
ജനപ്രീയ നാടകമായ രക്തരക്ഷസ് വീണ്ടും സ്റ്റേജില്‍. തലമുറകളെ ഭയപ്പെടുത്തിയ രക്തരക്ഷസുമായി വീണ്ടുമെത്തുകയാണ് ഏരീസ് കലാനിലയം. സിനിമയെ വെല്ലുന്ന രക്തരക്ഷസ് നാടകം കേരളത്തിന്റെ നാടക ചിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്. ഒറ്റയ്ക്ക് രക്തരക്ഷസ് നാടകം കാണാന്‍ വെല്ലുവിളിക്കുന്ന ആ പോസ്റ്റര്‍ ഇന്നും മലയാളി മറന്നിട്ടില്ല.
എന്‍കെ ആചാരിയെഴുതിയ ഐക്കോണിക് നാടകം വീണ്ടും സ്‌റ്റേജിലെത്തുന്നത് പുതിയ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ്. ''കലാനിലയത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങളില്‍ ഒന്നാണ് രക്തരക്ഷസ്. തലമുറകളെ സ്വാധീനിച്ച നാടകം. അതിനാല്‍ ഞങ്ങള്‍ തിരിച്ചുവരാന്‍ തീരുമാനിച്ചപ്പോള്‍ ഇതിലും മികച്ചൊരു കഥ കണ്ടെത്താനായില്ല'' എന്നാണ് കലാനിലയത്തിന്റെ മാനേജിംഗ് ഡയറക്ടറും സംവിധായകനുമായ അനന്തപത്മനാഭന്‍ പറയുന്നത്.
1974 ലാണ് രക്തരക്ഷസ് ആദ്യമായി വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. നാടക ചരിത്രത്തിലൊരു നാഴികക്കല്ലായി മാറുകയായിരുന്നു രക്തരക്ഷസ്. ലക്ഷ്മി എന്ന പെണ്‍കുട്ടി തന്റെ അച്ഛന്‍ കാടന്‍ വൈദ്യന്റെ പരീക്ഷണങ്ങളുടെ ഫലമായി രക്തരക്ഷസായി മാറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും കാണികളെ പിടിച്ചിരുത്താന്‍ സാധിക്കുന്നുണ്ട് രക്തരക്ഷസിന്.
കാലത്തിനൊപ്പമുള്ള മാറ്റങ്ങള്‍ കഥയില്‍ മാത്രമല്ല, സാങ്കേതികതയിലും കൊണ്ടു വരുന്നുവെന്നതാണ് കലാനിലയത്തിന്റെ പ്രത്യേകത. ലൈറ്റിംഗും വിഷ്വല്‍ എഫ്ക്ടസും അതിവേഗമുള്ള രംഗത്തിന്റെ മാറ്റവും മറ്റ് സാങ്കേതിക വിദ്യകളുമൊക്കെ കാണികള്‍ക്ക് സിനിമാറ്റിക് അനുഭവമാണ് നല്‍കുന്നത്. ഒരു നാടകം കാണുക എന്നതിലുപരിയായി അനുഭവിപ്പിക്കുകയാണ് കലാനിലയം ചെയ്യുക. 120-ഓളം വരുന്ന ക്രൂവിന്റെ സഹായത്തോടെയാണ് നാടകം സ്‌റ്റേജില്‍ അവതരിപ്പിക്കുന്നത്.
''സാങ്കേതികതയും കലാകാരന്മാരും സ്റ്റേജ് ക്രൂവുമെല്ലാം ചേര്‍ന്നാണ് ഞങ്ങളുടെ നാടകത്തെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യയില്‍ മറ്റൊരു നാടകവും കലാനിലയത്തെ പോലെ സാങ്കേതിക വിദ്യയെ ഉപയോഗിച്ചിട്ടുണ്ടാകില്ല. ഒരു സീനില്‍ നിന്നും മറ്റൊരു സീനിലേക്ക് പോകാന്‍ ഒരു സെക്കന്റ് പോലും വേണ്ടി വരുന്നില്ല. വിമാനത്താവളത്തില്‍ നിന്നും കൊടും വനത്തിലേക്കും ബുദ്ധാശ്രമത്തിലേക്കുമെല്ലാം കണ്ണ് ചിമ്മുന്ന വേഗത്തിലാണ് പോകുന്നത്. ഒറിജിനല്‍ സ്‌റ്റേജ് ഡിസൈന്‍ ചെയ്തത് എന്റെ അച്ഛനും തൃപ്പൂണിത്തറ കുമാരന്‍ നായരും ചേര്‍ന്നാണ്'' അനന്തപത്മനാഭന്‍ പറയുന്നു.
കാലത്തിന് അനുസരിച്ച് ഹൈഡ്രോളിക്‌സും പുതിയ സൗണ്ട് സിസ്റ്റവും മറ്റ് ടെക്‌നോളജികളും നാടകത്തില്‍ ചേര്‍ത്തിട്ടുണ്ട് . ഡോള്‍ബി 7.1 സറൗണ്ട് സൗണ്ട് സിസ്റ്റവുമായാണ് നാടകമെത്തുന്നത്. സിനിമകള്‍ക്ക് ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ രക്തരക്ഷസിനെ വേറിട്ടൊരു അനുഭൂതിയാക്കി മാറ്റും.
