ഭോപ്പാലില്‍ മണ്ണെണ്ണ വീപ്പയ്ക്ക് തീപിടിച്ച് 13 മരണം

ഇന്നലെ വൈകീട്ട് റേഷന്‍ കടയിലുണ്ടായിരുന്ന മണ്ണെണ്ണ വീപ്പ പൊട്ടിത്തെറിക്കുകയായിരുന്നു.
ഭോപ്പാലില്‍ മണ്ണെണ്ണ വീപ്പയ്ക്ക് തീപിടിച്ച് 13 മരണം

ഭോപ്പാല്‍: ഛിന്‍ദ്വാര ജില്ലയില്‍ റേഷന്‍ കടയ്ക്ക് തീപിടിച്ച് 13 മരണം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. റേഷന്‍ കടയിലുണ്ടായിരുന്ന മണ്ണെണ്ണ വീപ്പ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു സ്ത്രീകളും മരിച്ചവരില്‍ പെടും. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മണ്ണണ്ണയും ഭക്ഷ്യ വസ്തുക്കളും വാങ്ങുന്നതിനായി 50ഓളം ആളുകള്‍ കടയുടെ മുന്നിലുണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. കുറച്ചുപേര്‍ കടയ്ക്കുള്ളിലായിരുന്നു. കടയിലുണ്ടായിരുന്നവരാണ് മരിച്ചത്. കടയ്ക്കുള്ളില്‍ നിന്നും രണ്ടുപേര്‍ക്ക് മാത്രമേ രക്ഷപ്പെടാനായുള്ളു. തീപിടിച്ചത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. ആരെങ്കിലും എറിഞ്ഞു കളഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണോ തീപിടിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫോറന്‍സിക്, വൈദ്യുതി വിഭാഗങ്ങള്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും അപകടത്തില്‍പ്പെട്ടവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 100 ലിറ്റര്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന വീപ്പയാണ് പൊട്ടിത്തെറിച്ചത്. സാധാരണ ഇവിടെ 300 ലിറ്ററിന്റെ വീപ്പ വരെ സൂക്ഷിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കൂടുമായിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com