ശശികലയെ പുറത്താക്കി, ജയ ടിവി പിടിച്ചെടുക്കാന്‍ എടപ്പാടി; കൂടുതല്‍ എംഎല്‍എമാരെ റാഞ്ചി ദിനകരന്‍; തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകം മുറുകുന്നു

നാല്‍പ്പത് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ പളനിസാമി പനീര്‍ശെല്‍വം പക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 90 ലേക്ക് ചുരുങ്ങി
ശശികല (ഫയല്‍)
ശശികല (ഫയല്‍)

ചെന്നൈ: എഐഎഡിഎംകെയിലെ അധികാര വടംവലി രൂക്ഷമാക്കി വികെ ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച യോഗം തീരുമാനിച്ചു. ശശികലയുടെ ബന്ധുവും മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനെയും എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യും. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളും ജയ ടിവിയും പിടിച്ചെടുക്കാനും യോഗം തീരുമാനിച്ചു. അതിനിടെ എടപ്പാടി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൂടുതല്‍ എംഎല്‍എമാര്‍ ശശികല പക്ഷത്തേക്കു കൂറുമാറിയതായാണ് വാര്‍ത്തകള്‍. 40 എംഎല്‍എമാര്‍ എടപ്പാടിയുടെ യോഗത്തില്‍നിന്നു വിട്ടുനിന്നതായാണ് സൂചന.

നാല്‍പ്പത് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ പളനിസാമി പനീര്‍ശെല്‍വം പക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 90 ലേക്ക് ചുരുങ്ങി. വികെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ടിടിവി ദിനകരനെ അനുകൂലിക്കുന്നവര്‍ വിട്ടുനിന്നത്. നേരത്തെ 19 എംഎല്‍എമാര്‍ ദിനകരന് വേണ്ടി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 20ഓളം എംഎല്‍എമാര്‍ കൂടി ദിനകര പക്ഷത്താണെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്നുള്ള വിട്ടുനില്‍പ്.

എടപ്പാടി പളനിസ്വാമി പനീര്‍ശെല്‍വം ലയനത്തോടെ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ടിടിവി ദിനകരന്‍. പാര്‍ട്ടിയുടെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എടപ്പാടിയെ ടിടിവി ദിനകരന്‍ നീക്കം ചെയ്തിരുന്നു. മുന്‍ എംഎല്‍എ എസ്‌കെ ശെല്‍വത്തിനെയാണ് ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ശശികലയുടെ അറിവോട് കൂടിയാണ് ഇതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശെല്‍വവുമായി സഹകരിക്കണമെന്നും ദിനകരന്‍ അറിയിച്ചിട്ടുണ്ട്. 

ജയലളിതയുടെ മരണത്തോടെ 233 അംഗങ്ങളായി ചുരുങ്ങിയ തമിഴ്‌നാട് നിയമസഭയില്‍ 117 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. പനീര്‍ശെല്‍വം വിമതനായി നിന്ന സമയത്ത് 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസ വോട്ടെടുപ്പ് ജയിച്ചത്. 11 എംഎല്‍എമാരാണ് ഒപിഎസ് പക്ഷത്തുണ്ടായത്. ഒപിഎസ് ഇപിഎസ് ലയനത്തോടെ അണ്ണാഡിഎംകെ ശക്തമായപ്പോഴാണ് നാല്പതോളം എംഎല്‍എമാര്‍ ദിനകരനൊപ്പം കൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com