തൊഴിലവസരങ്ങള്‍ കുറയുന്നു ; തൊഴില്‍രംഗത്തെ സ്ത്രീപങ്കാളിത്തവും

സ്ത്രീകളുടെ സാമൂഹികപദവിയില്‍ മാറ്റമുണ്ടാക്കാന്‍ കൊട്ടിഗ്‌ഘോഷിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വലിയ തോതിലൊന്നും സാധ്യമായിട്ടില്ല.
തൊഴിലവസരങ്ങള്‍ കുറയുന്നു ; തൊഴില്‍രംഗത്തെ സ്ത്രീപങ്കാളിത്തവും

'രാവിലെ അമ്മ കുളിപ്പിക്കും. പുത്തനുടുപ്പുകളിടുവിക്കും.' ഇങ്ങനെ കുട്ടികള്‍ നീട്ടിപ്പാടുന്നതും കുളിപ്പിക്കലും പുത്തനുടുപ്പുകളിടുവിക്കുന്നതും അമ്മയുടെ തൊഴില്‍ മാത്രമാണോ എന്ന് സ്ത്രീവിമോചനപ്രസ്ഥാനക്കാര്‍ സംശയിക്കുന്നതും അടുത്തൊന്നും അവസാനിക്കാനിടയില്ലെന്നാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാപ്രവണതയെക്കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. (വീട്ടിലെ മുഷിപ്പന്‍ ജോലികള്‍ ഒരു തൊഴിലായി കണക്കാക്കാനും ശമ്പളം നല്‍കാനുമുള്ള കോടതിവിധി തല്‍ക്കാലം നമുക്ക് മാറ്റിവെയ്ക്കാം).
സ്ത്രീകളുടെ തൊഴില്‍രംഗത്തെ ഈ പങ്കാളിത്തക്കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്. വീട്ടിലെ വരുമാനവര്‍ധനയുടെ പശ്ചാത്തലത്തില്‍, സ്ത്രീകളെ പുറത്ത് ജോലിക്ക് പറഞ്ഞയയ്ക്കാന്‍ സ്വതവേ വിമുഖരായ ഇന്ത്യക്കാര്‍ അവരെ വീട്ടിലിരുത്തുന്നുവെന്നാണ് ഒരു കാരണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലാകുന്നില്ല നമ്മുടെ സാമ്പത്തികവളര്‍ച്ച എന്നത് രണ്ടാമത്തേതും. 
ഇന്ത്യയുടെ ആരോഗ്യകരമായ സാമ്പത്തികവളര്‍ച്ചയ്ക്കും സാമ്പത്തികാഭിവൃദ്ധിക്കും ഒരു ഇരുണ്ടമുഖമാണ് ഇത് നല്‍കുന്നത്. സാമ്പത്തികവളര്‍ച്ച മുഖാന്തിരം വിവിധജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട നേട്ടം എന്ന സംഗതിയെ അപകടപ്പെടുത്തിക്കൊണ്ട് തൊഴില്‍ശക്തിയില്‍ പങ്കാളികളാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍കുറവ് വരുന്നുവെന്നാണ് നിരീക്ഷണം. 
