ഗൊരഖ്പുര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു പോലും സൗകര്യമില്ല, തുണി ഉള്‍പ്പെടെ ബന്ധുക്കള്‍ വാങ്ങിനല്‍കണം

സ്വന്തം കയ്യില്‍നിന്ന് തുണിയും മറ്റ് സാധനങ്ങളും വാങ്ങിക്കൊടുത്താലേ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടക്കൂ
ഗൊരഖ്പുര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു പോലും സൗകര്യമില്ല, തുണി ഉള്‍പ്പെടെ ബന്ധുക്കള്‍ വാങ്ങിനല്‍കണം

ഗൊരഖ്പുര്‍: കുരുന്നുകളുടെ കൂട്ടമരണം നടന്ന ഗൊരഖ്പുര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെങ്കില്‍ പോലും മൃതദേഹം കൊണ്ടുവരുന്നവര്‍ കൈയില്‍നിന്ന് പണം മുടക്കണമെന്ന് ആക്ഷേപം. സ്വന്തം കയ്യില്‍നിന്ന് തുണിയും മറ്റ് സാധനങ്ങളും വാങ്ങിക്കൊടുത്താലേ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടക്കൂവെന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ പറയുന്നു.

രാജ്യത്തെയാകെ നടുക്കിയ ദുരന്തത്തിനു ശേഷവം ഗൊരഖ്പുര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ മാറ്റമില്ല. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവിടെ ആവശ്യത്തിന് മരുന്നോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വന്തം മരുമകന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കണമെങ്കില്‍ അഞ്ചു മീറ്റര്‍ തുണിയും മൂന്നു പ്ലാസ്റ്റിക്കും വാങ്ങിവരാന്‍ അധികൃതര്‍ അറിയിച്ചതായി ഹരീഷ് നിഷാദ് എന്നയാള്‍ പറഞ്ഞു. അഞ്ഞൂറു രൂപയാണ്ഇതിനു ചെലവായത്. മൃതദേഹം ഇവിടെ എത്തിക്കുന്നതിനും സംസ്‌കാരത്തിനും ചെലവായത് വേറെ. ഹരീഷ് നിഷാദ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിയില്‍ ആവശ്യത്തിന് മരുന്ന് എത്തിച്ചതായി അധികൃതര്‍ നല്‍കുന്ന ഉറപ്പിനു വിരുദ്ധമാണ് കാര്യങ്ങള്‍ എന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍. പാമ്പുകടിയേറ്റ് എത്തിച്ച കുട്ടിയുടെ ചികിത്സയ്ക്കായി മൂവായിരം രൂപയുടെ മരുന്നാണ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നതെന്ന് രോഗിയുടെ കൂട്ടിരിപ്പുകാരനെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നില്ലെന്നാണ് അറിയിച്ചത്. പല മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. എങ്ങനെയും മരുന്ന് എത്തിക്കുക എന്നു മാത്രമാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും കൂട്ടിരിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഓക്‌സിജന്‍ സപ്ലൈ നിലച്ചതുമൂലമാണ് ഗൊരഖ്പുര്‍ ആശുപത്രിയിലെ കുട്ടികളുടെ മരണംഖ്യ ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 75 കുട്ടികളാണ് ചുരുങ്ങിയ ദിവസത്തികം ഇവിടെ മരണത്തിനു കീഴടങ്ങിയത്. ജപ്പാന്‍ ജ്വരം ഉള്‍പ്പെടെയുള്ള രോഗത്തിനു ചികിത്സയിലായിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. എന്നാല്‍ ഓക്‌സിജന്‍ വിതരണത്തിലെ അപാകതയല്ല ദുരന്തകാരണമെന്നാണ് യുപി സര്‍ക്കാരിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com