കുരങ്ങനെന്നും കാലനെന്നും വട്ടനെന്നും കോണ്‍ഗ്രസുകാര്‍ മോദിയെ വിളിച്ചിരുന്നെന്ന് അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2017 09:23 PM  |  

Last Updated: 07th December 2017 09:23 PM  |   A+A-   |  

 


അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചിരിക്കെ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് അമിത് ഷാ രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറയുന്നത് ഇതാദ്യമല്ല. നേരത്തെ കാലനെന്നും കുരങ്ങനെന്നും വൈറസെന്നും രാവണനെന്നും വട്ടനെന്നും വിളിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് മാറിയിട്ടില്ലെന്നാണ് മണിശങ്കര്‍ അയ്യറുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസുകാരുടെ മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. 125 കോടി ജനങ്ങളെ സേവിച്ചു കൊണ്ട് ബിജെപി മുന്നോട്ട് പോകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 

നരേന്ദ്രമോദി കീഴാളനും അപരിഷ്‌കൃതനുമാണെന്ന അര്‍ത്ഥത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശം. പരാമര്‍ശത്തിന് പിന്നാലെ അയ്യര്‍ മാപ്പു പറയണമെന്നും അയ്യരുടെ ഭാഷയോ ശൈലിയോ അംഗീകരിക്കുന്നില്ലെന്നും അയ്യര്‍ മാപ്പു പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ അയ്യര്‍ മാപ്പുപറഞ്ഞെങ്കിലും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു