ഗാന്ധി തെരഞ്ഞെടുപ്പ് മുഗള്‍ പാരമ്പര്യം പോലെയെന്ന് മണിശങ്കര്‍ അയ്യര്‍; ഔറംഗസേബ് രാജ് എന്ന് മോദിയുടെ മറുപടി

ഗാന്ധി തെരഞ്ഞെടുപ്പ് മുഗള്‍ പാരമ്പര്യം പോലെയെന്ന് മണിശങ്കര്‍ അയ്യര്‍; ഔറംഗസേബ് രാജ് എന്ന് മോദിയുടെ മറുപടി

ഔറംഗസേബ് രാജാണ് പിന്തുടരുന്നത് വ്യക്തമാക്കിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച മോദി ,തങ്ങള്‍ 125 കോടി ജനങ്ങളെയാണ് ഹൈക്കമാന്‍ഡ് ആയി കാണുന്നതെന്നും അവകാശപ്പെട്ടു 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി അവരോധിക്കുന്നതിനുളള നടപടിക്രമങ്ങളെ മുഗള്‍ രാജവംശത്തോട് ഉപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. മുഗള്‍ വംശത്തില്‍ തലമുറമാറ്റം സ്വാഭാവികമായ നടപടിയായിരുന്നുവെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മുഗല്‍ വംശത്തില്‍ എതിര്‍പ്പുകള്‍ ഇല്ലാതെ പിന്‍ഗാമിയെ ചക്രവര്‍ത്തിയായി കിരീടധാരണം നടത്തുന്നതായിരുന്നു പതിവ്. ഷാജഹാന്‍ ഔറംഗസേബ്, തുടങ്ങിയ ചക്രവര്‍ത്തിമാരുടെ പേരുകള്‍ എടുത്തുപറഞ്ഞായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നത്. ഔറംഗസേബ് രാജിന്റെ ദുര്‍ഭരണം ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. 


ഷാജഹാന് പിന്നാലെ  ഔറംഗസേബ് മുഗള്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റത് തെരഞ്ഞെടുപ്പ് നടന്നിട്ടാണോ എന്ന നിലയില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മണി ശങ്കര്‍ അയ്യര്‍ രാഹുലിന്റെ കടന്നുവരവിനെ വിശദീകരിച്ചത്.  സമാനമായ നിലയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പിലാതെ സ്വാഭാവികമായി കടന്നുവരുമെന്ന് മണിശങ്കര്‍ അയ്യര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഇതിന് പിന്നാലെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മണി ശങ്കര്‍ അയ്യര്‍ക്ക് മോദി മറുപടി നല്‍കിയത്. ഗാന്ധി കുടുംബത്തോടുളള കൂറ് പ്രകടിപ്പിക്കുന്നതില്‍ ഒരിക്കലും വൈമനസ്യം കാണിക്കാതിരുന്ന മണിശങ്കര്‍ അയ്യര്‍ അഭിമാനത്തോടെയാണ് മുഗള്‍ രാജവംശവുമായി ഉപമിച്ച് രാഹുല്‍ ഗാന്ധിയുടെ സ്വാഭാവികമായ സ്ഥാനാരോഹണത്തെ വിവരിച്ചത്. ഔറംഗസേബ് രാജാണ് പിന്തുടരുന്നത് എന്ന് ഇതിലുടെ വ്യക്തമാക്കിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച മോദി ,തങ്ങള്‍ 125 കോടി ജനങ്ങളെയാണ് ഹൈക്കമാന്‍ഡ് ആയി കാണുന്നതെന്നും അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com