തെരുവില്‍ പശുക്കള്‍ നിറഞ്ഞു; ശല്യം ഏറിയപ്പോള്‍ ഗ്രാമവാസികള്‍ സ്‌കൂള്‍ ഗോശാലയാക്കി

സ്‌കൂളിലും വളപ്പിലും പശുക്കളും കാളകളും നിറഞ്ഞതോടെ അധ്യാപകര്‍ നിവൃത്തിയില്ലാതെ സ്‌കൂള്‍ അടച്ചുപൂട്ടി
തെരുവില്‍ പശുക്കള്‍ നിറഞ്ഞു; ശല്യം ഏറിയപ്പോള്‍ ഗ്രാമവാസികള്‍ സ്‌കൂള്‍ ഗോശാലയാക്കി

ലക്‌നൗ: കേന്ദ്രത്തിന്റെ പുതിയ കന്നുകാലി കൈമാറ്റ നിരോധന ഉത്തരവു മൂലം തെരുവില്‍ നിറഞ്ഞ പശുക്കളുടെ ശല്യം സഹിക്കാനാവാതെ ഗ്രാമവാസികള്‍ അവയെ സ്‌കൂളില്‍ കെട്ടിയിട്ടു. സ്‌കൂളിലും വളപ്പിലും പശുക്കളും കാളകളും നിറഞ്ഞതോടെ അധ്യാപകര്‍ നിവൃത്തിയില്ലാതെ സ്‌കൂള്‍ അടച്ചുപൂട്ടി. ഉത്തര്‍ പ്രദേശിലാണ് സംഭവം.

കന്നുകാലികളെ കശാപ്പിനായി നല്‍കുന്നതിനു നിയന്ത്രണം വന്നതോടെയാണ് ഗ്രാമത്തില്‍ ഇവയെക്കൊണ്ടുളള ശല്യം രൂക്ഷമായത്. പ്രായമായ പശുക്കളെയും കാളകളെയും ആളുകള്‍ തെരുവിലേക്ക് അഴിച്ചുവിടുകയാണെന്ന് സാകേത് ഗ്രാമവാസികള്‍ പറയുന്നു. അയല്‍ ഗ്രാമക്കാരും ഇത്തരത്തില്‍ ഇങ്ങോട്ടു വയസന്‍ കാളകളെയും പശുക്കളെയും തള്ളിവിടുന്നുണ്ട്. ഇവ വിള നശിപ്പിക്കുന്നതും മറ്റു ശല്യങ്ങളും പതിവായതോടെ ഗ്രാമക്കാര്‍ സംഘടിച്ച് ഇവയെ സ്‌കൂളില്‍ പൂട്ടിയിടുകയായിരുന്നു. സ്‌കൂള്‍ നിറയെ പശുക്കളും കാളകളുമായതോടെ വിദ്യാര്‍ഥികളെല്ലാം പുറത്തുചാടി. അധ്യാപകര്‍ സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് കാലികളെ പുറത്താക്കി. അധ്യയനം ആരംഭിച്ചതായും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.

കാലികളെ അഴിച്ചുവിട്ടതുകൊണ്ട് എന്തു പരിഹാരമാണ് ഉണ്ടാവുക എന്നാണ് ഗ്രാമവാസികള്‍ ചോദിക്കുന്നത്. അവ വീണ്ടും വിള നശിപ്പിക്കുകയും ശല്യമുണ്ടാക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ തങ്ങള്‍ക്കു മുന്നില്‍ വേറെ മാര്‍ഗമൊന്നുമില്ലെന്നാണ് ഗ്രാമവാസികളുടെ നിലപാട്.

കാലികളെ കശാപ്പിനായി വില്‍ക്കുന്നതിനു നിയന്ത്രണം വന്നതോടെ പ്രായമായവയെ പ്രയോജനമൊന്നുമില്ലാതെ പോറ്റേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇത് വലിയ ചെലവു വരുത്തിവയ്ക്കുന്നതിനാല്‍ പലരും ഇവയെ തെരുവുകളിലേക്ക് അഴിച്ചുവിടുകയാണ്. ഈ മാസം തുടക്കത്തില്‍ ഇസാനഗറിലെ പകാരിയ ഗ്രാമത്തിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com