ബിജെപിയുടെ കുതിരക്കച്ചവടത്തിന് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചടി; നാടകാന്തം പട്ടേല്‍ രാജ്യസഭയിലേക്ക്‌ 

സ്വന്തം തട്ടകത്തില്‍ അമിത് ഷാ മെനഞ്ഞ തന്ത്രങ്ങളെ കാറ്റില്‍ പറത്തിയാണ് കോണ്‍ഗ്രസ് ശക്തമായ രാഷ്ട്രീയ വിജയം നേടിയിരിക്കുന്നത്
ബിജെപിയുടെ കുതിരക്കച്ചവടത്തിന് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചടി; നാടകാന്തം പട്ടേല്‍ രാജ്യസഭയിലേക്ക്‌ 

അഹമ്മദാബാദ്: സസ്‌പെന്‍സിനൊടുവില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തിന് മിന്നും ജയത്തിലൂടെ കോണ്‍ഗ്രസിന്റെ മറുപടി. 44 വോട്ടുകള്‍ ഉറപ്പിച്ചാണ് കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് തിരിച്ചു പോകുന്നത്. 

നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫലപ്രഖ്യാപനം. ചട്ടംലഘിച്ച രണ്ട് കോണ്‍ഗ്രസ് വിമതരുടെ വോട്ട് തെരഞ്ഞെടുപ്പു കമ്മിഷന്‍ അസാധുവാക്കി. കോണ്‍ഗ്രസുകാരന്‍ കൂടിയായ ബല്‍വന്ത് സിങ് രാജ്പുത്തിനെയാണ് പട്ടേല്‍ പരായജയപ്പെടുത്തിയത്. 39 വോട്ടാണ് ബല്‍വന്ത് സിങ്ങിന് ലഭിച്ചത്. 

108 അംഗ ഗുജറാത്ത് സഭയില്‍ ഒരു അംഗത്തെ ജയിപ്പിക്കുന്നതിനുള്ള അംഗബലമാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. 44 വോട്ടായിരുന്നു പട്ടേലിന് ജയിക്കാനായി വേണ്ടിയിരുന്നത്. രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതാണ് പട്ടേലിന് വിജയം നേടിക്കൊടുത്തത്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും, സ്മൃതി ഇറാനിയും അനായാസ ജയം നേടി. 

എന്നാല്‍ സ്വന്തം തട്ടകത്തില്‍ അമിത് ഷാ മെനഞ്ഞ തന്ത്രങ്ങളെ കാറ്റില്‍ പറത്തിയാണ് കോണ്‍ഗ്രസ് ശക്തമായ രാഷ്ട്രീയ വിജയം നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണര്‍വേകുന്നതായിരിക്കും അഹമ്മദ് പട്ടേലിന്റെ ജയം. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ തുനിഞ്ഞിറങ്ങിയ അമിത് ഷായ്ക്കും സംഘത്തിനും സ്വന്തം പാളയത്തില്‍ നിന്നു തന്നെ വോട്ട് ചോര്‍ച്ചയുമുണ്ടായി. 

ബിജെപിയുടെ നളിന്‍ കൊട്ടാഡിയ അഹമ്മദ് പട്ടേലിന് അനുകൂലമായി വോട്ട് ചെയ്തു. ഫേസ്ബുക്കിലൂടെ കൊട്ടാഡിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പട്ടേല്‍  വിഭാഗത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് കൊട്ടാഡിയ പറഞ്ഞു. 

സത്യത്തിന്റെ വിജയമെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് ശേഷം അഹമ്മദ് പട്ടേലിന്റെ പ്രതികരണം. ഭരണത്തെ ദുരൂപയോഗപ്പെടുത്തി, പണവും കൈക്കരുത്തും ഉപയോഗിച്ച ബിജെപിക്കുള്‌ല പരാജയമാണ് ഈ വിജയം. ഇത് അഞ്ചാം തവണയാണ് സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പട്ടേല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com