രാഹുലാണ് നേതാവെങ്കില്‍ കോണ്‍ഗ്രസിന് 20 സീറ്റ് മാത്രമെന്ന് വിശ്വജിത് റാണെ

രാഹുലാണ് നേതാവെങ്കില്‍ കോണ്‍ഗ്രസിന് 20 സീറ്റ് മാത്രമെന്ന് വിശ്വജിത് റാണെ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ നേതാവാക്കിയാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇരുപതു സീറ്റേ കിട്ടൂവെന്ന് ഗോവയില്‍ കോണ്‍ഗ്രസ് വിട്ട വിശ്വജിത് റാണെ. കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന്, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രതാപ് സിങ് റാണെയുടെ മകന്‍ കൂടിയായ വിശ്വജിത് കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയെന്ന കാര്യഗൗരവമില്ലാത്ത നേതാവാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്ന് വിശ്വജിത് റാണെ പറഞ്ഞു. ജനങ്ങളുടെ വിധിയെഴുത്തിനെക്കുറിച്ച് രാഹുലിന് ഗൗരവത്തോടെയുള്ള ഒരു നിലപാടില്ല. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് അത്ര പോലുമില്ല. എന്തെങ്കിലും കാര്യത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ പോലും പ്രയാസമാണെന്ന് റാണെ ആരോപിച്ചു.

രാഹുല്‍ ഗാന്ധി നേതാവായി തുടരുകയാണെങ്കില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇരുപതു സീറ്റാണ് കിട്ടുക. അടുത്ത പത്തു വര്‍ഷത്തേക്ക് കോണ്‍ഗ്രസിന് എന്തെങ്കിലും മാറ്റമുണ്ടാവുമെന്നു കരുതുന്നില്ല. അവിടെ വളര്‍ന്നുവരുന്ന ഒരു നേതാവിനെ പോലും കാണാനില്ലെന്ന് റാണെ അഭിപ്രായപ്പെട്ടു.

ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിശ്വജിത് റാണെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് വരുത്തിയ വീഴ്ചയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയായിരുന്നു. ഇതിനു പിന്നാലെ ബിജെപിയില്‍ ചേരുകയാണെന്ന് റാണെ പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com