ലോക സുന്ദരിയുടെ 'ശക്തി'ക്ക് പിന്തുണയുമായി ഹരിയാന; സ്‌കൂളുകളില്‍ സൗജന്യമായി സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കും

സിനിമ ഇപ്പോള്‍ തന്റെ മനസില്‍ ഇല്ലെന്നും ആര്‍ത്തവ സമയത്തെ ശുചിത്വത്തെക്കുറിച്ച് ലോകമെങ്ങും ബോധവല്‍ക്കരണം നടത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മാനുഷി പറഞ്ഞുകഴിഞ്ഞു
ലോക സുന്ദരിയുടെ 'ശക്തി'ക്ക് പിന്തുണയുമായി ഹരിയാന; സ്‌കൂളുകളില്‍ സൗജന്യമായി സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കും

ന്യൂഡല്‍ഹി; സൗന്ദര്യം കൊണ്ട് മാത്രമല്ല ചിന്തയും പ്രവര്‍ത്തനങ്ങളും കൊണ്ട് ഇന്ത്യയുടെ മനസ് കീഴടക്കിക്കൊണ്ടിരിക്കുകയാണ് ലോകസുന്ദരി മാനുഷി ഛില്ലര്‍. സിനിമ ഇപ്പോള്‍ തന്റെ മനസില്‍ ഇല്ലെന്നും ആര്‍ത്തവ സമയത്തെ ശുചിത്വത്തെക്കുറിച്ച് ലോകമെങ്ങും ബോധവല്‍ക്കരണം നടത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മാനുഷി പറഞ്ഞുകഴിഞ്ഞു. എന്തായാലും ഇന്ത്യയുടെ അഭിമാനത്തിന്റെ ദൗത്യത്തിനൊപ്പം നില്‍ക്കാനാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. 

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൗജന്യ സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഇതിനായി 18 കോടി രൂപ മാറ്റിവെക്കുമെന്നും അദ്ദേഹം. ഇന്റര്‍നാഷണല്‍ ഗീത മഹോത്സവ് പ്രോഗ്രാമിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഹരിയാനയില്‍ നിന്നുള്ള മാനുഷി ഛില്ലര്‍ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി ആവിഷ്‌കരിച്ച ശക്തി എന്ന പദ്ധതിയും പരിപാടിയില്‍ അവതരിപ്പിച്ചു. മാനുഷിയുടെ പദ്ധതിയ്ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് സൗജന്യ നാപ്കിന്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതെന്നും ഖട്ടര്‍ വ്യക്തമാക്കി. 

കുട്ടികള്‍ക്കിടയില്‍ അനീമിയ വരുന്നത് തുടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും ആ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി മാനുഷിയെ തെരഞ്ഞെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ പദ്ധതികളെ പ്രകീര്‍ത്തിച്ച് മാനുഷി ഛില്ലര്‍ രംഗത്തെത്തി. സ്‌കൂളുകളില്‍ സൗജന്യമായി നാപ്കിന്‍ വിതരണം ചെയ്യാനുള്ള തീരുമാനം ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സഹായിക്കുമെന്ന് മാനുഷി പറഞ്ഞു. 

20 കാരിയായ ലോകസുന്ദരി മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ള സ്ത്രീകളേയും പുരുഷന്‍മാരേയും ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് പ്രൊജക്റ്റ് ശക്തിയിലൂടെ ലക്ഷ്യമിടുന്നത്. ബോധവല്‍ക്കരണം നടത്തുക എന്നതിന് അപ്പുറമായി മാനുഷി കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 20 ഗ്രാമങ്ങള്‍ മാനുഷി പൂര്‍ത്തിയാക്കികഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com