'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെൻസർ ബോർഡിന്റെ നടപടിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെയും സിനിമാ ലോകത്തെയും ചർച്ച. 'ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന്' ഹൈക്കോടതി പോലും സെൻസർ ബോർഡിനോട് ചോദിച്ചു.
ഈ നിമിഷം വരെ സംഭവത്തിൽ സെൻസർ ബോർഡിന്റെ ഔദ്യോഗികമായ അറിയിപ്പുകളോ മറുപടിയോ ഒന്നും തന്നെ പുറത്തുവന്നിട്ടുമില്ല. കാലാകാലങ്ങളായി കേരളത്തിലെ ജനങ്ങൾ ഉപയോഗിച്ചു പോരുന്ന ഒരു പേര്, ഒരു സിനിമയ്ക്ക് ഇട്ടതിൽ എന്താണ് കുഴപ്പം?. വയലൻസിന്റെ അതിപ്രസരമുള്ള സിനിമകൾക്ക് പോലും കണ്ണുംപൂട്ടി സർട്ടിഫിക്കറ്റ് കൊടുക്കുന്ന സെൻസർ ബോർഡാണ് ഒരു പേരിനെ ചൊല്ലി ഒരു സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇതിന് മുൻപും ഇന്ത്യയിലെ പല ഭാഷകളിലായി ജാനകി എന്ന പേരിൽ നിരവധി സിനിമകൾ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്നൊന്നും ജാനകി എന്ന പേര് ഒരു പ്രശ്നമായി ഉന്നയിക്കാതിരുന്ന സെൻസർ ബോർഡ് ഇപ്പോൾ എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്ന കാര്യം ഇരുത്തി ചിന്തിക്കേണ്ട ഒന്നു കൂടിയാണ്. എന്തായാലും ഈ വിവാദം വഴി സിനിമയ്ക്ക് തന്നെയാണ് ഗുണമുണ്ടായത് എന്ന കാര്യത്തിൽ തർക്കമൊന്നും വേണ്ട. മുൻ വർഷങ്ങളിൽ പുറത്തിറങ്ങിയ ജാനകി എന്ന് പേരുള്ള ചില സിനിമകളിലൂടെ.
അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജാനകി ജാനേ. നവ്യ നായർ, സൈജു കുറുപ്പ്, അനാർക്കലി മരിക്കാർ, ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജാനകി എന്ന കഥാപാത്രമായി നവ്യ നായരാണ് ചിത്രത്തിലെത്തിയത്. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.
അഞ്ജി ശ്രീനു കഥയെഴുതി സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ജാനകി വെഡ്സ് ശ്രീറാം. രോഹിത്, ഗജാല, രേഖ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഗജാല ആണ് ചിത്രത്തിൽ ജാനകിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
2019 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് സീത. തേജ ആണ് ചിത്രം സംവിധാനം ചെയ്തത്. കാജൽ അഗർവാളാണ് ചിത്രത്തിൽ നായികയായെത്തിയത്. സീത എന്ന ടൈറ്റിൽ കഥാപാത്രമായാണ് കാജൽ ചിത്രത്തിലെത്തിയത്. ബെല്ലംകൊണ്ട ശ്രീനിവാസ്, സോനു സൂദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രം മലയാളത്തിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. ജാനകി നായകൻ എന്നാണ് മലയാളം പതിപ്പിന്റെ പേര്.
അവിനാസി മണി സംവിധാനം ചെയ്ത് എസ് ജഗദീശൻ തിരക്കഥയെഴുതി 1976 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ജാനകി ശപഥം. കെ ആർ വിജയ, രവിചന്ദ്രൻ, വിജയകുമാർ, വെണ്ണീര ആടൈ നിർമല എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 1976 ജനുവരി 15 നാണ് ചിത്രം പുറത്തിറങ്ങിയത്.
1988 ൽ കോവെലമുടി രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ചിത്രമാണ് ജാനകി രാമുഡു. നാഗാർജുനയും വിജയശാന്തിയുമാണ് ജാനകിയും രാമുവും ആയെത്തിയത്.
ബോയപതി ശ്രീനു സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജയ ജാനകി നായക. ബെല്ലംകൊണ്ട ശ്രീനിവാസും രാകുൽ പ്രീത് സിങുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Other Films released under the name Janaki.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates