ആകെ കിട്ടിയത് 584 കോടി രൂപ; 33000 കോടി രൂപ വഴിവിട്ട് നല്‍കിയെന്നത് രാഹുലിന്റെ കുപ്രചരണമെന്ന് ടാറ്റ

ഗുജറാത്തിലെ നാനോ പ്ലാന്റിന് ബിജെപി സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കി എന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ടാറ്റയുടെ മറുപടി
ആകെ കിട്ടിയത് 584 കോടി രൂപ; 33000 കോടി രൂപ വഴിവിട്ട് നല്‍കിയെന്നത് രാഹുലിന്റെ കുപ്രചരണമെന്ന് ടാറ്റ

അഹമ്മദാബാദ്:  ഗുജറാത്തിലെ നാനോ പ്ലാന്റിന് ബിജെപി സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കി എന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ടാറ്റയുടെ മറുപടി. ഗ്രാന്‍ഡായല്ല,വായ്പയായാണ് തുക അനുവദിച്ചത് എന്ന് ടാറ്റാ വാര്‍ത്താക്കുറിപ്പിലുടെ വ്യക്തമാക്കി.   ടാറ്റാ മോട്ടേഴ്‌സ് നല്‍കുന്ന നികുതി പണത്തില്‍ നിന്നുമാണ് വായ്പ തുക അനുവദിച്ചത് എന്നും ആരോപണങ്ങള്‍ നിഷേധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതോടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ , രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ആരോപണങ്ങള്‍ക്ക് എതിരെ ടാറ്റാ കമ്പനി തന്നെ രംഗത്തുവന്നിരിക്കുകയാണ്. എന്തു കൊണ്ടാണ് ടാറ്റാ  കമ്പനി ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വൈകുന്നു എന്ന നിലയില്‍ വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍  തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ടാറ്റാ കമ്പനി മറുപടിയുമായി രംഗത്തുവന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 

ഗുജറാത്തിലെ സന്നഡിലെ ടാറ്റയുടെ നാനോ കമ്പനിക്ക് 33000 കോടി രൂപയുടെ വഴിവിട്ട സഹായം സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നല്‍കിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായുളള ആരോപണം. ഇത് പലപ്പോഴും ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടാറ്റാ മോട്ടേഴ്‌സ് മറുപടിയുമായി രംഗത്തുവന്നത്. 584 കോടി രൂപയുടെ വായ്പ മാത്രമാണ് അനുവദിച്ചത് എന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ വളര്‍ച്ചാ സാധ്യതയും സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും മുന്‍നിര്‍ത്തി പ്രത്യേക പ്രോത്സാഹനം എന്ന നിലയിലാണ്  തുക അനുവദിച്ചത്.  സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കമ്പനിയുടെ വരവ് കളമൊരുക്കി. പ്രത്യക്ഷമായി പരോക്ഷമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവഴി സാധിച്ചതായും കമ്പനി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com