കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി :  കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 10.30 ന് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുമ്പാകെയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. രാഹുലിനായി 93 പത്രികകളാണ് സമര്‍പ്പിക്കുന്നത്. 

പത്രിക സമര്‍പ്പണത്തിന് മുമ്പായി രാഹുല്‍ഗാന്ധി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് അതോറിറ്റി ആസ്ഥാനമായ 24 അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്താനത്തെത്തി പത്രിക സമര്‍പ്പിച്ചത്. 

രാഹുല്‍ഗാന്ധിക്കു വേണ്ടി മുതിര്‍ന്ന നേതാക്കളുടെ വകയായും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി പത്രികകള്‍ സമര്‍പ്പിക്കും. കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഒപ്പിട്ട മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിക്കുന്നത്. ഇതിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ എന്നിവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. അതേസമയം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ഡല്‍ഹിയിലെത്തില്ല. 

ഇന്ന് വൈകീട്ട് മൂന്നു മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം. നാളെ രാവിലെ 11 നാണ് സൂക്ഷ്മപരിശോധന. ഈ മാസം പതിനൊന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. രാഹുല്‍ഗാന്ധി മാത്രമാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അന്നുതന്നെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. എഐസിസി സമ്മേളനത്തിലായിരിക്കും രാഹുല്‍ഗാന്ധി ഔപചാരികമായി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com