യുപിയില്‍ അവധികള്‍ വെട്ടിക്കുറച്ചു, നബിദിനവും വാത്മീകി ജയന്തിയും ഇനി പ്രവൃത്തിദിനം

യുപിയില്‍ അവധികള്‍ വെട്ടിക്കുറച്ചു, നബിദിനവും വാത്മീകി ജയന്തിയും ഇനി പ്രവൃത്തിദിനം

ചരിത്ര പുരുഷന്മാരുടെയും രാഷ്ട്രീയ, മത നേതാക്കളുടെയും ജന്മ, മരണ ദിനങ്ങളിലെ അവധികളാണ് വെട്ടിച്ചുരുക്കിയത്. 


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനഞ്ച് സംസ്ഥാന അവധി ദിനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. ചരിത്ര പുരുഷന്മാരുടെയും രാഷ്ട്രീയ, മത നേതാക്കളുടെയും ജന്മ, മരണ ദിനങ്ങളിലെ അവധികളാണ് വെട്ടിച്ചുരുക്കിയത്. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും വിദ്യാലയങ്ങളിലെയും അവധികള്‍ പെരുകിവരുന്നതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. 104 വാരാന്ത്യങ്ങളും 40 പൊതു ഒഴിവു ദിനങ്ങളും നിയന്ത്രിത അവധി ദിനങ്ങളും ചികിത്സാ അവധികളും ഉള്‍പ്പെടെ 180 ഒഴിവു ദിനങ്ങളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നത്. വര്‍ഷത്തില്‍ പകുതിയും ഉദ്യോഗസ്ഥര്‍ അവധിയിലാവുന്ന സാഹചര്യമാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിശിഷ്ട വ്യക്തികളുടെ അനുസ്മരണ ദിനങ്ങളില്‍ അവധി നല്‍കുന്നതിനു പകരം പ്രത്യേകം ക്ലാസെടുത്ത് കുട്ടികളെ അവരെക്കുറിച്ച് പഠിപ്പിക്കുകയാണ് വേണ്ടതെന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്. ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തിദിനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ മന്ത്രിസഭാ തീരുമാനപ്രകാരം വെട്ടിക്കുറച്ച് അവധികളില്‍ അംബേദകര്‍ ജയന്തി ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ വിവിധ സര്‍ക്കാരുകള്‍ പുതുതായി കൊണ്ടുവന്ന അവധികളാണ് റദ്ദാക്കിയിരിക്കുന്നത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്റെ ജന്മവാര്‍ഷിക ദിനം യുപിയില്‍ അവധിദിനമാണ്. ബിഹാറില്‍ പോലും ഇത് അവധിദിനമാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കശ്യപ മഹര്‍ഷി വാര്‍ഷികം, സിന്ധി പുതുവര്‍ഷം, ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തി വാര്‍ഷികം, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ജന്മദിനം, മഹാരാജാ പ്രതാപ് വാര്‍ഷികം, റംസാന്‍ അവസാന വെള്ളിയാഴ്ച, മഹാരാജ അഗ്രജന്‍ ജന്മ വാര്‍ഷികം, വിശ്വകര്‍മ പൂജ, വാത്മീകി മഹര്‍ഷി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം, ആചാര്യ നരേന്ദ്ര ദേവ് വാര്‍ഷികം, നബിദിനം, മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ്ങിന്റെ ജന്മദിനം തുടങ്ങിയവയാണ് ഒഴിവാക്കിയ അവധികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com