പണിയെടുക്കുകയോ പണിയന്വേഷിക്കുകയോ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇങ്ങനെ കുറവ് വരുന്നതിന് ഒരു പ്രധാന കാരണം സാമൂഹികമായ യാഥാസ്ഥിതികത്വമാണെന്നും ചൂണ്ടിക്കാട്ടുന്നു. പുരുഷന്റെ ജോലി കൊണ്ടുമാത്രം ജീവിക്കാനാകാവുന്ന അവസ്ഥയുണ്ടെങ്കില്‍ സ്ത്രീയെ വീട്ടിലിരുത്താനാണ് ഇന്ത്യക്കാര്‍ പൊതുവേ താല്‍പര്യപ്പെടുന്നത്. നഗരങ്ങളിലെ സ്ത്രീകളില്‍ അഞ്ചിലൊന്നു പേര്‍ മാത്രമേ ഇന്ന് തൊഴില്‍പ്പടയിലുള്ളൂവെന്നും, യുവാക്കളുടെ ജനസംഖ്യയില്‍ വരുന്ന വര്‍ധന മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന ഉത്തേജനം കുറയുകയാണ് ഇതിന്റെ ആത്യന്തികഫലമെന്നും ഓക്‌സ്ഫഡ് ഇക്കോണമിക്‌സ് ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 
്‌വരുന്ന അഞ്ചുവര്‍ഷം ശരാശരി 9.9 ശതമാനം വാര്‍ഷികവളര്‍ച്ചയാണ് അന്താരാഷ്ട്ര നാണ്യ നിധി ഇന്ത്യക്കായി പ്രവചിച്ചിട്ടുള്ളത്. 2022-ആകുമ്പോഴേക്കും രാജ്യം ജര്‍മനിയേയും മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാകുമെന്നും. 
എന്നാല്‍ ഇന്ത്യയിലെ തൊഴിലന്വേഷിക്കുന്നവരുടെയും തൊഴില്‍ശക്തിയുടെയും നിരക്ക് 2011ല്‍ 60 ശതമാനമാണ്. 1980-ല്‍ 68 ശതമാനമായിരുന്നു. ഇന്ത്യയുടെ ലേബര്‍ ബ്യൂറോ ഈയടുത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഈ നിരക്ക് ഇപ്പോള്‍ സ്ഥിരമായി തുടരുന്നുവെന്നാണ്. 
ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തൊഴില്‍ ചെയ്യാന്‍ കഴിവുള്ള പ്രായത്തിലുള്ളവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് വിദഗ്ദ്ധമതം. എന്നാല്‍ തൊഴിലന്വേഷിക്കുന്നവരുടെയും തൊഴില്‍ ചെയ്യുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടാകാത്ത പക്ഷം ഈ ജനസംഖ്യാവളര്‍ച്ച ഫലം ചെയ്യാതെ പോകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 2050 ഓടെ ഇന്ത്യയിലെ തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള പ്രായത്തിലുള്ളവരുടെ സംഖ്യ 100 കോടിയലധികമാകുമെന്നാണ് യു.എന്‍. ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇവരില്‍ 70 മുതല്‍ 75 വരെ ശതമാനം പേര്‍ തൊഴില്‍ ചെയ്യുന്നവരാകുകയോ തൊഴിലന്വേഷിക്കുന്നവരാകുകയോ ചെയ്യാത്തപക്ഷം ഇന്ത്യയുടെ തൊഴില്‍ശക്തി സാമ്പത്തികവളര്‍ച്ചയ്ക്ക് കാര്യമായ സഹായമൊന്നും ചെയ്യില്ല. 15 മുതല്‍ 64 വയസ്സുവരെയുള്ളവരാണ് തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള പ്രായത്തിലുള്ളവരായി കണക്കാക്കപ്പെടുന്നത്. ഇവര്‍ക്കൊക്കെ തൊഴില്‍ നല്‍കണമെങ്കില്‍ തുടര്‍ച്ചയായി 10 ശതമാനം വാര്‍ഷികവളര്‍ച്ച നിലനിര്‍ത്താന്‍ രാജ്യത്തിന് സാധിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 
ഉദാരീകരണം നടപ്പായ 1991 തൊട്ട് 2013 വരെ നമ്മുടെ നാട്ടില്‍ തൊഴില്‍ ചെയ്യാന്‍ കഴിവുള്ള പ്രായത്തിലുള്ളവരുടെ ജനസംഖ്യ 30 കോടി വര്‍ധിച്ചു. അതേസമയം ഇതില്‍ പകുതിയില്‍ താഴെ പേര്‍ക്കേ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുള്ളൂ. (14 കോടി) എന്ന് ഒരു യു.എന്‍. പഠനം പറയുന്നു. അതേസമയം ചൈനയില്‍ തൊഴിലുകളുടെ എണ്ണം ഈ കാലയളവില്‍ 14.4 കോടി ആയിരുന്നു. തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള പ്രായത്തിലുള്ളവരുടെ എണ്ണമാകട്ടെ 24.1 കോടിയും. 
