''ആധാറിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് പ്ലീസ്'', സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍

''ആധാറിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് പ്ലീസ്'', സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍

ബിനോയ് വിശ്വം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട്. പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത് സിപിഐ നേതാവ് ബിനോയ് വിശ്വം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ നടപ്പാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അല്ലാതെ അധാര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയല്ല. ആധാര്‍ അവശ്യസേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത് ആധാര്‍ ബില്ല് പാര്‍ലമെന്റ് പാസാക്കുന്നതിന് മുമ്പാണ്. അതിന് ശേഷം സാഹചര്യങ്ങള്‍ മാറി. ഇത് സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനമാണ്. അതുകൊണ്ട് സുപ്രീംകോടതി ഇതില്‍ ഇടപെടരുതെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഖി സുപ്രീംകോടതിയില്‍ വാദിച്ചു.
രാജ്യത്ത് 99 ശതമാനം ആളുകളും ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞു. പാന്‍കാര്‍ഡിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് വ്യാജ പാന്‍ കാര്‍ഡ് തടയാന്‍ വേണ്ടിയാണ്. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകളുള്ള ആളുകള്‍വരെയുണ്ട്. ബയോമെട്രിക് വിവരങ്ങളിലൂടെ അല്ലാതെ ഇത്തരം വ്യാജ രേഖകളെ നേരിടാന്‍ മറ്റ് സാങ്കേതികവിദ്യകള്‍ ഇല്ലെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ബിനോയ് വിശ്വം നല്‍കിയ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതുകൊണ്ട് അക്കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. നാളെയും കേസില്‍ വാദംകേള്‍ക്കല്‍ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com