ഷേവിങ് ക്രീം ഉപയോഗിച്ച് ചൊറിഞ്ഞ്‌പൊട്ടി: ഷാരൂഖാനെതിരെ നോട്ടീസ് 

ഭോപ്പാല്‍ സ്വദേശിയായ രാജ്കുമാര്‍ പാണ്ടിയെന്നയാളാണ് ഷാരൂഖിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ഷേവിങ് ക്രീം ഉപയോഗിച്ച് ചൊറിഞ്ഞ്‌പൊട്ടി: ഷാരൂഖാനെതിരെ നോട്ടീസ് 

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യത്തിലെ ക്രീം ഉപയോഗിച്ച് മുഖം ചൊറിഞ്ഞ് പൊട്ടിയെന്ന പരാതിയുമായി യുവാവ് കോടതിയില്‍. ഭോപ്പാല്‍ സ്വദേശിയായ രാജ്കുമാര്‍ പാണ്ടിയെന്നയാളാണ് ഷാരൂഖിനെതിരെ കേസ് ഫയല്‍ ചെയ്തത്. 'ഇന്ത്യാസ് നമ്പര്‍ വണ്‍' എന്ന് കാണിച്ച് ഷാരൂഖ് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഷേവിങ് ഉപയോഗിച്ചതിന് ശേഷം രാജ്കുമാറിന്റെ മുഖത്ത് തിണര്‍പ്പ് അനുഭവപ്പെടാന്‍ തുടങ്ങുകയും അദ്ദേഹം ഒരു ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.

വിഐ ജോണ്‍ എന്ന പേരിലുള്ള ഷേവിങ് ക്രീമിന്റെ പരസ്യത്തിലായിരുന്നു ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ ക്രീമിന്റെ സാംപിള്‍ മധ്യപ്രദേശ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിശോധിച്ചപ്പോള്‍ മോശം ഉല്‍പ്പന്നമാണിതെന്ന് തെളിഞ്ഞതായും പരാതിക്കാരന്‍ അറിയിച്ചു.

കേസിലെ വാദം കേട്ടതിനുശേഷം മജിസ്‌ട്രേറ്റ് കാശിനാഥ് സിങ് ഷാരൂഖിന് നോട്ടീസ് അയയ്ക്കുകയായിരുന്നു. കൂടാതെ ഷേവിങ് ക്രീം കമ്പനിയുടെ ഉടമസ്ഥന്‍, കടയുടമ, മധ്യപ്രദേശ് ഫുഡ് ആന്‍ഡ് ഡ്രഗസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ തുടങ്ങിയവര്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. 

മുന്‍പും ഷാരൂഖ് ഖാനെതിരെ ഇത്തരം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. ഇമാമി കമ്പനിയുടെ ഉല്‍പ്പന്നമായ ഫെയര്‍ഡ ആന്‍ഡ് ഹാന്‍ഡ്‌സം എന്ന ക്രീം ഉപയോഗിച്ച് സൗന്ദര്യം വര്‍ധിച്ചില്ലെന്ന് കാണിച്ചായിരുന്നു പരാതി ഫയല്‍ ചെയ്തത്. ഇതില്‍ ഷാരൂഖ് ഖാന്‍ പറയുന്ന വാദങ്ങള്‍ ശരിയല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയും ഡെല്‍ഹി ഉപഭോക്തൃ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com