ഇന്ത്യന്‍ തൊഴില്‍ശക്തിയുടെ ഘടകങ്ങളെ കണക്കിലെടുക്കുമ്പോള്‍ ജനസംഖ്യയുടെ വിവിധവിഭാഗങ്ങളില്‍ നിന്ന് വരുന്നവരുടെ എണ്ണത്തില്‍ വരുന്ന കുറവ് പ്രത്യേകിച്ച് ഒരു വിഭാഗത്തില്‍ ഒതുക്കിനിറുത്താവുന്നതല്ല. സ്ത്രീകളും പുരുഷന്‍മാരുമായ തൊഴിലാളികളുടെ എണ്ണത്തിലും, ഗ്രാമപ്രദേശത്തുകാരും നഗരവാസികളുമായ തൊഴിലാളികളുടെ എണ്ണത്തിലും കുറവുവരുന്നുണ്ട്. എന്നാല്‍ സ്ത്രീത്തൊഴിലാളികളുടെ എണ്ണത്തിലാണ് ശ്രദ്ധേയമായ കുറവു കാണുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള പുരുഷന്‍മാരില്‍ 80 ശതമാനം തൊഴില്‍ ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുമ്പോള്‍ ഇത് നഗരത്തിലെ സ്ത്രീകളില്‍ 20 ശതമാനമാണ്. 
നഗരപ്രദേശങ്ങളിലെ തൊഴിലവസരങ്ങളില്‍ കുറവുവന്നതും ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷികമേഖലയിലൊഴികെ മറ്റുമേഖലകളില്‍ തൊഴില്‍ലഭ്യത കുറഞ്ഞതുമൊക്കെ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വീട്ടിലെ വരുമാനത്തില്‍ വന്ന വര്‍ധന കൂടി ഇതിന് കാരണമായി കണക്കാക്കാവുന്നതാണ്. എന്നാല്‍ തൊഴില്‍പ്പടയില്‍ സ്ത്രീകളുടെ പങ്കാളിത്തക്കുറവിന് സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ കൂടിയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  
2025 ആകുമ്പോഴേക്കും തൊഴില്‍ ചെയ്യാന്‍ കഴിവുള്ള 25 കോടി പേര്‍ കൂടി ഇന്ത്യയിലുണ്ടാകുമെന്ന് ഇന്‍ഡ്യാ സ്‌കില്‍സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം തൊഴിലവസരങ്ങളുടെ എണ്ണത്തിലുള്ള വളര്‍ച്ച എന്നെത്തേക്കാളും കുറഞ്ഞ നിലയിലാണ്. കണക്കുകള്‍ പ്രകാരം 2004-12 കാലത്ത് 0.5 ശതമാനമായിരുന്നു തൊഴിലവസരങ്ങളുടെ കാര്യത്തിലുള്ള വാര്‍ഷിക വളര്‍ച്ച. അതേസമയം തൊഴില്‍ശക്തി വളര്‍ച്ച 2.9 ശതമാനമായിരുന്നു. 
കാര്യം ഇത്രയേയുള്ളൂ. സ്ത്രീകളുടെ സാമൂഹികപദവിയില്‍ മാറ്റമുണ്ടാക്കാന്‍ കൊട്ടിഗ്‌ഘോഷിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വലിയ തോതിലൊന്നും സാധ്യമായിട്ടില്ല. വഞ്ചിയെ തിരുന്നക്കരെ തന്നെ വിട്ടിട്ട് തൊണ്ണൂറുകള്‍ക്ക് മുന്‍പുള്ള അവസ്ഥയില്‍ ഇപ്പോഴും നമ്മുടെ നാട് തുടരുകയാണ്. സ്ത്രീസമൂഹത്തിന്റെ കാര്യത്തിലും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com