നാലുതവണ കത്തെഴുതിയിട്ടും കുട്ടികള്‍ക്ക് ആവശ്യമായ ഓക്‌സിജന്റെ പണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിക്ക് നല്‍കിയില്ല;മുന്‍ പ്രിന്‍സിപ്പലിന്റെ വെളിപ്പെടുത്തല്‍

പുതിയ വെളിപ്പെടുത്തലുകള്‍ വെളിച്ചം വീശുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തികളിലേക്കാണ്
നാലുതവണ കത്തെഴുതിയിട്ടും കുട്ടികള്‍ക്ക് ആവശ്യമായ ഓക്‌സിജന്റെ പണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിക്ക് നല്‍കിയില്ല;മുന്‍ പ്രിന്‍സിപ്പലിന്റെ വെളിപ്പെടുത്തല്‍

ഗോരഖ്പൂര്‍: ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള ഫണ്ട് ആവശ്യപ്പെട്ട് താന്‍ ജൂലൈ മാസത്തില്‍ മാത്രം നാലുതവണ സര്‍ക്കാരിന് കത്തെഴുതിയെന്ന് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച ഉത്തര്‍പ്രദേശിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്ര. ഇദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ വെളിച്ചം വീശുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തികളിലേക്കാണ്. ഒന്നിലേറെ പ്രാവശ്യം കത്തെഴുതിയിട്ടും ബിജെപി സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കാതിരുന്നതാണു ദുരന്തതീവ്രത കൂട്ടിയതെന്നാണ് മുന്‍ പ്രിന്‍സിപ്പല്‍ ആരോപിക്കുന്നത്. സ്‌ക്രോള്‍.ഇന്‍ ആണ് രാജീവ് മിശ്രയുടെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

'ഓക്‌സിജന്‍ വിതരണക്കമ്പനിക്ക് കൊടുക്കാനുള്ളതുള്‍പ്പെടെ ഫണ്ട് ആവശ്യപ്പെട്ട്  ജൂലൈയില്‍ മാത്രം നാലു തവണ സര്‍ക്കാരിനു കത്തെഴുതി. സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപ നല്‍കണം എന്നാവശ്യപ്പെട്ട് ജൂലൈയില്‍ പലവട്ടം മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പിനും കത്തയച്ചു. പക്ഷെ, വൈകിയാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്. ഓഗസ്റ്റ് അഞ്ചിനാണു സര്‍ക്കാര്‍ ഫണ്ട് റിലീസ് ചെയ്തത്. അന്ന് ശനിയാഴ്ചയായതിനാല്‍ ഏഴിനാണ് കത്ത് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഏഴിനുതന്നെ വൗച്ചര്‍ ട്രഷറിയിലേക്ക് അയച്ചു. പിറ്റേ ദിവസമാണ് ട്രഷറിയില്‍ നിന്ന് ടോക്കണ്‍ ലഭിച്ചത്. പക്ഷെ ഒമ്പതാം തീയതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെഡിക്കല്‍ കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുമൂലം ആശുപത്രിയുടെ താളം തെറ്റി.

ടെക്‌നിക്കല്‍ കമ്മിറ്റി അംഗമായതിനാല്‍ ലബോറട്ടറിയുമായി ബന്ധപ്പെട്ട് ഒമ്പതിന് ഋഷികേശ് വരെ പോകേണ്ടി വന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിക്കുന്ന പുഷ്പ സെയ്ല്‍സില്‍ നിന്നും പത്താം തീയതി ഫോണ്‍ വന്നു. ദ്രവീകൃത ഓക്‌സിജനുമായി അടുത്ത ട്രക്ക് ആശുപത്രിയില്‍ എത്തില്ലെന്നായിരുന്നു വിതരണക്കാര്‍ പറഞ്ഞത്. വിതരണം നിര്‍ത്തുമെന്നും മുന്നറിയിപ്പ് നല്‍കി. പത്താം തീയതിയാണ് ബാങ്ക് വഴി പുഷ്പ സെയ്ല്‍സിന്റെ അക്കൗണ്ടിലേക്ക് 52 ലക്ഷം രൂപ നിക്ഷേപിച്ചത്. ആശുപത്രിയുടെയും ഓക്‌സിജന്‍ വിതരണക്കാരുടെയും അക്കൗണ്ടുകള്‍ ഒരേ ബാങ്കില്‍ അല്ലാത്തതിനാല്‍ ഇടപാട് പൂര്‍ത്തിയാകാന്‍ വീണ്ടും ഒരു ദിവസം കൂടി വേണ്ടിവന്നു. എന്നാല്‍ ഓക്‌സിജന്‍ വിതരണം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പത്ത് ലക്ഷത്തിലധികം കുടിശിക പാടില്ലെന്ന് ഓക്‌സിജന്‍ കമ്പനിയുമായി കരാറുണ്ടായിരുന്നു''- മിശ്ര പറയുന്നു.

ഓക്‌സിജന്‍ സപ്ലേ ചെയ്യുന്നതിന്റെ കുടിശ്ശിക തീര്‍ക്കാതിരുന്നതാല്‍ സപ്ലേ ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ഓക്‌സിജന്‍ സപ്ലേ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്ന വിവരം ഞായാറാഴ്ച പുറത്തുവന്നിരുന്നു.  ഏഴു തവണയാണ് ആശുപത്രി പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയ്ക്ക്ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്.ഫെബ്രുവരി മുതല്‍ കുട്ടികളുടെ മരണം സംഭവിച്ച ആഗസ്റ്റ് മാസം വരെ ഏജന്‍സി തങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക തരണം എന്നാവശ്യപ്പെട്ട് ആശുപത്രി അധികാരിക്കള്‍ക്ക് കത്ത് നല്‍കിയിരുന്നുവെന്നാണ് ഏജന്‍സിയുടെ ഗോരഖ്പൂര്‍ മേഖലാ സെയില്‍സ് മാനേജര്‍ ദീപാങ്കര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഏജന്‍സി കത്തുകള്‍ നല്‍കിയ വിവരം പുറത്തുവന്നതോടെ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ടല്ല എനന ബിജെപി സര്‍ക്കാരിന്റെ വാദം പൊളിഞ്ഞിരുന്നു. 

2016 മുതല്‍ ഏജന്‍സിക്ക് ആശുപത്രി അധികൃതര്‍ പണം നല്‍കിയിരുന്നില്ല,മേയിലും ജൂണിലും ഒരു ചെറിയ ഭാഗം തുക നല്‍കുക മാത്രമാണ് ചെയ്തത് എന്നാണ് ഏജന്‍സി പറയുന്നത്.ഒമ്പത് മാസക്കാലം മാനുഷിക പരിഗണനയുടെ പേരില്‍ ഓക്‌സിജന്‍ സപ്ലേ നല്‍കി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഓക്‌സിജന്‍ തരുന്ന കമ്പനിക്ക് പണം നല്‍കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്, ആഗസ്റ്റ് നാല് വരെ ഞങ്ങള്‍ ഓക്‌സിജന്‍ നല്‍കിയിരുന്നുവെന്നും ദീപാങ്കര്‍ ശര്‍മ്മ പറഞ്ഞിരുന്നു. 

അതേസമയം ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളെ രക്ഷപ്പെടുത്താന്‍ തീവ്രമായി പരിശ്രമിച്ച സീനിയര്‍ ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാനെ സസ്‌പെന്‍ഡ് ചെയ്തത് വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com