മദ്യശാലയ്‌ക്കെതിരെ ഏഴ് വയസുകാരന്റെ ഒറ്റയാള്‍ സമരം; ഇത് കൃഷി ചെയ്യാനുള്ള മണ്ണാണ്, മദ്യശാലയ്ക്കുള്ളതല്ല

മദ്യം വേണ്ടന്ന് വയ്ക്കു, ഞങ്ങളെ പഠിക്കാന്‍ അനുവദിക്കു എന്ന മുദ്രാവാക്യവുമായാണ് രണ്ടാം ക്ലാസുകാരനായ ആകാശ് ഒറ്റയാള്‍ സമരത്തിനിറങ്ങിയത്
മദ്യശാലയ്‌ക്കെതിരെ ഏഴ് വയസുകാരന്റെ ഒറ്റയാള്‍ സമരം; ഇത് കൃഷി ചെയ്യാനുള്ള മണ്ണാണ്, മദ്യശാലയ്ക്കുള്ളതല്ല

ചെന്നൈ: ചുട്ട് പൊള്ളുന്ന വെയിലും, മുന്‍പില്‍ ലാത്തിയുമായി നില്‍ക്കുന്ന പൊലീസുകാരുമൊന്നും അവനെ തളര്‍ത്തിയില്ല. കയ്യിലൊരു പ്ലെക്കാര്‍ഡും പിടിച്ച് റോഡിന് നടുവിലിരുന്ന ഏഴ് വയസുകാരന്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെ പൊലീസുകാരും നിസഹായരായി. 

മദ്യം വേണ്ടന്ന് വയ്ക്കു, ഞങ്ങളെ പഠിക്കാന്‍ അനുവദിക്കു എന്ന മുദ്രാവാക്യവുമായാണ് രണ്ടാം ക്ലാസുകാരനായ ആകാശ് ഒറ്റയാള്‍ സമരത്തിനിറങ്ങിയത്. തമിഴ്‌നാട്ടിലെ പാടൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഈ മണ്ണ് കൃഷി ചെയ്യാനുള്ളതാണ്. ഇവിടെ മദ്യശാല വരാന്‍ പാടില്ലെന്ന് ആകാശ് പറയുന്നു. 

മദ്യപാനത്തെ തുടര്‍ന്ന് കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പണം മുഴുവന്‍ മദ്യപാനത്തിന് ചെലവാക്കുന്നതോടെ കുട്ടികളെ പഠിപ്പിക്കാന്‍ ഇവരുടെ കയ്യില്‍ പണമില്ലാതാകുന്നുവെന്ന ചിന്തയാണ് തന്റെ ഗ്രാമത്തിലെ മദ്യശാലയ്‌ക്കെതിരെ പോരാടാന്‍ ആകാശിനെ പ്രേരിപ്പിച്ചത്.

ബുധനാഴ്ച രാവിലെ 11.45ടെയാണ് വീട്ടില്‍ നിന്നും ബാഗും തുക്കി ആകാശ് മദ്യശാലയ്ക്ക് മുന്‍പിലെത്തിയത്. ഗ്രാമവാസികളുടെ പ്രതിഷേധങ്ങള്‍ ഭയന്ന് മദ്യശാല ബുധനാഴ്ച തുറന്നിരുന്നില്ല. ഈ കാര്യം ആകാശിനെ പൊലീസുകാര്‍ അറിയിച്ചെങ്കിലും അവന്‍ പിന്മാറാന്‍ തയ്യാറായില്ല. കല്ലുകള്‍ കൊണ്ട് പ്ലക്കാര്‍ഡ് മുന്‍പില്‍ കുത്തിവെച്ച് റോഡിന് നടുവിലിരുന്ന് ആകാശ് പാഠപുസ്തകമെടുത്ത് പഠിക്കാന്‍ തുടങ്ങി. 

മദ്യശാലയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയ ഗ്രാമവാസികള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണമെന്നതും ആകാശ് മുന്നോട്ട് വെച്ച ഒരു സമരാവശ്യമായിരുന്നു. ഒടുവില്‍ രണ്ട് മണിയോടെ പൊലീസുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി ആകാശ് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. 

ദേശീയ പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി പ്രാബല്യത്തില്‍ വന്നതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com