പള്ളി പൊളിച്ചതില്‍ ഖേദമില്ല, രാമക്ഷേത്രത്തിനായി ജയിലില്‍ പോവാനും തയാറെന്ന് ഉമാഭാരതി

പള്ളി പൊളിച്ചതില്‍ ഖേദമില്ല, രാമക്ഷേത്രത്തിനായി ജയിലില്‍ പോവാനും തയാറെന്ന് ഉമാഭാരതി


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ലെന്നും അതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. ബാബരി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ഉയര്‍ത്തി രാജി ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഗൂഢാലോചനയൊന്നുമില്ല. എല്ലാം പരസ്യമായാണ് ചെയ്തത്. അയോധ്യായില്‍ നടന്നതിന്റെ ഭാഗമായതില്‍ ഖേദമില്ല. അവിടെ ക്ഷേത്രം പണിയുകയെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ക്ഷേത്രം പണിയുക തന്നെ ചെയ്യുമെന്ന് ഉമാഭാരതി പറഞ്ഞു. അതിനായി ജയിലില്‍ പോവാനോ ജീവന്‍ തന്നെ കൊടുക്കാനോ തയാറാണ്.

തന്റെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് ധാര്‍മികമായി അവകാശമില്ല. സിഖ് കൂട്ടക്കൊലയ്ക്കും അടിയന്തരാവസ്ഥയ്ക്കും ഉത്തരവാദികള്‍ അവരാണ്. ബാബരി കേസിന്റെ പേരില്‍ രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും ഉമാഭാരതി വ്യക്തമാക്കി.

ബാബരി കേസില്‍ ഉമാഭാരതിയും എല്‍കെ അഡ്വാനിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം പുനസ്ഥാപിച്ചാണ് സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ ലകനൗ കോടതിയില്‍ വിചാരണ നേരിടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.്

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും ഉമാഭാരതി രാജിവയ്ക്കണമെന്നും അതിന് അവര്‍ തയാറാവാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com