ മനുഷ്യനായി തന്നെയാണ് സിനിമയുടെ അവസാനവും ഗുല്‍ഷനെ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ എന്ന 'എല്ലാമറിയുന്ന' താരമേ അവിടില്ല.
ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത് സിത്താരെ ടീമിലെ താരങ്ങളാണ്. ആരുഷ് ദത്ത, ഗോപി കൃഷ്ണന്‍, വേദാന്ത് ശര്‍മ, നമന്‍ മിശ്ര, ഋഷി ഷഹാനി, ഋഷഭ് ജെയ്ന്‍, ആശിഷ് പെന്‍ഡസെ, സംവിത് ഖുറേഷി, സിമ്രന്‍ മങ്കേഷ്‌കര്‍, ആയുഷ് ഭന്‍സാലി എന്നിവരുടെ മിന്നും പ്രകടനമാണ് സിനിമയുടെ ആത്മാവ്. കോമിക് ടൈമിംഗ് മുതല്‍ വൈകാരിക രംഗങ്ങളിലെ ഒതുക്കം കൊണ്ട് വരെ, ഭിന്നശേഷിക്കാരെക്കുറിച്ചുള്ള പൊതുബോധത്തെ അവര്‍ കളിയാക്കി വിടുന്നുണ്ട്. പേര് പോലെ നക്ഷത്രക്കുഞ്ഞുങ്ങള്‍.
ഒരുകാലത്ത് ബോളിവുഡിന്റെ യുഎസ്പി ആയിരുന്ന, സമീപകാലത്തായി ബോളിവുഡ് മറന്ന ഫീല്‍ ഗുഡ് സിനിമകളിലേക്കുള്ള തിരിച്ചു നടത്തം കൂടിയാണ് സിത്താരെ സമീന്‍ പര്‍. ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ സിനിമകളുടെ ലൂപ്പില്‍ പെട്ടു കിടക്കുന്ന ബോളിവുഡിന് ജനങ്ങളിലേക്ക് തിരിച്ചു വരാനുള്ള വഴി കാണിച്ചു തരികയാണ് സിത്താരെ സമീന്‍ പര്‍.
Sitaare Zameen Par Review: Aamir Khan loses his guard and embraces normality.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates