
നടൻ വിജയ് സേതുപതിയുടെ മകൻ സൂര്യ വിജയ് സേതുപതി നായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. സ്റ്റണ്ട് കൊറിയോഗ്രഫറായ അനൽ അരസിന്റെ സംവിധാന അരങ്ങേറ്റമായ ഫീനിക്സിലൂടെയാണ് സൂര്യ നായകനായി ചുവടുവയ്ക്കുന്നത്. വെള്ളിയാഴ്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. ഓഡിയോ ലോഞ്ചിൽ വിജയ് സേതുപതിയും പങ്കെടുത്തിരുന്നു.
തന്റെ മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഓഡിയോ ലോഞ്ചിൽ വിജയ് സേതുപതി പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലായി മാറുന്നത്. "എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. എന്റെ സിനിമയായിരുന്നെങ്കിൽ എന്തെങ്കിലും പറയാമായിരുന്നു. ഇതിപ്പോൾ എന്റെ മകനെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഇത് എന്നാണ് തുടങ്ങിയതെന്ന് എനിക്ക് അറിയില്ല.
2019 ൽ അനൽ അരസ് മാസ്റ്റർ എന്നോട് കഥ പറഞ്ഞിരുന്നു. അന്ന് അത് സംഭവിക്കേണ്ടതായിരുന്നു, പക്ഷേ അത് നടക്കാതെ പോയി. പിന്നീട് ഒരിക്കൽ മുംബൈയിൽ നിന്ന് മടങ്ങുമ്പോൾ ഫ്ലൈറ്റിൽ വച്ച് ഞങ്ങൾ തമ്മിൽ വീണ്ടും കണ്ടുമുട്ടി. ഈ സിനിമയുടെ കഥയെക്കുറിച്ച് സംസാരിച്ചു. ജവാൻ, മഹാരാജ തുടങ്ങിയ ചിത്രങ്ങളിലും അനൽ അരസും ഞാനും ഒന്നിച്ച് പ്രവർത്തിച്ചു. ആ സമയത്തും ഞങ്ങൾ ഈ കഥയെക്കുറിച്ച് സംസാരിച്ചിരുന്നു. വളരെ മികച്ച കഥയാണ് ഈ സിനിമയുടേത്.
കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ഓർത്തു, ഇദ്ദേഹമെന്താണ് എന്റെ മകനെ കുറിച്ച് പറയാത്തത് എന്ന്. എന്റെ മകനും നായകന്റെ അതേ പ്രായമാണല്ലോ എന്ന്. പിന്നെ ഒരു ദിവസം ഒരു സെറ്റിൽ വച്ചാണ് അരസ് പറയുന്നത് വിജയ്‌യുടെ മകൻ ആ വേഷത്തിന് കറക്ട് ആയിരിക്കുമെന്ന്. എനിക്ക് അതുകേട്ടപ്പോൾ വലിയ സന്തോഷമായി, പക്ഷേ അതുപോലെ തന്നെ പേടിയും തോന്നി. അവൻ ഇത് ചെയ്യുമോ എന്നൊക്കെ ഓർത്തു. അന്ന് അവൻ കോളജിൽ പഠിക്കുകയാണ്.
ഞാൻ അവനോട് പറഞ്ഞു, നീ തന്നെ ഒരു തീരുമാനമെടുക്കാൻ. അങ്ങനെ അവൻ കഥ കേട്ടു. കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. അങ്ങനെയാണ് ഇത് തുടങ്ങുന്നത്. പിന്നെ ഞങ്ങൾ സിനിമയെക്കുറിച്ചൊക്കെ വീട്ടിൽ എപ്പോഴും സംസാരിക്കാറുണ്ട്. എന്റെ സിനിമയിലെ അനുഭവങ്ങളൊക്കെ ഞാൻ അവരോട് പങ്കുവയ്ക്കാറുണ്ട്. സൂര്യ നന്നായി അഡ്ജസ്റ്റ് ചെയ്യുന്ന സ്വന്തം തെറ്റുകൾ വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. ചെറിയ പ്രായത്തിൽ തന്നെ അവന് മാസ്റ്ററെ വളരെ ഇഷ്ടമാണ്.
ഫീനിക്സ് വളരെ നല്ല സിനിമയാണ്. അവനെ ആദ്യം സ്കൂളിൽ ചേർക്കുന്ന സമയത്ത് എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു, അതുപോലെയാണ് ഇപ്പോഴും. ഇപ്പോൾ അവൻ ഈ ലോകത്ത് പുതിയൊരു കാൽവയ്പ് നടത്തുകയാണ്. ചെറിയൊരു പേടിയും പരിഭ്രമവുമൊക്കെയുണ്ട്.
ഇതിനടുത്ത് ഗ്രീൻപാർക്കിൽ വച്ചായിരുന്നു എന്റെ ആദ്യ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. അന്ന് എന്റെ ഹൃദയം പട പടാന്ന് മിടിക്കുകയായിരുന്നു. ഇപ്പോൾ അതിന്റെ പതിന്മടങ്ങ് പട പടാന്ന് മിടിക്കുകയാണ്. പക്ഷേ വളരെയധികം സന്തോഷമുണ്ട്. എല്ലാവർക്കും നന്ദി". -വിജയ് സേതുപതി പറഞ്ഞു.
ജൂലൈ 4ന് ആണ് ഫീനിക്സ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നിട്ടുണ്ട്. സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുൻപ് നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Actor Vijay Sethupathi talks about his son first movie Phoenix.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates