യോഗി ആദിത്യനാഥിനെ വരണമാല്യം ചാര്‍ത്തി അംഗന്‍വാടി ജീവനക്കാരിയുടെ പ്രതിഷേധം 

സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് അംഗന്‍വാടി ജീവനക്കാര്‍ ഇത്തരത്തിലുളള സമരരീതിയ്ക്ക് തയ്യാറായത്
യോഗി ആദിത്യനാഥിനെ വരണമാല്യം ചാര്‍ത്തി അംഗന്‍വാടി ജീവനക്കാരിയുടെ പ്രതിഷേധം 

ലക്‌നൗ:  സര്‍ക്കാരില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ വ്യത്യസ്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് പതിവാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അംഗന്‍വാടി ജീവനക്കാര്‍ ചെയ്തത് ഇത്തിരി കടന്നുപോയി എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ നേടാന്‍ സാക്ഷാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി വിവാഹം ചെയ്തു ഒരു അംഗന്‍വാടി ജീവനക്കാരി. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് അംഗന്‍വാടി ജീവനക്കാര്‍ ഇത്തരത്തിലുളള സമരരീതിയ്ക്ക് തയ്യാറായത്.  

ഉത്തര്‍പ്രദേശ് സീതാപൂരിലെ അംഗന്‍വാടി കര്‍മചാരി സംഗ് ജില്ലാ പ്രസിഡന്റ് നീതു സിംഗ് ആണ് പ്രതീകാത്മകമായി യോഗി ആദിത്യനാഥിന്റെ കഴുത്തില്‍ വരണമാല്യം അണിഞ്ഞത്. യോഗി ആദിത്യനാഥിന്റെ ചിത്രമാണ് വരന്റെ സ്ഥാനത്ത് നിര്‍ത്തിയത്. ഇതിലുടെ നാലുലക്ഷം അംഗന്‍വാടി സഹോദരിമാര്‍ക്ക് പ്രയോജനം കിട്ടുമെന്ന് നീതു സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു. വെളളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സീതാപൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലായെങ്കില്‍, യോഗി ആദിത്യനാഥിനെ കാണാന്‍ താന്‍ കുതിരപുറത്ത് പോകുമെന്നും അവര്‍ വെല്ലുവിളിച്ചു. 

പ്രശ്‌നങ്ങള്‍  ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അംഗന്‍ വാടി ജീവനക്കാര്‍ സര്‍ക്കാരിന് നാലുമാസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ചെയ്യാനുളളതെല്ലാം  പരമാവധി നിര്‍വഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ തളളിയതായി അംഗന്‍ വാടി ജീവനക്കാര്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്ത സമരമാര്‍ഗം അവലംബിക്കാന്‍ ഇവര്‍ തയ്യാറായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com