പരസ്ത്രീ ഗമനത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതെന്ത് ?  ഇന്ത്യന്‍ ശിക്ഷാനിയമം സുപ്രീംകോടതി പരിശോധിക്കുന്നു

പുരുഷനോടൊപ്പം കുറ്റം ചെയ്യുന്നുണ്ടെങ്കിലും, സ്ത്രീയെ സംരക്ഷിക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു
പരസ്ത്രീ ഗമനത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതെന്ത് ?  ഇന്ത്യന്‍ ശിക്ഷാനിയമം സുപ്രീംകോടതി പരിശോധിക്കുന്നു

ന്യൂഡല്‍ഹി : വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പുകള്‍ സുപ്രീംകോടതി പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു. പരസ്ത്രീഗമനം നടത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ആം വകുപ്പും, ക്രിമിനല്‍ നടപടി ചട്ടത്തിലെ 198(2) വകുപ്പും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയത്. നാല് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 

പുരുഷനോടൊപ്പം കുറ്റം ചെയ്യുന്നുണ്ടെങ്കിലും, സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈനാണ് അഡ്വ കാളിശ്വരം രാജ് മുഖേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജോലി, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആനുകൂല്യമോ, ഇളവോ നല്‍കുന്നതുപോലെ, കുറ്റകൃത്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഇളവ് നല്‍കുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

നിലവില്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയെ ശിക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അതേസമയം സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ വകുപ്പുള്ളൂ. കുറ്റം ചെയ്തയാള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാല്‍ പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്കും പരാതി നല്‍കാനാകില്ല. ഫലത്തില്‍ പരപുരുഷ ബന്ധത്തിലേര്‍പ്പെട്ടാലും സ്ത്രീയ്ക്ക് സംരക്ഷണം നല്‍കുന്നതാണ് നിയമം. സ്ത്രീയെ ഇരയായി മാത്രം കാണുന്നതിനാലാണിത്. 

സ്ത്രീക്ക് സംരക്ഷണം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ആം വകുപ്പ് ചോദ്യം ചെയ്ത് നാലു തവണ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. 1985 ല്‍ ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, സ്ത്രീയല്ല പുരുഷനാണ് പ്രലോഭിപ്പിക്കുന്നത് എന്നുചൂണ്ടിക്കാട്ടി നിയമം ശരിവെക്കുകയായിരുന്നു. ഇപ്പോള്‍ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അച്ഛന്‍ വൈ വി ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചാണ് 497 ആം വകുപ്പ് ശരിവെച്ചത്. 

എന്നാല്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം, അവരുടെ ലിംഗസമത്വത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാകുമോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. സമൂഹം പുരോഗമിക്കുന്നതിന് അനുസരിച്ച് നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും, 497 ആം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പരസ്ത്രീഗമനക്കേസുകളില്‍ സ്ത്രീക്കുമാത്രം സംരക്ഷണം നല്‍കുന്നത് ശരിയല്ലെന്നും, ശിക്ഷാനിയമത്തിലെ 497 ആം വകുപ്പ് പക്ഷപാതപരമാണെന്നും 1971 ല്‍ ലോ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.  
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com