കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാഹുല്‍ഗാന്ധിക്കു വേണ്ടി കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഒപ്പിട്ട മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിക്കുന്നത്
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റത്തിന് ഇനി ഏതാനും ദിവസങ്ങളുടെ അകലം മാത്രം. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30 ന് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുമ്പാകെയാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തുടങ്ങിയവര്‍ പത്രിക സമര്‍പ്പണ വേളയില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലായതിനാല്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണി എത്തില്ല. 

രാഹുല്‍ഗാന്ധിക്കു വേണ്ടി മുതിര്‍ന്ന നേതാക്കളുടെ വകയായും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 90 സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചേക്കും. കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഒപ്പിട്ട മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിക്കുന്നത്. ഇതിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി. അതേസമയം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ഇന്ന് ഡല്‍ഹിയിലെത്തില്ല. രാഹുലിനെ നിര്‍ദേശിച്ചുകൊണ്ടുള്ള എല്ലാ പത്രികയിലും അദ്ദേഹം ഒപ്പുവെക്കേണ്ടതുണ്ട്. 

ഇതിനകം 90 നാമനിര്‍ദേശ പത്രികകള്‍ വിതരണം ചെയ്തതായി മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയ്ക്ക് എതിരുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിസിസി സെക്രട്ടറി ഷെഹ്‌സാദ് പൂനെവാലെ രാഹുലിനെതിരെ മല്‍സരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല. 

ഇന്ന് വൈകീട്ട് മൂന്നു മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം. നാളെ രാവിലെ 11 നാണ് സൂക്ഷ്മപരിശോധന. ഈ മാസം പതിനൊന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. രാഹുല്‍ഗാന്ധി മാത്രമാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അന്നുതന്നെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. എഐസിസി സമ്മേളനത്തിലായിരിക്കും രാഹുല്‍ഗാന്ധി ഔപചാരികമായി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com