മെട്രോയില്‍ നിന്നും ശ്രീധരന്‍ രാജിവെച്ചു; പ്രായാധിക്യം കാരണമെന്ന് വിശദീകരണം

ശ്രീധരന്റെ രാജി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണെന്നാണ് സൂചന
മെട്രോയില്‍ നിന്നും ശ്രീധരന്‍ രാജിവെച്ചു; പ്രായാധിക്യം കാരണമെന്ന് വിശദീകരണം

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ മെട്രോ റെയില്‍ പദ്ധതികളുടെ ഉപദേശക സ്ഥാനത്ത് നിന്നും മെട്രോ മാന്‍ ഇ.ശ്രീധരന്‍ പിന്മാറി. പ്രായാധക്യം കാരണം ആന്ധ്രാപ്രദേശ് വരെ എപ്പോഴും പോയി വരുന്നതിന് നേരിടുന്ന ബുദ്ധിമുട്ടും, ജോലി സമ്മര്‍ദ്ദവുമാണ് തന്നെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീധരന്‍ പറയുന്നു. 

പക്ഷെ ശ്രീധരന്റെ രാജി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണെന്നാണ് സൂചനകള്‍. ജൂലൈ ഒന്നിനാണ് ശ്രീധരന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് രാജിക്കത്ത് നല്‍കിയത്. 

മെട്രോ റെയില്‍ പ്രോജക്ടില്‍ നിന്നും പിന്മാറി, ലൈറ്റ് റെയില്‍ ടെക്‌നോളജിയുടെ സാധ്യത ആന്ധ്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വിജയവാഡ, വിശാഖപട്ടണം മെട്രോ റെയില്‍ പദ്ധതികളുടെ സാധ്യതകളെ കുറിച്ച് മാസങ്ങള്‍ നീണ്ട പഠനത്തിന് ശേഷം ശ്രീധരന്‍ ആന്ധ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടാതെ ഒരുമാസം ശ്രമിച്ചിട്ടും ആന്ധ്ര മുഖ്യമന്ത്രി ശ്രീധരന് കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയില്ല.

എന്നാല്‍ ഇതേകുറിച്ചുയര്‍ന്ന് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ ശ്രീധരന്‍, തന്റെ പ്രായാധിക്യത്തെ തുടര്‍ന്നാണ് പിന്മാറുന്നതെന്ന് ആവര്‍ത്തിച്ചു. 2015ലായിരുന്നു ശ്രീധരനെ വിശാഖപട്ടണം, വിജയവാഡ മെട്രോ റെയില്‍ പദ്ധതികളുടെ ഉപദേശകനായി ആന്ധ്ര സര്‍ക്കാര്‍ നിയമിക്കുന്നത്. 

2015 സെപ്റ്റംബറില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നാഡിയുവിന്റെ സാന്നിധ്യത്തിലായിരുന്നു ശ്രീധരന്‍ പ്രോജക്ട് റിപ്പോര്‍ട്ട് ആന്ധ്ര മുഖ്യമന്ത്രിക്ക് കൈമാറുന്നത്. 2018ല്‍ രണ്ട് മെട്രോ റെയില്‍ പ്രോജക്ടുകളും പൂര്‍ത്തിയാകുമെന്നായിരുന്നു ചന്ദ്രബാബു നായിഡു അന്ന് പ്രഖ്യാപിച്ചത്. 

വിശാഖപട്ടണം മെട്രോ റെയിലിന് 12,727 കോടി രൂപയും, വിജയവാഡ മെട്രോയ്ക്ക് 6,769 കോടി രൂപയുമായിരുന്നു പദ്ധതി ചെലവ് കണക്കാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com