ബിജെപി തെരഞ്ഞെടുപ്പ് റാലിക്കിടെ സൈനികന്റെ മകളെ വലിച്ചിഴച്ച് ഗുജറാത്ത് പൊലീസ്; സംഭവം കണ്ടിട്ടും പ്രസംഗം തുടര്‍ന്ന് മുഖ്യമന്ത്രി

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ അശോക് തദ്വിയുടെ മകള്‍ രൂപല്‍ തദ്വിയെയാണ് പൊലീസ് വലിച്ചിഴച്ചത്
ബിജെപി തെരഞ്ഞെടുപ്പ് റാലിക്കിടെ സൈനികന്റെ മകളെ വലിച്ചിഴച്ച് ഗുജറാത്ത് പൊലീസ്; സംഭവം കണ്ടിട്ടും പ്രസംഗം തുടര്‍ന്ന് മുഖ്യമന്ത്രി

വഡോദര: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണാന്‍ എത്തിയ സൈനികന്റെ മകളെ വലിച്ചിഴച്ച് പൊലീസ്. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ അശോക് തദ്വിയുടെ മകള്‍ രൂപല്‍ തദ്വിയെയാണ് പൊലീസ് വലിച്ചിഴച്ചത്. വഡോദരയിലെ കെവാഡിയ കോളനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രൂപാണി പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. വേദിക്ക് അരികില്‍ നിന്ന് യുവതിയെ വലിച്ചിഴച്ച് നീക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. 

സുരക്ഷാ വലയം ഭേദിച്ചാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയുടെ അടുത്തേക്ക് എത്തിയ 26 കാരിയെ പാതിവഴിയില്‍ വനിത പൊലീസ് തടയുകയായിരുന്നു. വേദിക്ക് പുറത്തെ ബഹളം വകവെക്കാതെ പ്രസംഗം തുടരുന്ന രൂപാണിയേയും വീഡിയോയില്‍ കാണാം. ബിഎസ്എഫിലായിരുന്ന അശോക് ഡ്യൂട്ടിക്കിടെയാണ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് കുടുംബത്തിന് ഭൂമി നല്‍കുമെന്ന് ഗവണ്‍മെന്റ് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് നല്‍കിയില്ലെന്നും രൂപല്‍ ആരോപിച്ചു. രൂപാണി റാലിയെ അഭിസംഭോധന ചെയ്യുന്നതിനിടയില്‍ കാണികളുടെ ഇടയില്‍ ഇരിക്കുകയായിരുന്ന രൂപല്‍ എനിക്ക് അദ്ദേഹത്തെ കാണണം എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് വേദിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. 

എന്നാല്‍ മുഖ്യമന്ത്രിക്ക് അടുത്തേക്ക് യുവതി എത്തുന്നതിന് മുന്‍പ് വനിത പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയെ കാണാതെ പോവില്ല എന്ന് നിലപാടെടുത്തതോടെ യുവതിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇത് കണ്ട മുഖ്യമന്ത്രി പരിപാടിക്കും ശേഷം കാണാമെന്ന് സ്റ്റേജില്‍ നിന്ന് വിളിച്ചു പറഞ്ഞു. റാലിക്ക് ശേഷം യുവതിയെ രൂപാണി കണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇതിനെ പ്രധാന പ്രചരണ ആയുധമാക്കി എടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com