1952 ലാണ് കൃഷ്ണന്‍ നായര്‍ കലാനിലയം ട്രൂപ്പ് ആരംഭിക്കുന്നത്. അതൊരു പുതിയ തുടക്കമായിരുന്നു. സ്ഥിരം വേദിയെന്ന തന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കലാനിലയത്തിന്റെ സ്റ്റേജ് ഉയര്‍ന്നു. ആ വേദിയില്‍ അദ്ദേഹം മഴയും ഇടിമിന്നലും കടലും കപ്പലുമെല്ലാം എത്തിച്ചു. രക്തരക്ഷസിന് പുറമെ കടമ്മറ്റത്തു കത്തനാര്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ഐക്കോണിക് നാടകങ്ങളും കലാനിലയം സ്‌റ്റേജിലെത്തിച്ചിട്ടുണ്ട്. ആ പാരമ്പര്യം തുടരുകയാണ് അനന്തപത്മനാഭന്‍.
1974ല്‍ ആദ്യമായി സ്റ്റേജിലെത്തിയ രക്തരക്ഷസ് വര്‍ഷങ്ങള്‍ക്ക് ശേഷം 2003ല്‍ വീണ്ടും സ്റ്റേജിലെത്തിയിരുന്നു. തങ്ങളുടെ ഏറ്റവും പ്രശസ്തമായ നാടകം വീണ്ടും കൊണ്ടു വന്നപ്പോഴും കലാനിലയം വിജയം കണ്ടു. സ്ഥിരം നാടക പ്രേമികള്‍ക്കും അപ്പുറത്തേക്ക് രക്തരക്ഷസ് വളരുകയും സ്വാധീനമുണ്ടാക്കുകയും ചെയ്തു. അന്നും അനന്തപത്മനാഭന്‍ തന്നെയായിരുന്നു പിന്നില്‍. എന്നാല്‍ പിന്നീടുണ്ടായ ചില സംഭവങ്ങള്‍ കലാനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി.
''എന്‍കെ ആചാരിയുടെ മകനും നടനുമായ ജഗതി ശ്രീകുമാര്‍ കലാനിലയത്തിന്റെ നവീകരണത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും അറിയുന്നത് പോലെ 2012 ല്‍ അദ്ദേഹത്തിന് വാഹനാപകടമുണ്ടായി. അടുത്ത വര്‍ഷം എന്റെ അമ്മ കൊടുങ്ങല്ലൂര്‍ അമ്മിണി അമ്മയും മരിച്ചു'' എന്നാണ് അദ്ദേഹം പറയുന്നത്. വീണ്ടും തിരിച്ചുവരാന്‍ ശ്രമിക്കുമ്പോഴാണ് കൊവിഡ് വരുന്നത്. ഇതിന് ശേഷം ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനി കലാനിലയത്തിന്റെ പങ്കാളികളായി. ഇതോടെയാണ് ഏരീസ് കലാനിലയം എന്ന് പേര് മാറ്റുന്നത്. നാടകക്കമ്പനിയുടെ അമ്പത് ശതമാനം ഏരീസിന്റെ സ്ഥാപകന്‍ സോഹന്‍ റോയിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍.
കഴിഞ്ഞ വര്‍ഷമാണ് രക്തരക്ഷസിനെ വീണ്ടും അവതരിപ്പിക്കുന്നത്. പഴയ അതേ കഥ, പക്ഷെ പുതിയ തലമുറയ്ക്കായി ചില മാറ്റങ്ങളോടെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്നാണ് അനന്തപദ്മനാഭന്‍ പറയുന്നത്. പല വേദികളും കടന്ന് രക്തരക്ഷസ് ഇപ്പോള്‍ തൃപ്പൂണിത്തറയിലെത്തി നില്‍ക്കുകയാണ്. വന്‍ തിരക്കാണ് ഈ വരവിലും നാടകം സാക്ഷ്യം വഹിക്കുന്നത്. രക്തരക്ഷസിനെ കാണാനായി ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നെല്ലാം ആളുകളെത്തുന്നുണ്ടെന്നാണ് അനന്തപദ്മനാഭന്‍ പറയുന്നത്.
ഒരു സ്ത്രീ തന്റെ മകളേയും കൂട്ടിയാണ് വന്നത്. വര്‍ഷങ്ങള്‍ മുമ്പ് തന്റെ അച്ഛനൊപ്പം രക്തരക്ഷസ് കണ്ട ഓര്‍മ്മ പുതുക്കുകയായിരുന്നു അവര്‍. ചിലര്‍ പണ്ട് തങ്ങള്‍ രക്തരക്ഷസ് കണ്ട് പേടിച്ച് വീട്ടില്‍ പോകാതെ ബസ് സ്റ്റാന്റില്‍ കിടന്നുറങ്ങിയ കഥയൊക്കെ ഓര്‍ത്തെടുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഉടനെ തന്നെ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം ജില്ലകളിലും രക്തരക്ഷസിനെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ രക്തരക്ഷസിന്റെ ചാപ്റ്റര്‍ 1 ആണ് അവതരിപ്പിക്കുന്നത്. പിന്നാലെ താന്‍ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലേക്ക് ഉടനെ കടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കലാനിലയം കടമുറ്റത്തു കത്തനാരും പുതുക്കി അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Raktharakshas drama makes a huge comeback to the stage.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates