ഉപരാഷ്ട്രപതിയെ ഇന്നറിയാം; പത്ത് വര്‍ഷത്തിന് ശേഷം ഉപരാഷ്ട്രപതിയായി ബിജെപി നേതാവെത്തുന്നു

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉപരാഷ്ട്രപതി പദത്തിലേക്കെത്തുന്ന ബിജെപി നേതാവാകും വെങ്കയ്യ
ഉപരാഷ്ട്രപതിയെ ഇന്നറിയാം; പത്ത് വര്‍ഷത്തിന് ശേഷം ഉപരാഷ്ട്രപതിയായി ബിജെപി നേതാവെത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത ഉപരാഷ്ട്രപതി ആരെന്ന് ഇന്നറിയാം. രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് മണിയോടെ ഫലമറിയാനാകും. കേന്ദ്ര മന്ത്രി പദത്തില്‍ നിന്നും മാറ്റി എം.വെങ്കയ്യനായിഡുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍, ഗാന്ധിജിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. 

വിജയം ഉറപ്പിച്ചാണ് വെങ്കയ്യ നായിഡു തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെടുന്നതോടെ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉപരാഷ്ട്രപതി പദത്തിലേക്കെത്തുന്ന ബിജെപി നേതാവാകും വെങ്കയ്യ.

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെടെ ലോക്‌സഭയിലേയും, രാജ്യസഭയിലേയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടര്‍ കോളെജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആകെയുള്ള 790 വോട്ടില്‍ അഞ്ഞൂറിലധികം വോട്ടാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. ബീഹാറില്‍ ബിജെപിയുമായി ചേര്‍ന്ന് ജെഡിയു സര്‍ക്കാരുണ്ടാക്കിയെങ്കിലും, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ജെഡിയു വ്യക്തമാക്കിയിരുന്നു. 

ലോക്‌സഭയില്‍ 330 എംപിമാരും, രാജ്യസഭയില്‍ 87 എംപിമാരും എന്നതാണ് എന്‍ഡിഎയുടെ അംഗബലം. ഇതിനൊപ്പം അണ്ണാ ഡിഎംകെ, ടിആര്‍സ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും പിന്തുണയ്ക്കുന്നതോടെ 484 അംഗങ്ങളുടെ പിന്തുണ കിട്ടുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com