പകല്‍ വിശുദ്ധമാണ് ; കോണ്ടം പരസ്യം രാത്രിയില്‍ മതിയെന്ന് അഡ്‌വര്‍ടൈസിങ് കൗണ്‍സില്‍ 

കുടുംബവുമായി ടിവിയ്ക്ക് മുന്‍പില്‍ സമയം ചെലവഴിക്കുന്ന സമയത്ത് ഇത്തരം പരസ്യങ്ങള്‍ വരുന്നത് കുടുംബബന്ധങ്ങളുടെ മഹത്വത്തിന് കോട്ടം വരുത്തുന്നതായി കാണിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കി
പകല്‍ വിശുദ്ധമാണ് ; കോണ്ടം പരസ്യം രാത്രിയില്‍ മതിയെന്ന് അഡ്‌വര്‍ടൈസിങ് കൗണ്‍സില്‍ 

ഡല്‍ഹി:   ദ്യശ്യമാധ്യമങ്ങളില്‍ കോണ്ടത്തിന്റെ പരസ്യം നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നതിന്റെ സാധ്യത തേടി അഡ്‌വര്‍ടൈസിങ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. രാജ്യത്തെ പരസ്യരംഗത്തെ നിയന്ത്രിക്കുന്ന സന്നദ്ധത സംഘടനയായ എഎസ്‌സിഐ ഗര്‍ഭനിരോധന ഉറകളുടെ പരസ്യചിത്രം രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ മാത്രമായി സംപ്രേക്ഷണം ചെയ്യുന്നതിന്റെ സാധ്യത തേടിയാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. കുടുംബവുമായി ടിവിയ്ക്ക് മുന്‍പില്‍ സമയം ചെലവഴിക്കുന്ന സമയത്ത് ഇത്തരം പരസ്യങ്ങള്‍ വരുന്നത് കുടുംബബന്ധങ്ങളുടെ മഹത്വത്തിന് കോട്ടം വരുത്തുന്നതായി കാണിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയതായി എഎസ്‌സിഐ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് മാത്രമായി ഇത്തരം പരസ്യങ്ങളുടെ സമയം ക്രമീകരിക്കണമെന്നും വിവിധ പരാതികളില്‍ പറയുന്നു. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘടന കേന്ദ്രത്തെ സമീപിച്ചത്. 

പ്രമുഖ ബോളിവുഡ് നടിയായ സണി ലിയോണി അഭിനയിച്ച കോണ്ടത്തിന്റെ പരസ്യചിത്രം ഉള്‍പ്പെടെയുളളവ ഉദാഹരണങ്ങളായി ചൂണ്ടികാണിച്ചാണ് പരാതികള്‍ ഏറെയും ലഭിച്ചിരിക്കുന്നത്. പക്ഷിമൃഗാദികളെ സംബന്ധിച്ച് സംശയങ്ങള്‍ ചോദിയ്‌ക്കേണ്ട ഇളംപ്രായത്തില്‍ കുട്ടികള്‍ 60 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന പരസ്യചിത്രം കാണുന്നത് അവരുടെ മാനസിക വളര്‍ച്ചയെ ബാധിയ്ക്കുമെന്ന് സണിലിയോണിയുടെ പരസ്യചിത്രത്തെ അടിസ്ഥാനമാക്കി പരാതിയില്‍ പറയുന്നു. നേരത്തെയും ഇത്തരം ആശങ്കകള്‍ പങ്കുവെച്ച് സംഘപരിവാര്‍ സംഘടനകളും സണിലിയോണിയുടെ പരസ്യത്തിന് എതിരെ രംഗത്തുവന്നിരുന്നു. 

എയ്ഡ്‌സ് തടയുന്നതിനുളള സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ കോണ്ടം ഉപയോഗിക്കാനുളള ഉപദേശം ഇന്ന് സര്‍വസാധാരണമാണ്. ഇത്തരം ഉപദേശങ്ങള്‍ക്ക് ബദലായി വിശ്വാസൃതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് കേന്ദ്രആരോഗ്യവകുപ്പ് മന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ അഭിപ്രായപ്പെട്ടു. എയ്ഡ്‌സ് തടയുന്നതിനുളള പ്രചാരണങ്ങളില്‍ എല്ലാം കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് കോണ്ടം ഉപയോഗിക്കാനാണ്. ഇത് വഴിവിട്ട ലൈംഗികബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയില്‍ തെറ്റായ സന്ദേശം നല്‍കുന്നതായും ഹര്‍ഷ വര്‍ധന്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com