1.44 കോടി രൂപയില്‍ ഗൂഗിളില്‍ ജോലിയെന്നത് വ്യാജ വാര്‍ത്ത; പ്രിന്‍സിപ്പലിനെ കബളിപ്പിക്കാന്‍ ഒരു വിരുതന്‍ ഒപ്പിച്ച പണി

സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥി, ഒരു ദിവസം വന്ന് തനിക്ക് ഗൂഗിളില്‍ ജോലി ലഭിച്ചതായി തന്നോട് പറയുകയായിരുന്നു എന്ന്‌സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു
1.44 കോടി രൂപയില്‍ ഗൂഗിളില്‍ ജോലിയെന്നത് വ്യാജ വാര്‍ത്ത; പ്രിന്‍സിപ്പലിനെ കബളിപ്പിക്കാന്‍ ഒരു വിരുതന്‍ ഒപ്പിച്ച പണി

ന്യൂഡല്‍ഹി: ഛഢീഗഡില്‍ നിന്നുമുള്ള പതിനാറുകാരനായ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് വര്‍ഷം 1.44 കോടി രൂപയില്‍ ഗൂഗിള്‍ ജോലി ലഭിച്ചു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത ഗൂഗിള്‍ തള്ളി. ഇതേകുറിച്ച് അറിയില്ലെന്നായിരുന്നു ഗൂഗിളിന്റെ പ്രതികരണം. 

ഹര്‍ഷിത് ശര്‍മ എന്ന കുട്ടിക്ക് വന്‍തുക വാഗ്ദാനം ചെയ്താണ് ഗൂഗിള്‍ ജോലി നല്‍കിയിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമായതോടെ ഇത്ര വലിയ തുകയ്ക്ക് ജോലി വാഗ്ദാനം ചെയ്യാന്‍ മാത്രം കുട്ടിക്കുള്ള കഴിവ് എന്താണെന്ന ചോദ്യങ്ങള്‍ ഓരോ കോണില്‍ നിന്നും ഉയര്‍ന്നു. തുടര്‍ന്ന് ഗൂഗിളിന്റെ വക്താവ് വിശദീകരണവുമായെത്തി. 

തങ്ങളുടെ കൈവശം ഹര്‍ഷിത് ശര്‍മ എന്ന കുട്ടിയുമായി ബന്ധപ്പെട്ട റെക്കോര്‍ഡുകള്‍ ഒന്നും തന്നെയില്ലെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. കുട്ടിക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ഗൂഗിള്‍ ജോലി വാഗ്ദാനം ചെയ്തതായി സ്‌കൂള്‍ പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. 

തങ്ങളുടെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഹര്‍ഷിത്തിന് ഗൂഗിളില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ലഭിച്ചു. ആദ്യ ഒരു വര്‍ഷം ട്രെയിനിങ് ആയിരിക്കും. ഈ സമയം പ്രതിമാസം നാല് ലക്ഷം രൂപയായിരിക്കും ശമ്പളം. ട്രെയിനിങ് പൂര്‍ത്തിയാക്കിയതിന് ശേഷം 12 ലക്ഷം രൂപയാണ് ശമ്പളമെന്നുമാണ് സ്‌കൂള്‍ പുറത്തുവിട്ട പത്ര കുറുപ്പില്‍ പറയുന്നത്. 

എന്നാല്‍ ഈ വര്‍ഷം സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥി, ഒരു ദിവസം വന്ന് തനിക്ക് ഗൂഗിളില്‍ ജോലി ലഭിച്ചതായി തന്നോട് പറയുകയായിരുന്നു എന്ന്‌
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു. ഗൂഗിള്‍ അയച്ചതായി പറയുന്ന അപോയിന്‍മെന്റ് ലെറ്റര്‍ തനിക്ക് കുട്ടി വാട്‌സ്ആപ്പില്‍ അയച്ചു തന്നതായും പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ അബദ്ധത്തില്‍ ഈ ലെറ്റര്‍ ഡീലിറ്റായി പോയി. 

സയന്‍ വിദ്യാര്‍ഥിയായ കുട്ടി പഠനത്തില്‍ അത്ര മിഠുക്കന്‍ അല്ലായിരുന്നു എങ്കിലും പ്രാറ്റിക്കല്‍സില്‍ മികവ് പുലര്‍ത്തിയിരുന്നതായി പ്രിന്‍സിപ്പല്‍ പറയുന്നു. ഡിജിറ്റര്‍ ഇന്ത്യ ക്യാംപെയ്‌നിന്റെ ഭാഗമായി ഈ കുട്ടിക്ക് നേരത്തെ 7000 രൂപ പാരിതോഷികം ലഭിച്ചിരുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ എന്തിന്റെ പേരിലാണ് പാരിതോഷികം ലഭിച്ചതെന്ന് ആര്‍ക്കും അറിയില്ല. 

സ്‌കൂളുകളില്‍ നിന്നും ഗൂഗിള്‍ റിക്രൂട്ട്‌മെന്റ് നടത്താറില്ലെന്ന് വിദഗ്ധരും പറയുന്നു. ഈ കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ഛ് ഓഫ് ആയതിനെ തുടര്‍ന്ന് സാധിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com