രാഷ്ടീയമായി നേരിടാന്‍ ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി, തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട്  മതിയാക്കൂ

സമീപകാലത്ത് താന്‍ പറയാത്ത കാര്യങ്ങളും എന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമായ അഭിപ്രായങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തുന്നത്
രാഷ്ടീയമായി നേരിടാന്‍ ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി, തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട്  മതിയാക്കൂ

കൊല്‍ക്കത്ത: ഹിന്ദുത്വ സംഘടനകള്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തന്റെതല്ലാത്ത നിലപാടുകള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജി. ഫെയ്‌സ് ബുക്കിലൂടെയാണ് മമത നിലപാട് വ്യക്തമാക്കിയത്.

സമീപകാലത്ത് താന്‍ പറയാത്ത കാര്യങ്ങളും എന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമായ അഭിപ്രായങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ പോഷകസംഘടനകളുമാണെന്ന് മമത ആരോപിക്കുന്നു.
 

തീവ്ര ഹിന്ദുത്വ സംഘടനകളുടെ നടപടിയെ എക്കാലത്തും എതിര്‍ത്ത ഒരാളാണ് താന്‍. ഇവരുടെ ലക്ഷ്യം ജനങ്ങളെ രാഷ്ട്രീയവത്കരിക്കുകയല്ല. മറിച്ച് സാമുദായിക പ്രീണനമാണ് ലക്ഷ്യമിടുന്നത്. രാജ്യം അവരുടെ കയ്യുകളില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ സംഭവിക്കുന്ന ഇരുണ്ട കാലഘട്ടത്തിന്റെ തെളിവുകളാണ് ഇപ്പോള്‍ നടക്കുന്നത്. 

ഇത്തരം നടപടികളുമായി അധികകാലം രാജ്യഭരണം മുന്നോട്ട് പോകില്ലെന്നും എല്ലാം കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാനാകില്ലെന്നും മമത പറഞ്ഞു. ബിജെപിയുടെ ഹിന്ദുത്വ നടപടിയ്ക്ക് വലിയ വിഭാഗം ഹിന്ദുക്കളുടെ പിന്തുണ പോലും ഇല്ല. എല്ലാമതവിഭാഗങ്ങളും ഒരുപോലെ പരസ്പര ബഹുമാനത്തോടെ മുന്നേറുകയാണ് വേണ്ടത്. ജനാധിപത്യത്തിലും മതേതരത്വത്തിലുമാണ് വിശ്വസിക്കുകയെന്നതാണ് നമ്മുടെ പാരമ്പര്യമെന്നും മമതാ വ്യക്തമാക്കി. ഇത്തരം വൃത്തിക്കെട്ട നടപടികള്‍ക്കെതിരായ പോരാട്ടം തുടരും. ഈ പോരാട്ടത്തില്‍ നിങ്ങളും അണിചേരണമെന്നും മമത ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com