ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ കേന്ദ്രം; സര്‍വകക്ഷിയോഗം വിളിക്കും

നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും ബന്ധപ്പെട്ട മറ്റുള്ളവരുമായി കൂടിയാലോചനകള്‍ നടത്തുമെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്
ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ കേന്ദ്രം; സര്‍വകക്ഷിയോഗം വിളിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ സര്‍വ കക്ഷിയോഗം വിളിക്കും.

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടികളെടുക്കുമെന്ന് 2014ലെ തെരഞ്ഞടുപ്പു പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയമ കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ശുപാര്‍ശകള്‍ നല്‍കാന്‍  നിയമ കമ്മിഷന്‍ മുത്തലാഖ് വിധിയിലെ സുപ്രിം കോടതിക്കു കാത്തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി വന്ന സാഹചര്യത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറും. അതിനു പിന്നാലെയാവും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുക.

മുത്തലാഖ് സംബന്ധിച്ച കേരള ഹൈക്കോടതി വിധിയുടെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമ കമ്മിഷന്‍ നേരത്തെ തന്നെ ഇതിന്റെ നിയമസസാധുത സംബന്ധിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. മുത്തലാഖുമായി ബന്ധപ്പെട്ട് വിവിധ ഇസ്ലാമിക രാജ്യങ്ങള്‍ പിന്തുടരുന്ന രീതികളും കമ്മിഷന്‍ പരിശോധനാ വിധേയമാക്കി. അന്തിമ റിപ്പോര്‍ട്ടിനായി സുപ്രിം കോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നവെന്ന് നിയമ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബിഎസ് ചൗഹാന്‍ പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് നല്‍കും മുമ്പ് ബന്ധപ്പെട്ട കക്ഷികളുമായി ഒരിക്കല്‍ക്കൂടി കൂടിയാലോചനകള്‍ നടത്തുമെന്നും ചൗഹാന്‍ അറിയിച്ചു.

നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും ബന്ധപ്പെട്ട മറ്റുള്ളവരുമായി കൂടിയാലോചനകള്‍ നടത്തുമെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മുത്തലാഖ് വിധിയുടെ തുടര്‍ച്ചയായി മുസ്ലിം വിവാഹ മോചനം സംബന്ധിച്ച് നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പകരം കോടതി വിധി കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനാണ് കേന്ദ്ര തീരുമാനം. എ്ന്നാല്‍ ലിംഗ സമത്വം ഉറപ്പുവരുത്തുന്നതിന് ഏക സിവില്‍ കോഡ് കൂടിയേ തീരൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ട് അതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കി നിര്‍ത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com