ദളിത് പൂജാരിമാര്‍; കേരളത്തിന്റെ പാത പിന്തുടരാന്‍ കര്‍ണാടകം 

മുസ്രൈ വകുപ്പ് നടത്തുന്ന അഗമ ശാലകളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആദ്യ ബാച്ച് പരിശീലനം ആരംഭിച്ചു. കോഴ്‌സ് പാസായതിനു ശേഷം ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ഇവര്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ദളിത് പൂജാരിമാര്‍; കേരളത്തിന്റെ പാത പിന്തുടരാന്‍ കര്‍ണാടകം 

കേരളത്തെ മാതൃകയാക്കി ക്ഷേത്രത്തില്‍ ദളിത് പൂജാരിമാരെ നിയമിക്കാന്‍ കര്‍ണാടകവും. മുസ്രൈ വകുപ്പ് നടത്തുന്ന അഗമ ശാലകളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആദ്യ ബാച്ച് പരിശീലനം ആരംഭിച്ചു. കോഴ്‌സ് പാസായതിനു ശേഷം ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ഇവര്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്ന 38 അഗമശാലകളില്‍ അഞ്ച് വര്‍ഷത്തെ അഗമ ശാസ്ത്ര കോഴ്‌സിന് 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍ പ്രവര, പ്രവീണ, വിദ്വത് എന്നീ ഭാഗങ്ങള്‍ കോഴ്‌സിന്റെ ഭാഗമായി പൂര്‍ത്തിയാക്കണം.

ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ട് കുറച്ചു കാലമായെങ്കിലും ആദ്യവര്‍ഷങ്ങളില്‍ ഈ വിഭാഗത്തില്‍ നിന്ന് അപേക്ഷകര്‍ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷമെല്ലാം ബ്രാഹ്മണസമുദായത്തില്‍ നിന്നും മറ്റു സമുദായങ്ങളില്‍ നിന്നുമുള്ള അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. മടികൊണ്ടോ സാമൂഹ്യസമ്മര്‍ദ്ദം കൊണ്ടോ ഒക്കെയായിരിക്കാം. എന്നാല്‍ ഇപ്പോള്‍ ഈ വിഭാഗത്തില്‍ നിന്നും കുറച്ചു വിദ്യാര്‍ത്ഥികളുണ്ടെന്ന് മുസ്രൈ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളെയും ക്ഷേത്രപൂജകള്‍ ചെയ്യുന്നതിനായി സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

സമീപകാലത്ത് ഉടുപ്പിയില്‍ നടന്ന ധര്‍മ സന്‍സദില്‍ പല സന്യാസിമാരും ദളിത് വിഭാഗക്കാരെ ക്ഷേത്രങ്ങളിലേയ്ക്ക് സ്വാഗതം ചെയ്തതായി മുസ്രൈ വകുപ്പ് മന്ത്രി രുദ്രപ്പ ലാമണി പറഞ്ഞു. ഇക്കാലമെല്ലാം ദളിതുകളോടു തൊട്ടുകൂടായ്മ നിലനിന്നിരുന്നു. എന്നാല്‍ മതനേതാക്കള്‍ ഇക്കാര്യത്തില്‍ ഒരു ചുവടു മുന്നോട്ടു വയ്ക്കുമ്പോള്‍ ഒരു മതേതരസര്‍ക്കാരായ നമ്മള്‍ രണ്ടു ചുവടുകൂടി മുന്നോട്ടു വയ്ക്കണം. ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നവരെ ഏതെങ്കിലും ജാതിയില്‍പ്പെട്ടവരായല്ല, അഗമശാസ്ത്ര പണ്ഡിതരായാണ് കണക്കാക്കുക, രുദ്രപ്പ ലാമണി കൂട്ടിച്ചേര്‍ത്തു.

34,000 ക്ഷേത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മുസ്രൈ വകുപ്പില്‍ 1.2 ലക്ഷം പൂജാരിമാരാണുള്ളത്. മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിഭിന്നമായി മുസ്രൈ വകുപ്പില്‍ നിയമനങ്ങള്‍ക്കായി വിജ്ഞാപനം ഇറക്കാറില്ല. ഒരു പൂജാരി മരിക്കുമ്പോഴോ പ്രായമേറി ജോലിചെയ്യാന്‍ വയ്യാതാകുമ്പോഴോ മാത്രമാണ് ഒഴിവുകള്‍ ഉണ്ടാകുന്നത്. എസ്‌സി/എസ്ടി/ഒബിസി വകുപ്പുകളില്‍ നിന്ന് അപേക്ഷകര്‍ ഇല്ലായിരുന്നതിനാല്‍ റിസര്‍വേഷനും ഇല്ലായിരുന്നു. ചില ക്ഷേത്രങ്ങളില്‍ പുരോഹിതരുടെ ജോലി ചില കുടുംബങ്ങളാണ് ചെയ്യുന്നത്. എന്നാല്‍ പുതുതലമുറയില്‍ ആ ജോലിയോടു താത്പര്യക്കുറവുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇതും ഒഴിവുകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. പൂജാരിയാകാന്‍ വേണ്ട കുറഞ്ഞ യോഗ്യത അഗമ ശാസ്ത്ര കോഴ്‌സ് മാത്രമാണ്. ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

മുസ്രൈ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് നിശ്ചിത ശമ്പളമില്ല, ഭക്തരുടെ സംഭാവനയുടെ ഒരു ഭാഗമാണ് ശമ്പളമായി ലഭിക്കുക. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം പോലെയുള്ള വലിയ ക്ഷേത്രങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്കായി ഈടാക്കുന്ന തുകയില്‍ നിന്ന് ഒരു നിശ്ചിത തുക പൂജാരികള്‍ക്കും നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com